2020, ജൂൺ 6, ശനിയാഴ്‌ച

ബോദ്‌ലേർ - ആൾക്കൂട്ടങ്ങൾ


ഒരു കുളിത്തൊട്ടിയിലെന്നപോലെ ആൾക്കൂട്ടത്തിൽ ആണ്ടുമുങ്ങുക എന്നത് എല്ലാവർക്കും കഴിയുന്ന കാര്യമല്ല: ആൾക്കൂട്ടത്തിൽ രമിക്കുക ഒരു കലയാണ്‌; മനുഷ്യരുമായുള്ള വേഴ്ച ത്രസിപ്പിക്കുന്നൊരു മേളയാവണമെങ്കിൽ തൊട്ടിലിൽ കിടക്കുമ്പോഴേ നിങ്ങൾക്കതിനുള്ള അനുഗ്രഹം കിട്ടിയിരിക്കണം; വേഷപ്പകർച്ചകളോടും പൊയ്മുഖങ്ങളോടും ഒരാഭിമുഖ്യം, വീട്ടിലിരിക്കുന്നതിനോടു വെറുപ്പ്, അലഞ്ഞ യാത്രകൾ ചെയ്യാനുള്ള ആവേശം ഇതൊക്കെ നിങ്ങൾക്കു വരം കിട്ടിയിരിക്കണം.

ജനക്കൂട്ടം, ഏകാന്തത: ഉത്സാഹിയും ഭാവനാസമ്പന്നനുമായ ഒരു കവിയ്ക്ക് സമാനവും വച്ചുമാറാവുന്നതുമായ പദങ്ങളാണവ. തന്റെ ഏകാന്തതയെ ജനബഹുലമാക്കാൻ അറിയാത്ത ഒരാൾക്ക് തിക്കിത്തിരക്കുന്ന ആൾക്കൂട്ടത്തിനിടയിൽ ഒറ്റയ്ക്കാവാനും അറിവുണ്ടാവില്ല.

കവി മറ്റാർക്കുമില്ലാത്ത ഒരു വിശേഷാനുകൂല്യത്തിനുടമയാണ്‌: അയാൾക്ക് തന്നിഷ്ടം പോലെ താനോ മറ്റൊരാളോ ആയി മാറാം. ഒരുടൽ തേടി നടക്കുന്ന ഗതി കിട്ടാത്ത ആത്മാക്കളെപ്പോലെ ഏതു കഥാപാത്രത്തിലും വേണമെന്നു തോന്നുമ്പോൾ അയാൾക്കു ചെന്നുകയറാം. അയാൾ ഒരാളുടെ കാര്യത്തിൽ മാത്രം എവിടെയും ഒഴിഞ്ഞുകിടക്കുകയാണ്‌; ചിലയിടങ്ങൾ അടഞ്ഞുകിടക്കുകയാണെന്നു തോന്നിയാൽത്തന്നെ അയാൾക്കു ചെന്നുകയറാൻ കൗതുകം തോന്നാത്ത ഇടങ്ങളാണവയെന്നേ അർത്ഥമാക്കാനുള്ളു.

ഏകാകിയായി തെരുവിലൂടെ നടക്കുന്ന ചിന്താശീലനായ ഒരാൾക്ക് മറ്റെവിടെയും കിട്ടാത്ത ലഹരിയാണ്‌ ഈ ലോകവേഴ്ചയിൽ നിന്നു ലഭിക്കുന്നത്. ആൾക്കൂട്ടത്തിൽ സ്വയം നഷ്ടപ്പെടാൻ ഇഷ്ടപ്പെടുന്ന ഒരാളറിയുന്ന ജ്വരതുല്യമായ ആനന്ദങ്ങൾ ഒരിരുമ്പുപെട്ടി പോലെ കൊട്ടിയടച്ച സ്വാർത്ഥനും കക്ക പോലെ തന്നിൽത്തന്നെയടങ്ങിയ അലസനും നിഷേധിക്കപ്പെട്ടവയാണ്‌. തനിക്കു വീണുകിട്ടുന്ന ഏതു തൊഴിലും ഏതു സന്തോഷവും ഏതു ദുരിതവും തന്റേതായി അയാൾ ഏറ്റെടുക്കുന്നു.

ആളുകൾ സ്നേഹം എന്നു വിളിക്കുന്ന സംഗതി എത്ര നിസ്സാരവും എത്ര ദുർബ്ബലവും എത്ര നിയന്ത്രിതവുമാണ്‌, ഈ ആനന്ദക്കൂത്തുമായി, ആരെന്നറിയാത്ത വഴിപോക്കന്‌, അവിചാരിതമായി മുന്നിൽ വരുന്ന അവസരത്തിന്‌, തന്റെ സർവ്വസ്വവും, കവിതയും അനുകമ്പയുമെല്ലാം, സമർപ്പിക്കുന്ന ഒരാത്മാവിന്റെ ഈ വിശുദ്ധവ്യഭിചാരത്തിനു മുന്നിൽ.

ഇടയ്ക്കൊക്കെ ഈ ലോകത്തിലെ സന്തുഷ്ടരായ മനുഷ്യരെ അവരുടെ സന്തോഷങ്ങളേക്കാൾ ഉത്കൃഷ്ടവും പരിഷ്കൃതവും മഹത്തുമായ സന്തോഷങ്ങൾ വേറേയുണ്ടെന്നു പഠിപ്പിക്കുക നല്ലതാണ്‌, മറ്റൊന്നിനുമല്ലെങ്കിൽ അവരുടെ മൂഢമായ അഭിമാനത്തെ ഒരു നിമിഷത്തേക്ക് ഒന്നടിച്ചിരുത്താനെങ്കിലും. കോളണികൾ സ്ഥാപിച്ചവർ, മനുഷ്യരെ മേച്ചുനടന്നവർ, ഭൂമിയുടെ അതിരുകളിലേക്കു ഭ്രഷ്ടരായ പ്രേഷിതപുരോഹിതർ ഇവരൊക്കെ ആ നിഗൂഢമായ ലഹരിയുടെ എന്തോ ഒന്നറിഞ്ഞവരായിരുന്നു എന്നതിൽ സംശയമില്ല; തങ്ങളുടെ പ്രതിഭ പടുത്തെടുത്ത വംശപ്പെരുമയ്ക്കു നടുവിൽ നില്ക്കുമ്പോൾ അത്ര ക്ലേശഭരിതമായ തങ്ങളുടെ വിധിയെക്കുറിച്ചും അത്ര നിർമ്മലമായ തങ്ങളുടെ ജീവിതത്തെക്കുറിച്ചും സഹതപിക്കുന്നവരെയോർത്ത് അവർ ഉള്ളിൽ ചിരിക്കുന്നുണ്ടാവണം.

(ഗദ്യകവിതകൾ- 12)

അഭിപ്രായങ്ങളൊന്നുമില്ല: