2020, സെപ്റ്റംബർ 2, ബുധനാഴ്‌ച

സ്ബിഗ്നിയെഫ് ഹെർബെർട്ട് - മി കോഗിറ്റോയുടെ രണ്ടു കാലുകളെക്കുറിച്ച്



ഇടതുകാൽ സാധാരണമട്ടിലുള്ളതാണ്‌
ശുഭാപ്തിവിശ്വാസി എന്നുകൂടി പറഞ്ഞോളൂ
ഒരല്പം നീളക്കുറവുണ്ടെന്നു തോന്നാം
ഉരുണ്ടുകൂടിയ പേശികളും
ഭംഗിയുള്ള കാൽവണ്ണയുമായി
അതിനൊരു പയ്യൻസ്വഭാവവുമുണ്ട്

വലത്തേത്
-കർത്താവേ കൃപ വേണമേ-
എല്ലും തൊലിയുമായി
രണ്ടു വടുക്കളുമായി
ഒന്ന് മടമ്പിൽ
മറ്റേത് ദീർഘവൃത്തത്തിൽ
ഇളംചുവപ്പുനിറത്തിൽ
ഒരൊളിച്ചോട്ടത്തിന്റെ നാണംകെട്ട ഓർമ്മയായി

ഇടതുകാലിന്‌
ഒരു കളിമട്ടാണ്‌
നൃത്തം വയ്ക്കുന്നപോലെയാണ്‌
സ്വയം അപകടപ്പെടുത്തുന്നളവിൽ
ജീവിതാസക്തി കൂടിയതാണ്‌

വലതുകാൽ
കുലീനമായൊരു കാർക്കശ്യത്തോടെ
അപകടങ്ങളെ അപഹസിക്കുമ്പോലെ

അങ്ങനെ 
രണ്ടു കാലുകളുമായി
ഇടത്തേത് സാഞ്ചോ പാൻസയോടുപമിക്കാവുന്നത്
വലത്തേത്
ഊരുതെണ്ടിയായ ആ പ്രഭുവിനെ ഓർമ്മിപ്പിക്കുന്നത്
മി കോഗിറ്റോ
ലോകത്തിലൂടെ
കടന്നുപോകുന്നു
അല്പമൊന്നു വേയ്ച്ചുകൊണ്ട്

(1974)




അഭിപ്രായങ്ങളൊന്നുമില്ല: