2020, സെപ്റ്റംബർ 5, ശനിയാഴ്‌ച

സ്ബിഗ്നിയെഫ് ഹെർബെർട്ട് - മി കോഗിറ്റോയുടെ ഗർത്തം



വീട്ടിനുള്ളിൽ അയാൾ സുരക്ഷിതനാണ്‌

എന്നാൽ മി കോഗിറ്റോ
പ്രഭാതസവാരിക്കിറങ്ങുമ്പോൾ
വാതില്പടിക്കു തൊട്ടുവെളിയിലായി
അയാളെ കാത്തുകിടക്കുന്നു- ഗർത്തം

ഇത് പാസ്ക്കലിന്റെ ഗർത്തമല്ല
ദസ്തയേവ്സ്കിയുടെ ഗർത്തമല്ല
ഈ ഗർത്തം
മി കോഗിറ്റോയുടെ അളവിനൊപ്പിച്ചത്

ആഴമറിയാത്ത പകലുകൾ
ഭീതി വേട്ടയാടുന്ന പകലുകൾ

നിഴലുപോലെ അതയാളുടെ പിന്നാലെ ചെല്ലുന്നു
ബേക്കറിയ്ക്കു പുറത്ത് അയാളെ കാത്തുനില്ക്കുന്നു
പാർക്കിൽ മി കോഗിറ്റോയുടെ ചുമലിനു മുകളിലൂടെ
അതു പത്രം വായിക്കുന്നു

വരട്ടുചൊറി പോലെ ശല്യപ്പെടുത്തുന്നത്
നായയെപ്പോലെ സ്നേഹം കാണിക്കുന്നത്
അയാളുടെ തലയും കൈകാലുകളും
വിഴുങ്ങാൻ വേണ്ട ആഴമില്ലാത്തതും

ഒരുനാൾ ഒരുവേള
ഗർത്തം തൂർന്നുവെന്നു വരാം
ഗർത്തം മുതിർന്നുവെന്നും
കാര്യഗൗരവം വന്നുവെന്നും വരാം

എന്തു വെള്ളമാണതു കുടിക്കുന്നതെന്നും
ഏതു ധാന്യമാണതിനെ തീറ്റുന്നതെന്നും
അയാൾക്കറിയാൻ പറ്റിയിരുന്നെങ്കിൽ
മി കോഗിറ്റോവിനു വേണമെങ്കിൽ
കുറച്ചു മണൽ വാരിയിട്ട്
അതു തൂർക്കാമായിരുന്നു
എന്നാൽ അയാളതു ചെയ്യുന്നില്ല

അങ്ങനെ
വീട്ടിലേക്കു മടങ്ങുമ്പോൾ
വാതില്പടിക്കു പുറത്ത്
അയാൾ ഗർത്തത്തെ ഉപേക്ഷിക്കുന്നു
ഒരു പഴന്തുണിക്കഷണം കൊണ്ട്
കരുതിക്കൂട്ടി മൂടിയിടുന്നു

(1974)


അഭിപ്രായങ്ങളൊന്നുമില്ല: