അയാൾ പണിപ്പെട്ടു ശ്വാസമെടുക്കുകയായിരുന്നു
രാത്രി കടക്കുക വിഷമമായിരിക്കുമത്രെ
ഇപ്പോൾ ഉച്ചയ്ക്കു പന്ത്രണ്ടു മണിയാണ്
ഒരു സിഗററ്റ് വലിക്കാനായി
അയാൾ ഇടനാഴിയിലേക്കിറങ്ങി
അയാൾ തലയിണ ഒതുക്കിവച്ചിട്ട്
സ്നേഹിതനെ നോക്കി ഒന്നു പുഞ്ചിരിച്ചിരുന്നു
അയാൾ പണിപ്പെട്ടു ശ്വാസമെടുക്കുകയായിരുന്നു
അയാളുടെ വിരലുകൾ
കോസടിക്കു മുകളിലൂടെ നീങ്ങി
അയാൾ മടങ്ങിവരുമ്പോൾ
സ്നേഹിതൻ പൊയ്ക്കഴിഞ്ഞിരുന്നു
അയാളുടെ സ്ഥാനത്തു കിടന്നിരുന്നത്
തല ഒരു വശത്തേക്കു ചാഞ്ഞും
കണ്ണുകൾ തുറിച്ചുമുള്ള
മറ്റെന്തോ ഒന്നായിരുന്നു
പിന്നെ പതിവുമട്ടിലുള്ള ബഹളം
ഡോക്ടർ ഓടിവരുന്നു
ഒരു സൂചി കുത്തിയിറക്കുന്നു
അതിൽ കറുത്ത ചോര നിറയുന്നു
ബാക്കിയായതിൽ തുറിച്ചുനോക്കിക്കൊണ്ട്
മി കോഗിറ്റോ
ഒരു നിമിഷം കൂടി നിന്നു
ഒരു ചാക്കു പോലതു
ശൂന്യമായിരുന്നു
പിന്നെയും പിന്നെയുമതു
ചുരുങ്ങുകയുമായിരുന്നു
അദൃശ്യമായ ചവണകൾ
അതിനെ ഞെക്കിപ്പിഴിയുകയായിരുന്നു
വ്യത്യസ്തമായ ഒരു കാലം
അതിനെ ഞെരിച്ചമർത്തുകയായിരുന്നു
അയാൾ ഒരു കല്ലായി മാറിയിരുന്നെങ്കിൽ
നിർമ്മമവും അഭിജാതവുമായ
ഒരു കനത്ത വെണ്ണക്കൽശില്പം
എങ്കിലതെത്ര ആശ്വാസമായേനെ
നിശ്ശേഷനാശത്തിന്റെ ഇടുക്കുതുരുത്തിൽ
അയാൾ കിടക്കുന്നു
മരത്തിൽ നിന്നടർന്നപോലെ
കൊഴിച്ചുകളഞ്ഞ കൊക്കൂൺ പോലെ
ഉച്ചഭക്ഷണത്തിന്റെ സമയം
പിഞ്ഞാണങ്ങളുടെ കിടുക്കം
നന്മ നിറഞ്ഞ മറിയമേ
ഒരു മാലാഖയും അവതരിച്ചില്ല
ഉപനിഷത്തുകൾ സാന്ത്വനമായി
ഒരുവന്റെ വാക്ക്
മനസ്സാവുമ്പോൾ
മനസ്സ് പ്രാണനും
പ്രാണൻ അഗ്നിയും
അഗ്നി ബ്രഹ്മവുമാകുമ്പോൾ
പിന്നയാൾ ഒന്നുമറിയാതാകുന്നു
അങ്ങനെ ഒന്നുമറിയാതെ
ഗ്രഹണാതീതനായി അയാൾ നിന്നു
കൊടുംനിഗൂഢതയുടെ മാറാപ്പുമായി
താഴ്വരയുടെ കവാടത്തിൽ
(1974)
1 അഭിപ്രായം:
'ഒരുവന്റെ വാക്ക്
മനസ്സാവുമ്പോൾ
മനസ്സ് പ്രാണനും
പ്രാണൻ അഗ്നിയും
അഗ്നി ബ്രഹ്മവുമാകുമ്പോൾ
പിന്നയാൾ ഒന്നുമറിയാതാകുന്നു'
Beautiful!!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ