2020, ജൂൺ 2, ചൊവ്വാഴ്ച

എല്വാദ് - ഗബ്രിയേൽ പേരി



ഒരു മനുഷ്യൻ മരിച്ചു 
ജീവിതത്തിലേക്കു മലർക്കെത്തുറന്ന കൈകളല്ലാതെ 
മറ്റൊരു കവചവുമില്ലാതിരുന്ന ഒരാൾ 
ഒരു മനുഷ്യൻ മരിച്ചു 
തോക്കുകൾ വെറുക്കപ്പെടുന്ന പാതയല്ലാതെ 
മറ്റൊരു പാതയുമില്ലാതിരുന്ന ഒരാൾ 

ഒരു മനുഷ്യൻ മരിച്ചു 
മരണത്തിനെതിരെ മറവിക്കെതിരെ 
യുദ്ധം തുടരുന്ന ഒരാൾ 
അയാൾ ആഗ്രഹിച്ചതൊക്കെ 
നാമാഗ്രഹിച്ചവയായിരുന്നു 
ഇന്നും നാമാഗ്രഹിക്കുന്നവയും 
ഹൃദയത്തിൽ കണ്ണുകളിൽ 
ആഹ്ളാദം വെളിച്ചമാവണമെന്ന് 
ഭൂമിയിൽ നീതി വേണമെന്ന് 

നമ്മെ ജീവിക്കാൻ തുണയ്ക്കുന്ന വാക്കുകളുണ്ട് 
വെറും നിഷ്കളങ്കമായ വാക്കുകളാണവ 
ഊഷ്മളത എന്ന വാക്ക് വിശ്വാസം എന്ന വാക്ക് 
സ്നേഹം നീതി സ്വാതന്ത്ര്യം എന്ന വാക്ക് 
കുട്ടി എന്ന വാക്ക് ദയ എന്ന വാക്ക് 
ചില പൂക്കളുടെയും ചില പഴങ്ങളുടെയും പേരുകൾ 
ധൈര്യം എന്ന വാക്ക് കണ്ടുപിടുത്തം എന്ന വാക്ക് 
സഹോദരനെന്ന വാക്ക് സഖാവെന്ന വാക്ക് 
ചില ദേശങ്ങളുടെയും ഗ്രാമങ്ങളുടെയും പേരുകൾ 
സ്ത്രീകളുടെയും സ്നേഹിതരുടെയും പേരുകൾ 

അതിനൊപ്പം ഇനി നാം പേരി എന്ന പേരു കൂടി ചേർക്കുക 
നമുക്കു ജീവിതം നൽകുന്ന ഇവയ്ക്കു വേണ്ടി മരിച്ച പേരി 
നമുക്കയാളെ സ്നേഹിതൻ എന്നു വിളിക്കുക 
വെടിയുണ്ടകളേറ്റു തുളവീണതാണയാളുടെ നെഞ്ച് 
എന്നാലും അയാൾ കാരണം 
നമുക്കന്യോന്യം നന്നായറിയാമെന്നായിരിക്കുന്നു 
നമുക്കന്യോന്യം സ്നേഹിതൻ എന്നു വിളിക്കുക 
അയാളുടെ പ്രത്യാശ ജീവിക്കുന്നു 
(1944)
------------------------------------------------------------------------------------------------------------------------------------

ഗബ്രിയേൽ പേരി Gabriel Peri (1902-1941) ഇടതുപക്ഷക്കാരനായ ഫ്രഞ്ചുരാഷ്ട്രീയപ്രവർത്തകൻ. ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ Humaniteയുടെ പത്രാധിപസമിതിയിൽ അംഗമായിരുന്നു. പലപ്പോഴും പാർട്ടിയുടെ ഔദ്യോഗികനയങ്ങൾക്കെതിരായ നിലപാടെടുത്തിരുന്നു. 1939 ആഗസ്റ്റിൽ റഷ്യയും ജർമ്മനിയും തമ്മിൽ ഒപ്പുവച്ച ഉടമ്പടിയെ മനസ്സു കൊണ്ടെതിർത്തിരുന്നുവെങ്കിലും പരസ്യമായി പാർട്ടിയെ തള്ളിപ്പറഞ്ഞില്ല. ജർമ്മൻ സൈന്യം പാരീസ് ഉപരോധിച്ചപ്പോൾ നഗരം വിട്ടുപോകാത്ത അപൂർവ്വം പാർട്ടിനേതാക്കളിൽ ഒരാളായിരുന്നു പേരി. ഫ്രഞ്ച് സർക്കാർ എല്ലാ പാർട്ടികളേയും പിരിച്ചുവിട്ടപ്പോൾ അദ്ദേഹം ഒളിവിൽ പോയി പ്രവർത്തനം തുടർന്നു. 1941 മേയിൽ ദുരൂഹമായ സാഹചര്യങ്ങളിൽ പേരി അറസ്റ്റ് ചെയ്യപ്പെട്ടു. കമ്മ്യൂണിസം പ്രചരിപ്പിച്ചു എന്ന കുറ്റത്തിന്‌ പത്തു കൊല്ലത്തെ തടവിനു ശിക്ഷിച്ച് സാന്തേ എന്ന കുപ്രസിദ്ധമായ ഫ്രഞ്ച് ജയിലിലിട്ടു. എന്നാൽ ചില മാസങ്ങൾക്കു ശേഷം അദ്ദേഹത്തെ നാസികളുടെ നിയന്ത്രണത്തിലുള്ള മറ്റൊരു ജയിലിലേക്കു മാറ്റി. കമ്മ്യൂണിസ്റ്റുകളുടെ ചെറുത്തുനില്പിനുള്ള മറുപടി എന്ന നിലയിൽ പേരി ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റ് തടവുകാരെ വധിക്കാൻ നാസികൾ തീരുമാനിച്ചു. 1941 ഡിസംബർ 5ന്‌ മോണ്ട് വലേറിയനിൽ വച്ച് 91 സഖാക്കൾക്കൊപ്പം ഗബ്രിയേൽ പേരിയെ ഫയറിങ്ങ് സ്ക്വാഡ് വെടിവച്ചുകൊന്നു. ജർമ്മൻ അധിനിവേശത്തിനെതിരെയുള്ള ഫ്രഞ്ച് പ്രതിരോധത്തിന്റെ പ്രതീകമായി മാറി ഗബ്രിയേൽ പേരി.  അദ്ദേഹത്തെക്കുറിച്ചെഴുതപ്പെട്ട  കവിതകളിൽ ഏറ്റവും പ്രശസ്തമാണ്‌ എല്വാദിന്റെ ഈ കവിതയും ലൂയി ആരഗങ്ങിന്റെ Le Crève-Coeur എന്ന കവിതയും.

അഭിപ്രായങ്ങളൊന്നുമില്ല: