ജലമൊഴുകുന്ന ഗാനമോ,
അതു നിത്യമായതൊന്ന്.
അത് പാടങ്ങളെ
വിളയിക്കുന്ന ജീവരസം,
പ്രകൃതിയുടെ വഴികളിലൂടലയാൻ
ആത്മാക്കളെ അഴിച്ചുവിട്ട
കവികളുടെ ജീവരക്തം.
ശിലാതലങ്ങളിൽ നിന്നു സ്രവിക്കുമ്പോൾ
അതാലപിക്കുന്ന ഗാനങ്ങൾ!
മനുഷ്യർക്കു സ്വയം സമർപ്പിക്കുമ്പോൾ
അതിന്റെ മധുരതാളങ്ങൾ!
പ്രഭാതം ദീപ്തം,
അടുപ്പുകളിൽ നിന്നു പുക പൊന്തുന്നു,
മൂടല്മഞ്ഞിനെയതു കൈയിലെടുത്തുയർത്തുന്നു.
പോപ്ലാർമരങ്ങൾക്കടിയിൽ
ജലത്തിന്റെ കഥകൾക്കു കാതു കൊടുക്കൂ:
പുല്ലുകൾക്കിടയിൽ മറഞ്ഞ
ചിറകില്ലാത്ത പറവകളാണവ.
പാടുന്ന മരങ്ങൾ
വാടിയുണങ്ങിവീഴുന്നു,
പ്രശാന്തമായ പർവ്വതങ്ങൾ
സമതലത്തിന്റെ വാർദ്ധക്യത്തിലേക്കെത്തുന്നു;
എന്നാൽ ജലമൊഴുകുന്ന ഗാനമോ,
അതു നിത്യമായതൊന്ന്.
കാല്പനികവ്യാമോഹങ്ങളുടെ ഗാനമായി
മാറിയ വെളിച്ചമത്.
മൃദുലമെങ്കിലും പ്രബലമത്,
സൗമ്യവും നിറയെ ആകാശവും.
നിത്യമായ പ്രഭാതത്തിന്റെ അരുണവർണ്ണവും
മൂടല്മഞ്ഞുമത്.
മൂടിപ്പോയ നക്ഷത്രങ്ങൾ
നിലാവിന്റെ തേനൊഴുക്കുന്നതത്.
എന്താണ് ജ്ഞാനസ്നാനം,
ദൈവം ജലമായി
തന്റെ രക്തത്തിന്റെ കൃപയാൽ
നമ്മുടെ നെറ്റിത്തടങ്ങളെ
അഭിഷിക്തമാക്കുന്നതല്ലാതെ?
വെറുതേയല്ല,
യേശു ജലത്തിൽ സ്നാനമേറ്റത്.
വെറുതേയല്ല,
നക്ഷത്രങ്ങൾ തിരകളിൽ വിശ്വാസമർപ്പിക്കുന്നത്.
വെറുതേയല്ല,
വീനസ്ദേവി അതിന്റെ മാറിൽ പിറന്നതും:
വെള്ളം കുടിക്കുമ്പോൾ നാം കുടിക്കുന്നത്
സ്നേഹത്തിന്റെ സ്നേഹം.
ഒഴുകുന്ന സ്നേഹമത്,
സൗമ്യവും ദിവ്യവും;
ലോകത്തിന്റെ ജീവനത്,
അതിന്റെ ആത്മാവിന്റെ കഥയും.
അതിനെ ചുംബിച്ചാണു നാം
ദാഹം ശമിപ്പിക്കുന്നതെന്നതിനാൽ
മനുഷ്യന്റെ ചുണ്ടുകളുടെ രഹസ്യങ്ങളുണ്ടതിൽ.
ചുംബനങ്ങളുടെ പെട്ടകമത്,
അടഞ്ഞുപോയ ചുണ്ടുകളുടേത്;
നിത്യബന്ധിതയാണെന്നതിനാൽ
ഹൃദയത്തിനുടപ്പിറന്നവൾ.
ക്രിസ്തു പറയേണ്ടിയിരുന്നതിങ്ങനെ:
“ജലത്തിനോടു കുമ്പസാരിക്കുക,
നിങ്ങളുടെ യാതനകളെല്ലാം,
നിങ്ങളുടെ നാണക്കേടുകളെല്ലാം.
നമ്മുടെ ദുഃഖങ്ങൾ കേൾക്കാൻ
മറ്റാർക്കാണു യോഗ്യത, സഹോദരങ്ങളേ,
വെള്ളയുടുത്താകാശത്തേക്കൊഴുകുന്ന
ഇവൾക്കല്ലാതെ?”
വെള്ളം കുടിക്കുമ്പോഴെന്നപോലെ
മറ്റൊരിക്കലും നാം പൂർണ്ണരാകുന്നില്ല.
നമ്മൾ പിന്നെയും കുട്ടികളാകുന്നു,
നമ്മൾ കൂടുതൽ നല്ലവരാകുന്നു,
നമ്മുടെ വേവലാതികളൊഴിയുന്നു.
സുവർണ്ണമേഖലകളിലൂടെ
നമ്മുടെ കണ്ണുകളലയുന്നു.
ആർക്കുമറിയാത്തതല്ലാത്ത
ദിവ്യഭാഗ്യമേ!
എത്രയോ ആത്മാക്കളെ
കഴുകിയെടുക്കുന്ന നറുംവെള്ളമേ,
ഒരഗാധശോകം
ഞങ്ങൾക്കതിന്റെ ചിറകു നല്കിയാൽ
യാതൊന്നുമുണ്ടാവില്ല,
നിന്റെ പാവനതീരങ്ങൾക്കെതിരുനില്ക്കാൻ.
(1918 ആഗസ്റ്റ് 7, ഗ്രനാഡ)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ