2020, ജൂൺ 13, ശനിയാഴ്‌ച

ബനഫൂൽ - ഉരുളൻകല്ലും കരിമ്പനയും




വിശാലമായ ഒരു സമതലം. അതിന്റെ ഒത്ത നടുക്ക് ഒരു കൂറ്റൻ കരിമ്പന നില്ക്കുന്നു. അതെത്ര കാലമായി അവിടെ നില്ക്കുന്നുവെന്ന് ആർക്കുമറിയില്ല. അടുത്തെങ്ങും ഒറ്റ മരവുമില്ല; പിന്നെ, അങ്ങു വിദൂരചക്രവാളം വരെയും പാടങ്ങൾ മാത്രം.

പനയുടെ തൊട്ടുതാഴെയായി ഒരു ചെറിയ ഉരുളൻകല്ല് കിടപ്പുണ്ട്. അതും അവിടെ കിടക്കാൻ തുടങ്ങിയിട്ട് എത്രകാലമായെന്ന് ആർക്കുമറിയില്ല. അതിനു ചുറ്റും കൊച്ചുകൊച്ചു പുല്ക്കൊടികൾ വളർന്നുനില്ക്കുന്നു. ഓർമ്മയുള്ള കാലത്തോളം ആ പുല്ക്കൊടികളെയല്ലാതെ ഉരുളൻകല്ല് മറ്റൊന്നും കണ്ടിട്ടില്ല. മഴക്കാലത്ത് അവ മുറ്റിത്തഴയ്ക്കുന്നു; പൊള്ളുന്ന ചൂടുകാലത്തവ വരണ്ടുണങ്ങുന്നു; അടുത്ത മഴയത്ത് പിന്നെയും മമതയുടെ പച്ചക്കൈകൾ നീട്ടി അവ അതിനെ പുണരുന്നു. ഉരുളൻകല്ല് ആകെ കണ്ടിട്ടുള്ളത് ഇതു മാത്രമാണ്‌- മണ്ണിൽ പുല്ലു വളരുന്നു, അവ വാടുന്നു, പിന്നെയുമവ വളരുന്നു. അതിന്റെ അനുഭവങ്ങളുടെ ആകെത്തുകയാണത്. എന്നാൽ ഇടയ്ക്കിടയ്ക്ക് അതിന്‌ ഇങ്ങനെയൊരു ചിന്ത വരാറുണ്ട്- വേറെയും കാര്യങ്ങൾ നടക്കുന്നുണ്ടാവണം, എനിക്കു കാണാൻ പറ്റാത്ത കാര്യങ്ങൾ.

ഒരു ദിവസം ഉരുളൻകല്ലിന്റെ ബോധത്തിലേക്ക് കരിമ്പന കടന്നുവന്നു.

ഇങ്ങനെ ഉയർന്നുനില്ക്കുന്ന ഈ കറുത്ത വസ്തു എന്താണ്‌? അതിനോർമ്മയുള്ള കാലം മുതല്ക്കേ അതിങ്ങനെ തന്നെയായിരുന്നു- നീണ്ടുനിവർന്ന്, മുകളിലേക്കു നോക്കിനില്ക്കുന്ന, ബലിഷ്ഠമായ ഒരു വസ്തു.

“ഒന്നു ചോദിച്ചോട്ടെ?”

കരിമ്പന മിണ്ടുന്നില്ല.

“അല്ല, ഞാൻ പറയുന്നതു കേൾക്കാമോ?”

ചെറുതാണെങ്കിലും ഉരുളൻകല്ല് പിടിവിടുന്നില്ല. കുറേനേരത്തെ ഒച്ചവയ്പ്പിനൊടുവിൽ അത് കരിമ്പനയുടെ ശ്രദ്ധയാകർഷിക്കുന്നതിൽ വിജയിച്ചു.

“ആരാണത്? എന്താ വേണ്ടത്?”

“ഞാൻ നിങ്ങളുടെ ചുവട്ടിൽ കിടക്കുന്ന ഒരു ഉരുളൻകല്ലാണ്‌. നിങ്ങളാരാ?”

“ഞാൻ കരിമ്പന.”

“ഓഹോ!”

ഇത്രയും കാലം അതിന്റെ ചുവട്ടിൽ കിടന്നിട്ടും ഉരുളൻകല്ലിന്‌ കരിമ്പനയുടെ പേരറിയില്ലായിരുന്നു. അതിന്‌ ആകെ അത്ഭുതമായി- എത്ര ഉയരത്തിലേക്കാണ്‌ കരിമ്പന ഉയർന്നുയർന്നുപോകുന്നത്! പെട്ടെന്നാണ്‌ അതിനു തോന്നിയത്, ആ മരത്തിന്റെ അനുഭവങ്ങൾ പുതുമയുള്ളതായിരിക്കും, തനിക്കു പരിചയമുള്ളതായിരിക്കില്ല എന്ന്.

അറച്ചറച്ച് അതു ചോദിച്ചു: “ഇത്രയും ഉയരത്തിൽ നിന്നു നോക്കുമ്പോൾ കാണുന്നതെന്തൊക്കെയാണെന്ന് ഒന്നു പറയുമോ?”

“ആകാശത്ത് സൂര്യൻ ഉദിക്കുന്നതും അസ്തമിക്കുന്നതും.”

”പിന്നെ?“

“സൂര്യൻ പിന്നെയും ഉദിക്കുന്നതും...”
-----------------------------------------------------------------------------------------------------

ബനഫൂൽ (1899-1979) തീരെച്ചെറിയ കഥകളിലൂടെ പ്രശസ്തനായ ബംഗാളി സാഹിത്യകാരനാണ്‌. ആയിരക്കണക്കിനു കവിതകളും അറുപതു നോവലുകളും അഞ്ചു നാടകങ്ങളും കൂടാതെ ഏകാങ്കനാടകങ്ങളും ഉപന്യാസങ്ങളും എഴുതിയിട്ടുള്ള ബനഫൂൽ ഓർമ്മിക്കപ്പെടുന്നത് മിക്കപ്പോഴും അരപ്പേജിലൊതുങ്ങുന്ന 576 കഥകളിലൂടെയാണ്‌. കഥകളെഴുതാനുള്ള കുറിപ്പുകളാണോയെന്നു സംശയം തോന്നിക്കുന്നത്ര ചെറുതാണ്‌, അതിനാൽത്തന്നെ പലപ്പോഴും നിഗൂഢാർത്ഥമായ ഈ കഥകൾ. അദ്ദേഹത്തിന്റെ കഥകൾ സമാഹരിക്കപ്പെട്ടപ്പോൾ അതിന്‌ അദ്ദേഹം എഴുതിയ ആമുഖം ഇങ്ങനെയായിരുന്നു: “എന്റെ എഴുത്ത് ഇഷ്ടപ്പെടുന്നവർക്ക് ഒരു മുഖവുരയുടെ ആവശ്യമില്ല. ഇഷ്ടപ്പെടാത്തവർക്ക് അത്രയും തന്നെ ആവശ്യമില്ല. എന്റെ കഥകൾ ഇനിയും പരിചയമാവാത്തവർക്ക് അവ വായിച്ചുകഴിയുമ്പോൾത്തന്നെ എന്റെ എഴുത്തിന്റെ സ്വഭാവം പിടികിട്ടും. അവരോടും പിന്നെ പ്രത്യേകിച്ചൊന്നും ഞാൻ പറയേണ്ടതില്ല.”

അഭിപ്രായങ്ങളൊന്നുമില്ല: