ഇളംചൂടുള്ള വീഞ്ഞുഭരണി പോലൊരു ശിരസ്സിനെ
മി കോഗിറ്റോ തന്റെ കൈകളിൽ എടുത്തുപിടിച്ചിരിക്കുന്നു
ഉടലിന്റെ ശേഷിച്ച ഭാഗങ്ങൾ മറവിലാണ്
തൊട്ടാലേ കാണുകയുള്ളു
അന്യമായതൊന്നിനെ എന്നപോലെ എന്നാൽ അലിവോടെയും
അയാൾ ആ ഉറങ്ങുന്ന ശിരസ്സിനെ ഉറ്റുനോക്കുന്നു
പിന്നെയും വിസ്മയത്തോടയാൾ
ഓർത്തുപോവുകയാണ്
തന്നിൽ നിന്നന്യമായതൊന്നുണ്ടെന്ന്
ഒരു കല്ലുപോലെ
അഭേദ്യമായത്
പാറക്കല്ലുകൾ നിറഞ്ഞ തീരത്തേക്ക്
കടലെടുത്തെറിയും മുമ്പ്
ഒരു നിമിഷത്തേക്കു തുറക്കുന്ന
അതിരുകളുമായി
സ്വന്തം ചോരയുമായി
അന്യന്റെ സ്വപ്നങ്ങളുമായി
സ്വന്തം ചർമ്മവുമായി
മി കോഗിറ്റോ
ഉറങ്ങുന്ന ശിരസ്സിനെ
ഭദ്രമായെടുത്തു മാറ്റിവയ്ക്കുന്നു
അതിന്റെ കവിളുകളിൽ
വിരല്പാടുകൾ പതിയാതെ
ശ്രദ്ധിച്ചുകൊണ്ട്
എന്നിട്ടയാൾ തിരിഞ്ഞുകിടക്കുന്നു
അലക്കിവെളുപ്പിച്ച വിരിപ്പുകളിൽ
ഒറ്റയ്ക്ക്
(1974)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ