2020, സെപ്റ്റംബർ 5, ശനിയാഴ്‌ച

സ്ബിഗ്നിയെഫ് ഹെർബെർട്ട് - മി കോഗിറ്റോ നാട്ടിലേക്കു മടങ്ങാൻ ആലോചിക്കുന്നു

 

ഞാനിപ്പോൾ അവിടേക്കു മടങ്ങിച്ചെന്നാൽ
എന്റെ പഴയ വീടിന്റെ ഒരു നിഴലെങ്കിലുമോ
കുട്ടിക്കാലത്തെ മരങ്ങളോ
ഇരുമ്പുഫലകം തറച്ച ഒരു കുരിശ്ശോ
ഞാനിരുന്നു മന്ത്രങ്ങളുരുവിട്ടിരുന്ന ഒരു ബഞ്ചോ
ഞങ്ങളുടേതായിരുന്ന എന്തെങ്കിലുമൊന്നോ
ഞാനവിടെ കണ്ടുവെന്നു വരില്ല

ശേഷിച്ചത് ഒരു കൊടിത്തറ മാത്രം
ഒരു ചോക്കുവൃത്തവുമായി
ഞാൻ അതിനു നടുവിൽ ഒറ്റക്കാലിൽ നില്ക്കുന്നു
ചാടുന്നതിനു മുമ്പുള്ള നിമിഷം

വർഷങ്ങൾ കടന്നുപോകുമ്പോഴും
ഗ്രഹങ്ങളും യുദ്ധങ്ങളും തലയ്ക്കുമേൽ കലാപം കൂട്ടുമ്പോഴും
എനിക്കു വളർച്ചയെത്തുന്നില്ല

ഒരു സ്മാരകം പോലെ നിശ്ചേഷ്ടമായി
ഞാൻ നടുക്കു നില്ക്കുന്നു
ഒറ്റക്കാലിൽ
സമാപ്തിയിലേക്കുള്ള ചാട്ടത്തിനു മുമ്പ്

പ്രായമേറുന്ന ചോര പോലെ
ചോക്കുവൃത്തം തുരുമ്പിക്കുന്നു
അതിനു ചുറ്റും
ചാരം കൂമ്പാരം കൂടുന്നു
കൈപ്പൊക്കത്തിൽ
വായുടെ പൊക്കത്തിൽ

(1974)


അഭിപ്രായങ്ങളൊന്നുമില്ല: