2020, ജൂൺ 8, തിങ്കളാഴ്‌ച

ലോർക്ക - പാത



നിന്റെ കുന്തം
ഒരുകാലത്തും
ചക്രവാളത്തെ മുറിപ്പെടുത്തില്ല.
അതിനെ തടുക്കാനുണ്ടല്ലോ
മലയെന്ന പരിച.

ചന്ദ്രന്റെ ചോരയും
സ്വപ്നം കാണേണ്ട,
നീ വിശ്രമിക്കൂ.
എന്നാൽ നിരത്തേ,
എന്റെ ഉള്ളംകാലുകളെ
മഞ്ഞുതുള്ളികൾ താലോലിക്കട്ടെ.

അതികായനായ കൈനോട്ടക്കാരാ!
നിന്റെ മുതുകത്തവർ മറന്നിട്ടുപോകുന്ന
മങ്ങിയ മുദ്രകൾ നോക്കി
ആത്മാക്കളുടെ ജാതകം നീ വായിക്കാറുണ്ടോ?
കാല്പാടുകളുടെ ഫ്ലാമേറിയനാണു നീയെങ്കിൽ
ചാലു കീറിയ നിന്റെ ഉടലിലൂടെ
സൗമ്യവും വിനീതവുമായി കടന്നുപോകുന്ന കഴുതകളെ
നീ എത്ര സ്നേഹിക്കുമായിരുന്നില്ല!
നിന്റെ കുന്തം എവിടെച്ചെന്നു തറയ്ക്കുമെന്ന്
അവരേ ആലോചിച്ചുനോക്കുന്നുള്ളു.
മൃഗലോകത്തെ ബുദ്ധന്മാരായ അവരേ
വൃദ്ധരും വ്രണിതരുമായിക്കഴിയുമ്പോൾ
വാക്കുകളില്ലാത്ത നിന്റെ പുസ്തകം  കൂട്ടിവായിക്കുന്നുള്ളു.

നാട്ടുമ്പുറത്തെ വീടുകൾക്കിടയിൽ
എന്തു വിഷാദമാണു നിനക്ക്!
എന്തു തിളക്കമാണു നിന്റെ നന്മകൾക്ക്!
പരിഭവമില്ലാതെ നീ താങ്ങുന്നുണ്ടല്ലോ,
ഉറക്കം തൂങ്ങുന്ന നാലു കുതിരവണ്ടികളെ,
രണ്ടു വേലമരങ്ങളെ, 
വെള്ളം വറ്റിയ ഒരു പഴയ കിണറിനെ.

ലോകം ചുറ്റി എത്ര യാത്ര ചെയ്താലും
നിനക്കൊരു താവളം കിട്ടില്ല,
ഒരു സെമിത്തേരിയോ ശവക്കച്ചയോ കിട്ടില്ല; 
ഒരു പ്രണയത്തിന്റെ ഈണം
നിന്റെ ഉണ്മയ്ക്കു പുതുമ നല്കുകയുമില്ല.

പാടങ്ങളിൽ നിന്നു പുറത്തുവരൂ,
നിത്യതയുടെ ശ്യാമവിദൂരതയിൽ 
വെള്ളയരം കൊണ്ടു നിഴലു കടയുകയാണെങ്കിൽ,
നിരത്തേ, സാന്താ ക്ലാരാപ്പാലത്തിൽ നിന്നു
നീ താഴെ വീഴുമേ!
----------------------------------------------------------------------------------------------------------------------

*ഫ്ലാമേറിയൻ - സൂക്ഷ്മനിരീക്ഷകൻ എന്ന അർത്ഥത്തിൽ;  Camille Flammarion(1842-1925) എന്ന ഫ്രഞ്ച് വാനനിരീക്ഷകനെയാണ്‌ സൂചിപ്പിക്കുന്നത്.

*സാന്താ ക്ലാരാ- ‘സാന്താ ക്ലാരാ പാലം കടക്കുമ്പോൾ/മോതിരമൂരി പുഴയിൽ വീണു’ എന്നൊരു നാടൻ പാട്ടുണ്ട്.




അഭിപ്രായങ്ങളൊന്നുമില്ല: