പുരോഹിതന്മാർക്കൊരു വിഷമപ്രശ്നം
നീതിശാസ്ത്രത്തിന്റെയും കണക്കെഴുത്തിന്റെയും അതിർത്തിരേഖയിൽ വരുന്നത്
യൂദാ തങ്ങളുടെ കാല്ച്ചുവട്ടിലേക്കു വലിച്ചെറിഞ്ഞ
വെള്ളിനാണയങ്ങൾ കൊണ്ടെന്തുചെയ്യും
ആ തുക കേറ്റിയത്
ചെലവുകളുടെ കോളത്തിലായിരുന്നു
പുരാവൃത്തമെഴുത്തുകാർ അതിനെ
ഐതിഹ്യങ്ങളുടെ കോളത്തിൽ കൊള്ളിക്കും
പ്രതീക്ഷിക്കാത്ത വരുമാനത്തിന്റെ പട്ടികയിൽ
അതിനെ പെടുത്തുക ശരിയായിരിക്കില്ല
അതിനെ ഭണ്ഡാരത്തിൽ മുതൽകൂട്ടുക അപകടകരം
അത് വെള്ളിപ്പണത്തെ മലിനമാക്കിയേക്കാം
അതുകൊണ്ട് ദേവാലയത്തിലേക്കൊരു മെഴുകുതിരിക്കാലു വാങ്ങുന്നതോ
പാവങ്ങൾക്കു കൊടുക്കുന്നതോ ഉചിതമായിരിക്കില്ല
സുദീർഘമായ കൂടിയാലോചനകൾക്കു ശേഷം അവർ തീരുമാനമെടുത്തു
ഒരു കുശവന്റെ പാടം വിലയ്ക്കു വാങ്ങുക
അവിടെ തീർത്ഥാടകർക്കായി
ഒരു സിമിത്തേരി ഉണ്ടാക്കുക
ഒരുതരം മടക്കിക്കൊടുക്കൽ
മരണത്തിന്റെ പണം
മരണത്തിന്
പരിഹാരം
നയപൂർവ്വമായിരുന്നു
എന്നിട്ടുമെന്തുകൊണ്ടാണ്
ആ സ്ഥലത്തിന്റെ പേര്
യുഗങ്ങളായി അന്തരീക്ഷത്തെ പിളർത്തുന്നത്
അക്കൽദാമ
അക്കൽദാമ
എന്നുപറഞ്ഞാൽ രക്തനിലം
(1974)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ