2020, ജൂൺ 23, ചൊവ്വാഴ്ച

ലോർക്ക - ടെലഗ്രാഫ്



സ്റ്റേഷൻ പരിത്യക്തമായിരുന്നു. ഒരാൾ പോകുന്നുണ്ടായിരുന്നു, ഒരാൾ വരുന്നുണ്ടായിരുന്നു. ഇടയ്ക്കെപ്പോഴെങ്കിലും ഇടറിയ ചില ഒച്ചകൾ കൊണ്ട് മണിയുടെ നാവ് അതിന്റെ ഉരുണ്ട ചുണ്ടുകൾ നനച്ചിരുന്നു. ഉള്ളിൽ നിന്ന് ടെലഗ്രാഫിന്റെ ഇടവിട്ടുള്ള ജപമാല കേൾക്കാമായിരുന്നു. ഞാൻ ആകാശത്തിനു മുഖം കൊടുത്തുകൊണ്ട് മലർന്നുകിടന്നു; ഒന്നുമാലോചിക്കാതെ ഞാൻ ഒരു വിചിത്രരാജ്യത്തേക്കു പോയി; തണുത്തുനീലിച്ച ഒരു നദിയിൽ പൊന്തിക്കിടക്കുന്ന ആ രാജ്യത്ത് ഞാൻ ആരെയും കണ്ടില്ല. അന്തരീക്ഷത്തിൽ മഞ്ഞിച്ച കുമിളകൾ നിറയുകയാണെന്ന് പതുക്കെപ്പതുക്കെ എനിക്കു മനസ്സിലായി; എന്റെ ശ്വാസമേല്ക്കുമ്പോൾ അവ അലിഞ്ഞുപോവുകയും ചെയ്തിരുന്നു. അത് ടെലഗ്രാഫ് ആയിരുന്നു. അതിന്റെ ടിക്-ടോക് കുളത്തിനു മുകളിലെ കൊതുകുകളുടെ താളത്തിൽ എന്റെ കാതുകളുടെ വിപുലമായ ആന്റിനകളിൽ കടന്നു. സ്റ്റേഷൻ പരിത്യക്തമായിരുന്നു. ആലസ്യത്തോടെ ഞാൻ ആകാശത്തേക്കു നോക്കി; നക്ഷത്രങ്ങളെല്ലാം വെട്ടിത്തിളങ്ങുന്ന കണ്ണിമകൾ കൊണ്ട് കമ്പിസന്ദേശങ്ങൾ അയക്കുകയാണെന്ന് ഞാൻ കണ്ടു. അതിൽ സിരിയസ് നക്ഷത്രമാണ്‌ മറ്റു നക്ഷത്രങ്ങളെ വിസ്മയപ്പെടുത്തിക്കൊണ്ട് ഓറഞ്ച് ടിക്കുകളും പച്ച ടോക്കുകളും അയച്ചിരുന്നത്.

ആകാശത്തെ ഉജ്ജ്വലമായ ടെലഗ്രാഫ് സ്റ്റേഷനിലെ പാവം ടെലഗ്രാഫുമായി അലിഞ്ഞുചേർന്നു; എന്റെ ആത്മാവ് (എത്രയോ ആർദ്രമാണത്) നക്ഷത്രങ്ങളുടെ ചോദ്യങ്ങൾക്കും കൊഞ്ചലുകൾക്കും (എനിക്കവ അപ്പോൾ പൂർണ്ണമായി മനസ്സിലാവുകയും ചെയ്തിരുന്നു) കണ്ണിമകൾ കൊണ്ട് ഉത്തരം കൊടുക്കുകയും ചെയ്തു.

(മരണശേഷം പ്രസിദ്ധീകരിച്ചത്)





അഭിപ്രായങ്ങളൊന്നുമില്ല: