പുതുവർഷം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്; ചെളിയും മഞ്ഞും കുഴഞ്ഞുകൂടിയ നിരത്തുകളിൽ, കളിപ്പാട്ടങ്ങളും പലഹാരങ്ങളും കൊണ്ടു വെട്ടിത്തിളങ്ങുന്ന, ആർത്തിയും നൈരാശ്യവും കുത്തിനിറച്ച, ഒരായിരം വണ്ടികൾ ചാലു കീറിയിരിക്കുന്നു; ഒരു മഹാനഗരത്തിന്റെ ഔദ്യോഗികജ്വരം: ഏതുറച്ച ഏകാകിയുടേയും മനസ്സിന്റെ താളം തെറ്റിക്കാൻ പോന്നതാണത്.
ആ തിരക്കിനും ബഹളത്തിനുമിടയിലൂടെ, ഒരു പൊണ്ണന്റെ ചാട്ട കൊണ്ടുള്ള ഇടിയും കുത്തുമൊക്കെ സഹിച്ചുകൊണ്ട് ഒരു കഴുത വേഗത്തിൽ നടന്നുപോവുകയാണ്.
അത് ഒരു വളവു തിരിയാറായപ്പോൾ ഒന്നാന്തരം കൈയ്യുറകൾ ധരിച്ച, മുടി കോതിമിനുക്കിയ, നിർദ്ദയമായ ഒരു ടൈയിൽ കഴുത്തു കുടുങ്ങിയ, ഉടവു തട്ടാത്ത പുതുവസ്ത്രങ്ങൾ തടവിൽ പിടിച്ച ഒരു മാന്യദേഹം ആ സാധുമൃഗത്തെ ഉപചാരത്തോടെ വണങ്ങിയിട്ട് തലയിൽ നിന്നു തൊപ്പിയൂരിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: “പുതുവർഷത്തിൽ താങ്കൾക്ക് സുഖവും സന്തോഷവും ഉണ്ടാകട്ടെ!” എന്നിട്ടയാൾ മുഖത്തൊരു പൊട്ടന്റെ ഭാവത്തോടെ തിരിഞ്ഞ് തന്റെ കൂടെവന്നവരെ ഒന്നു നോക്കി, അവരുടെ അംഗീകാരം കൂടി കിട്ടിയാലേ തന്റെ ആത്മസംതൃപ്തി പൂർണ്ണമാകൂ എന്നപോലെ.
കഴുതയാവട്ടെ, ആ ഉയർന്നതരം കോമാളിയെ കാണുകപോലും ചെയ്യാതെ തന്റെ കടമ വിളിക്കുന്നിടത്തേക്ക് വേഗത്തിൽ നടന്നുപോവുകയും ചെയ്തു.
എന്റെ കാര്യം പറയാനാണെങ്കിൽ, ആ ജളപ്രഭുവിന്റെ നേർക്ക് അടക്കവയ്യാത്ത ഒരു രോഷം എന്റെയുള്ളിൽ ഇരച്ചുകേറി; ഫ്രാൻസിന്റെ ആന്തരസത്തയുടെ അവതാരമാണ് അയാളെന്ന് എനിക്കു തോന്നി.
(ഗദ്യകവിതകൾ-4)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ