അന്നു മടങ്ങുമ്പോൾ (പേടിയാണതിന്റെ ഓർമ്മയിന്നും!)
മഞ്ഞുപോലെ തണുത്തതായിരുന്നു നീ തന്ന ചുംബനം;
വെറുങ്ങലിച്ചതായിരുന്നു, ഒരു ജഡത്തിന്റെ ചുംബനം പോലെ,
പ്രണയഹീനമായിരുന്നു, വധു വരനു നല്കുന്നപോലെ.
വരണ്ടതും വികാരരഹിതവും അരുചികരവുമായിരുന്നു,
പണ്ടു ഡയാന തന്റെ ഉടപ്പിറന്നവനു നല്കിയപോലെ,
ഒരു പേരക്കുട്ടി തന്റെ മുത്തശ്ശിക്കു നല്കുന്ന പോലെ;
എന്ത്? അത്ര കയ്ക്കുന്നതായോ നിനക്കെന്റെ ചുണ്ടുകൾ?
നോക്കൂ, ആ രണ്ടു മാടപ്രാവുകൾ പോലാവുക നാം,
കൊക്കോടു കൊക്കുരുമ്മി ദീർഘചുംബനങ്ങളിൽ മുഴുകുന്നവർ,
മരത്തലപ്പിൽ പ്രണയത്തെ മധുരവുമാർദ്രവുമാക്കുന്നവർ.
ഇനി മേൽ, ഞാൻ യാചിക്കുന്നു, നീയിനിച്ചുംബിക്കുമ്പോൾ
മധുരിക്കുന്നതാവട്ടെ പ്രിയേ, എന്നിലമരുന്ന ചുണ്ടുകൾ;
അല്ല, അതിനാവില്ലെങ്കിൽ എനിക്കു വേണ്ടിനി ചുംബനങ്ങൾ.
-----------------------------------------------------------------------------
(Pierre de Ronsard (1524-1585)- ക്ലാസിസിസത്തെ ഫ്രഞ്ച് സാഹിത്യത്തിൽ പ്രവേശിപ്പിച്ച നവോത്ഥാനകാലകവി.)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ