എത്ര സുന്ദരമായ ദിവസം! സൂര്യന്റെ എരിയുന്ന കണ്ണിനടിയിൽ വിശാലമായ ഉദ്യാനം മൂർച്ഛിക്കുന്നു, പ്രണയത്തിന്റെ കോയ്മയിൽ പെട്ട യൗവ്വനം പോലെ.
എവിടെയും പ്രകൃതിയുടെ ഹർഷോന്മാദമാണെങ്കിലും ഒരു ശബ്ദം പോലും കേൾക്കാനില്ല; അരുവികൾ പോലും ഉറക്കത്തിലായപോലെ. മനുഷ്യന്റെ ആഘോഷങ്ങൾ പോലെയല്ല, ഈ ഉത്സവത്തിന് ആരവങ്ങളില്ല.
പെരുകിപ്പെരുകിവരുന്ന വെളിച്ചത്തിൽ ഓരോ വസ്തുവിനും തിളക്കം കൂടിക്കൂടിവരുന്നപോലെയായിരുന്നു; ഉന്മാദികളായ പൂക്കൾ തങ്ങളുടെ കടുംനിറങ്ങൾ കൊണ്ട് ആകാശനീലിമയെ വെല്ലാൻ വെമ്പുന്നപോലെ, ഉഷ്ണം പരിമളങ്ങൾക്കു രൂപം നല്കി പുകപോലവയെ നക്ഷത്രങ്ങളിലേക്കുയർത്തുന്നപോലെ.
എന്നാൽ, പ്രപഞ്ചത്തിന്റെ ഈ ആഘോഷവേളയിലും അതാ, എന്റെ കണ്ണുകൾ ഒരു പീഡിതജന്മത്തെ കണ്ടെടുക്കുന്നു.
വീനസ്ദേവിയുടെ ഭീമാകാരമായ ഒരു പ്രതിമയ്ക്കു ചുവട്ടിൽ ഒരു കോമാളി, രാജാക്കന്മാരെ മടുപ്പോ കുറ്റബോധമോ ബാധിക്കുമ്പോൾ അവരെ രസിപ്പിക്കുക എന്ന നിയോഗം ഏറ്റെടുത്ത ഒരു വിദൂഷകൻ; പലതരം തുണിത്തുണ്ടുകൾ തുന്നിയെടുത്ത കുപ്പായവും കൂർമ്പൻതൊപ്പിയും മണികളുമൊക്കെയായി ഒരു വിഡ്ഢിവേഷം; പ്രതിമയുടെ പീഠത്തിനു ചുവട്ടിൽ ചുരുണ്ടുകൂടിക്കിടന്നുകൊണ്ട് അമരയായ ആ ദേവിയെ നിറകണ്ണുകളോടെ നോക്കുകയാണയാൾ.
അയാളുടെ കണ്ണുകൾ പറഞ്ഞതിതാണ്: “മനുഷ്യരിൽ വച്ചേറ്റവും അധമനും ഏറ്റവും ഏകാകിയും സ്നേഹവും സൗഹൃദവും നിഷേധിക്കപ്പെട്ടവനും അതിനാൽ ഏറ്റവും താഴ്ന്ന ജന്തുവിനേക്കാൾ താഴ്ന്നവനുമാണു ഞാൻ. എന്നാൽ എന്നെയും സൃഷ്ടിച്ചിരിക്കുന്നത് അനശ്വരമായ സൗന്ദര്യത്തെ അറിയാനും അനുഭവിക്കാനുമാണല്ലോ! ഹാ, ദേവീ! ഇവന്റെ സങ്കടവും ഉന്മാദവും കരുണയോടെ കാണേണമേ!“
എന്നാൽ പ്രീതിപ്പെടുത്താനാവാത്ത ആ ദേവിയുടെ മാർബിൾക്കണ്ണുകൾ വിദൂരതയിൽ, എന്തിലെന്നറിയില്ല, തറഞ്ഞുനില്ക്കുകയായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ