ഏതുനേരവും നിങ്ങൾ ഉന്മത്തനായിരിക്കണം. അതാണ് പ്രധാനം, അതേ കാര്യമാക്കാനുള്ളു. കാലത്തിന്റെ ഭീഷണമായ ഭാരം ചുമലുകളിൽ പിടിച്ചമർത്തി നിങ്ങളെ മണ്ണിനോടു ചേർത്തരയ്ക്കുന്നതറിയാതിരിക്കണമെങ്കിൽ ഒരു നിമിഷമൊഴിവില്ലാതെ ഉന്മത്തനായിട്ടിരിക്കൂ.
എന്നാൽ എന്തിന്റെ ലഹരിയിലാണ് നിങ്ങൾ ഉന്മത്തനാകേണ്ടത്? മദ്യമോ കവിതയോ നന്മയോ എന്തുമാകാം, അത് നിങ്ങളുടെ ഇഷ്ടം. നിങ്ങൾ ഉന്മത്തനായിരിക്കണമെന്നേയുള്ളു.
ഇനി ഇടയ്ക്കെപ്പോഴെങ്കിലും ഒരു കൊട്ടാരത്തിന്റെ പടവുകളിൽ വച്ച്, ഒരോടയിലെ പച്ചപ്പുല്ലിൽ വച്ച്, സ്വന്തം മുറിയുടെ മ്ളാനമായ ഏകാന്തതയിൽ വച്ച് ലഹരിയിറങ്ങുന്നതായോ ബോധം തെളിയുന്നതായോ നിങ്ങൾക്കു തോന്നിയാൽ കാറ്റിനോടു ചോദിക്കൂ, തിരയോടു ചോദിക്കൂ, താരത്തോടു ചോദിക്കൂ, കിളിയോടു ചോദിക്കൂ, ഘടികാരത്തോടു ചോദിക്കൂ, പറക്കുന്നതെനോടും കരയുന്നതെന്തിനോടും ഒഴുകുന്നതെന്തിനോടും പാടുന്നതെന്തിനോടും പറയുന്നതെന്തിനോടും ചോദിക്കൂ: നേരമെന്തായി? കാറ്റും തിരയും താരവും കിളിയും ഘടികാരവും പറയും: “ഉന്മത്തനാകാനുള്ള നേരം! കാലത്തിന്റെ രക്തസാക്ഷിയായ അടിമയാകരുതെന്നുണ്ടെങ്കിൽ ഉന്മത്തനാകൂ: എന്നേരവും ഉന്മത്തനായിട്ടിരിക്കൂ! മദ്യമോ കവിതയോ നന്മയോ, ഏതിലെന്നത് നിങ്ങളുടെ ഇഷ്ടം.”
(ഗദ്യകവിതകൾ - 33)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ