നമ്മുടെ സ്വപ്നങ്ങൾ പോലും എത്ര ചുരുങ്ങിപ്പോയി
നമ്മുടെ മുത്തശ്ശന്മാരുടെയും മുത്തശ്ശിമാരുടെയും നിദ്രാഘോഷയാത്രകൾ എവിടെ
കിളികളെപ്പോലെ വർണ്ണാഭമായും കിളികളെപ്പോലെ നിയന്ത്രണം വിട്ടും
കൊട്ടാരപ്പടവുകളവർ ചവിട്ടിക്കയറുമ്പോൾ
ഒരായിരം തൂക്കുവിളക്കുകൾ വെട്ടിത്തിളങ്ങിയിരുന്നു
ഇന്നൊരൂന്നുവടി മാത്രം പരിചയമായ മുത്തശ്ശന്റെ അരയിൽ
ഒരു വെള്ളിവാൾ പറ്റിക്കിടന്നിരുന്നു
അന്നേവരെ സ്നേഹമറിയാത്ത മുത്തശ്ശി
അദ്ദേഹത്തിന്റെ ആദ്യകാമുകിയുടെ ഭാവം മുഖത്തു വരുത്താൻ
കരുണ കാണിക്കൂകയും ചെയ്തിരുന്നു
ചുരുട്ടിന്റെ പുകപടലം പോലുള്ള മേഘങ്ങളിൽ നിന്ന്
ഇശൈയ്യാപ്രവാചകൻ അവരോടുദ്ഘോഷിച്ചിരുന്നു
തിരുവത്താഴത്തിന്റെ അപ്പം പോലെ വിളർത്ത തെരേസാപുണ്യവതി
ഒരു വിറകുകെട്ടുമായി പോകുന്നത് യഥാർത്ഥമായും അവർ കണ്ടിരുന്നു
അവരുടെ ഭീതി താർത്താറുകളുടെ പറ്റം പോലെ വലുതായിരുന്നു
സ്വപ്നത്തിലവരുടെ ആഹ്ലാദം സ്വർണ്ണമഴ പോലെയായിരുന്നു
എന്റെ സ്വപ്നം- വാതിലിൽ മുട്ടുന്നതു കേൾക്കുന്നു
ഞാൻ കുളിമുറിയിൽ മുഖം വടിക്കുകയാണ് ഞാൻ ചെന്നു വാതിൽ തുറക്കുന്നു
ഗ്യാസ്സിന്റെയും കറണ്ടിന്റെയും ബില്ലുകൾ എനിക്കു നേരെ നീളുന്നു
എന്റെ കയ്യിൽ പണമില്ല 63, 50 എന്ന സംഖ്യയും ഓർത്തുകൊണ്ട്
ഞാൻ കുളിമുറിയിലേക്കു മടങ്ങുന്നു
കണ്ണുയർത്തിനോക്കുമ്പോൾ കണ്ണാടിയിൽ കണ്ട മുഖം എത്ര യഥാർത്ഥം
ഞാൻ നിലവിളിച്ചുകൊണ്ട് ചാടിയെഴുന്നേല്ക്കുന്നു
ഒരാരാച്ചാരുടെ ചുവന്ന അങ്കിയോ ഒരു രാജ്ഞിയുടെ രത്നഹാരമോ
ഒരിക്കലെങ്കിലും സ്വപ്നം കാണാൻ എനിക്കു കഴിഞ്ഞെങ്കിൽ
സ്വപ്നങ്ങളോടെത്ര കടപ്പാടെനിക്കുണ്ടാകുമായിരുന്നു
(1974)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ