നരകത്തിന്റെ ഏറ്റവും താഴത്തെ തട്ട്. പൊതുധാരണയ്ക്കു വിപരീതമായി, അവിടെ വസിക്കുന്നത് സ്വേച്ഛാധിപതികളോ മാതൃഘാതികളോ അന്യരുടെ ഉടലിനു പിന്നാലെ ആർത്തി പിടിച്ചോടുന്നവർ പോലുമോ അല്ല. കലാകാരന്മാരുടെ സങ്കേതമത്രേയത്, നിറയെ കണ്ണാടികളും സംഗീതോപകരണങ്ങളും ചിത്രങ്ങളുമായി. ഒറ്റനോട്ടത്തിൽ നരകത്തിലെ ഏറ്റവും സുഖസമ്പൂർണ്ണമായ വകുപ്പാണത്: താറില്ല, തീയില്ല, ഭേദ്യങ്ങളുമില്ല.
ആണ്ടു മുഴുവൻ മത്സരങ്ങളും മേളകളും കച്ചേരികളും സംഘടിപ്പിക്കപ്പെടുന്നുണ്ട്. സീസണിൽ ക്ലൈമാക്സ് എന്നൊന്നില്ല. ക്ലൈമാക്സ് സ്ഥിരവും പരിപൂർണ്ണവുമാണ്. ഓരോ രണ്ടുമൂന്നു മാസങ്ങൾ കഴിയുമ്പോൾ പുതിയ പുതിയ പ്രസ്ഥാനങ്ങൾ ഉണ്ടായിവരികയാണ്; അവാങ്ങ്-ഗാർഡിന്റെ ജൈത്രയാത്രയെ തടഞ്ഞുനിർത്താൻ യാതൊന്നുമില്ലാത്തപോലെയാണ്.
ബീൽസെബബ് കലകളെ സ്നേഹിക്കുന്നു. തന്റെ ഗായകസംഘങ്ങളും കവികളും ചിത്രകാരന്മാരും സ്വർഗ്ഗത്തുള്ളവരെക്കാൾ എത്രയോ കേമന്മാരാണെന്നാണ് അയാളുടെ അവകാശവാദം. എവിടത്തെ കല മികച്ചതോ, അവിടത്തെ ഭരണവും മികച്ചതാണ്- അക്കാര്യത്തിൽ സംശയമില്ല. അധികം വൈകാതെ ‘ഇരുലോകങ്ങളുടെ മേള’യിൽ വച്ച് അവർ മാറ്റുരച്ചുനോക്കാൻ പോവുകയാണ്. ദാന്തേയും ഫ്രാ ആൻജെലിക്കോയും ബാഹുമൊക്കെ ബാക്കിയുണ്ടാകുമോയെന്ന് നമുക്കപ്പോൾ കാണാം.
ബീൽസെബബ് കലകൾക്ക് എല്ലാ സഹായവും ചെയ്തുകൊടുക്കുന്നു. തന്റെ കലാകാരന്മാർക്ക് മനസ്സമാധാനവും ആരോഗ്യദായകമായ ആഹാരവും നരകജീവിതത്തിൽ നിന്ന് പരിപൂർണ്ണമായ സംരക്ഷണവും അയാൾ ഉറപ്പുവരുത്തുന്നു.
(1974)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ