നീലിമയുടെ ലൂസിഫറാണ്
സമുദ്രം.
വെളിച്ചമാവാൻ കൊതിച്ചതിനാൽ
പതിച്ച ആകാശം.
പാവം സമുദ്രമേ,
ഒരുകാലത്താകാശമണ്ഡലത്തിൽ
നിശ്ചലം നിന്നവനേ,
നിത്യചലനമാണല്ലോ, ഇന്നു നിന്റെ വിധി.
എന്നാൽ നിന്റെ ദുഃഖത്തിൽ നിന്നും
പ്രണയം നിന്നെ വീണ്ടെടുത്തുവല്ലോ.
നിർമ്മലയായ വീനസ്സിനു നീ ജന്മം കൊടുത്തു,
നിന്റെ കയങ്ങൾക്കു കന്യകാത്വം നഷ്ടപ്പെട്ടില്ല,
നീ നോവറിഞ്ഞതുമില്ല.
നിന്റെ ശോകം സുന്ദരമാണ്,
ഉജ്ജ്വലമായ മൂർച്ഛകളുടെ സമുദ്രമേ,
ഇന്നു പക്ഷേ, നക്ഷത്രങ്ങളല്ല,
നിന്നിലുള്ളത് പച്ചനീരാളികൾ.
നിന്റെ യാതന ക്ഷമയോടെ സഹിക്കൂ,
പ്രബലനായ സാത്താനേ.
ക്രിസ്തു നിന്റെ മേൽ നടന്നുവല്ലോ,
എന്നാലതുപോലെ പാൻ എന്ന ദേവനും.
വീനസ് എന്ന നക്ഷത്രമാണ്,
ലോകത്തിന്റെ ലയം,
(സഭാപ്രസംഗി മിണ്ടരുത്!)
ആത്മാവിന്റെ കയം...
...പീഡിതനായ മനുഷ്യൻ
ഒരു പതിതമാലാഖയും.
നഷ്ടപ്പെട്ട പറുദീസയെന്നത്
ഭൂമി തന്നെയാവാം.
(ഏപ്രിൽ 1919)
*
*പാൻ Pan- പകുതി മനുഷ്യരൂപവും പകുതി ആടിന്റെ രൂപവുമുള്ള ഗ്രീക്ക് ദേവൻ; കാടിന്റെയും നായാട്ടിന്റെയും സംഗീതത്തിന്റെയും ദേവതയാണ്.
*സഭാപ്രസംഗി Ecclesiastes
- സോളമൻ രാജാവിന്റേതെന്നു വിശ്വസിക്കപ്പെടുന്ന ഉപദേശങ്ങളടങ്ങിയ ബൈബിൾ പുസ്തകം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ