2020, സെപ്റ്റംബർ 11, വെള്ളിയാഴ്‌ച

സ്ബിഗ്നിയെഫ് ഹെർബെർട്ട്- മി കോഗിറ്റോ സ്പിനോസയുടെ പ്രലോഭനത്തെക്കുറിച്ചു പറയുന്നു



ആംസ്റ്റർഡാമിലെ ബാരുക്ക് സ്പിനോസയെ
ദൈവത്തിലെത്താനുള്ള ഒരാഗ്രഹം കടന്നുപിടിച്ചു

മച്ചുമ്പുറത്തു 
കാചങ്ങൾ ഉരച്ചുമിനുസപ്പെടുത്തുന്നതിനിടെ
പെട്ടെന്നയാൾ ഒരു മൂടുപടം വലിച്ചുകീറി
മുഖത്തോടുമുഖം അവർ നിന്നു

അയാൾ ദീർഘമായി സംസാരിച്ചു
(സംസാരിക്കുമ്പോൾ
അയാളുടെ മനസ്സ് വിപുലമാവുകയായിരുന്നു
അയാളുടെ ആത്മാവും)
മനുഷ്യപ്രകൃതിയെക്കുറിച്ചുള്ള തന്റെ സംശയങ്ങൾ
അയാൾ മുന്നോട്ടുവച്ചു

-ദൈവം മറ്റെന്തോ ഓർത്തുകൊണ്ട് താടിയുഴിഞ്ഞു

ആദികാരണത്തെക്കുറിച്ച് അയാൾ ചോദിച്ചു

-ദൈവം അനന്തതയിലേക്കു നോട്ടമയച്ചു

അന്തിമകാരണത്തെക്കുറിച്ചയാൾ ചോദിച്ചു

-ദൈവം ഞൊട്ടയൊടിക്കുകയും
തൊണ്ട ശരിയാക്കുകയും ചെയ്തു

സ്പിനോസ നിശ്ശബ്ദനായപ്പോൾ
ദൈവം പറഞ്ഞു

-നീ ഒരു സംഭാഷണചതുരനാണ്‌ ബാരുക്ക്
നിന്റെ ലാറ്റിന്റെ ജ്യാമിതീയസ്വഭാവവും
നിന്റെ വാക്യഘടനയുടെ തെളിമയും
നിന്റെ വാദമുഖങ്ങളുടെ പൊരുത്തവും എനിക്കിഷ്ടപ്പെട്ടു

എന്നാൽ നമുക്ക്
യഥാർത്ഥമായും മഹത്തായ
സംഗതികളെക്കുറിച്ചു സംസാരിക്കാം

-നിന്റെ കൈകൾ നോക്കൂ
തഴമ്പിച്ചവ
അവ വിറയ്ക്കുകയാണ്‌

-ഇരുട്ടത്തു തന്നെയിരുന്ന്
നീ കണ്ണു കളയുകയാണ്‌

-നീ വേണ്ടത്ര ആഹാരം കഴിക്കുന്നില്ല
മാന്യമായി വേഷം ധരിക്കുന്നില്ല

-പുതിയൊരു വീടു വാങ്ങൂ
വെനീഷ്യൻ കണ്ണാടികളുടെ പ്രതലം
പ്രതിഫലിപ്പിക്കുന്നുവെങ്കിൽ അതു ക്ഷമിച്ചേക്കൂ

-മുടിയിൽ ചൂടിയ പൂക്കളേയും
കുടിയന്മാരുടെ പാട്ടുകളേയും സഹിച്ചുകൊടുക്കൂ

-നിന്റെ സ്നേഹിതൻ ഡിക്കാർട്ടിനെപ്പോലെ
വരുമാനം നോക്കാൻ പഠിക്കൂ

ഇറാസ്മസ്സിനെപ്പോലെ
സൂത്രശാലിയാകൂ

-ലൂയി കറ്റോർസിന്‌
ഒരു പ്രബന്ധം സമർപ്പിക്കൂ
എന്തായാലും അയാളതു വായിക്കാൻ പോകുന്നില്ല

--യുക്തിയുടെ രോഷം
ഒന്നു മയപ്പെടുത്തൂ
അതു സിംഹാസനങ്ങൾ തട്ടിമറിക്കും
നക്ഷത്രങ്ങളെ കരിപിടിപ്പിക്കും

-നിനക്കൊരു കുഞ്ഞിനെ നല്കുന്ന
ഒരു സ്ത്രീയെക്കുറിച്ചു
ചിന്തിക്കൂ

-നോക്കൂ ബാരുക്ക്
മഹത്തായ സംഗതികളെക്കുറിച്ചാണ്‌
നാം സംസാരിക്കുന്നത്

-പഠിപ്പില്ലാത്തവരുടേയും മെരുക്കമില്ലാത്തവരുടേയും
സ്നേഹമാണ്‌ എനിക്കു ഹിതം
നേരായും എനിക്കു വേണ്ടി ദാഹിക്കുന്നവർ
അവരേയുള്ളു

അതോടെ മൂടുപടം വീഴുന്നു
സ്പിനോസ ഒറ്റയ്ക്കാകുന്നു

ഒരു സുവർണ്ണമേഘമോ
ഉന്നതങ്ങളിൽ ഒരു വെളിച്ചമോ
അയാൾ കാണുന്നില്ല

അയാൾ കാണുന്നത് ഇരുട്ടു മാത്രം

കോണിപ്പടി ഞരങ്ങുന്നതും
ഇറങ്ങിപ്പോകുന്ന കാലൊച്ചകളും അയാൾ കേൾക്കുന്നു
(1974)

സ്പിനോസ Baruch Spinoza (1632-1677)- യൂക്ലിഡിന്റെ ജ്യാമിതീയരീതിയിൽ സ്വയംസിദ്ധമായ ഒരു പ്രത്യയത്തിൽ നിന്നനുപ്രത്യയങ്ങൾ നിർദ്ധാരണം ചെയ്യുന്ന ഒരു ദാർശനികരീതി ആവിഷ്കരിച്ച ജൂതചിന്തകൻ. സാമ്പ്രദായികദൈവസങ്കല്പത്തെ നിരാകരിച്ചതിനാൽ സമൂഹത്തിൽ നിന്നു ഭ്രഷ്ടനായി. കണ്ണടയ്ക്കുള്ള ലെൻസുകൾ ഉരച്ചുണ്ടാക്കിയാണ്‌ ജീവിച്ചത്.


അഭിപ്രായങ്ങളൊന്നുമില്ല: