സഹതാപാർദ്രരായ വണ്ണാത്തിപ്പുള്ളുകൾ
-----------------------------------------
പഴയൊരു ചൈനീസ് പുരാവൃത്തമുണ്ട്
പ്രണയബദ്ധരാകുന്നതിനെക്കുറിച്ച്
ദേവകളവരെ ശിക്ഷിച്ചതിനെക്കുറിച്ച്
അവൾ സ്വർഗ്ഗവാസിയായിരുന്നല്ലോ
അയാൾ വെറുമൊരു മനുഷ്യനും
ഒരിക്കൽ മാത്രം അവർക്കു കണ്ടുമുട്ടാം
ആണ്ടിലൊരിക്കൽ
ഏഴാം മാസത്തിൽ
ഏഴാം നാളിൽ
അവരോടത്രയും സഹതാപം തോന്നി
വണ്ണാത്തിപ്പുള്ളുകൾക്ക്
ഓരോ വർഷവും
ആ ദിവസം
ആകാശഗംഗയ്ക്കു കുറുകേ അവർ നിരക്കും
ഒരു പാലമായി
ആ കമിതാക്കൾക്കു ചുംബിക്കാനായി
സഹതാപാർദ്രരായ വണ്ണാത്തിപ്പുള്ളുകളാണ് കവിതകൾ
പ്രേമിക്കുന്നവർക്കിടയിലെ പാലങ്ങൾ
ആത്മാക്കൾക്കിടയിലെ പാലങ്ങൾ
ലോകങ്ങൾക്കിടയിലെ പാലങ്ങൾ
*
നിന്നെ കാണാൻ ഭംഗിയുണ്ട്
------------------------------
ഭർത്താവ് പറയുന്നു, “നിന്നെ കാണാൻ ഭംഗിയുണ്ട്.”
ചെവി കേൾക്കാതെ ഭാര്യ പറയുന്നു,
“നിങ്ങളെന്റെ കണ്ണട കണ്ടോ?”
“നിന്നെ കാണാൻ ഭംഗിയുണ്ടെന്നാണ് ഞാൻ പറഞ്ഞത്.”
“എന്തായാലും ഞാനെന്റെ കണ്ണട തപ്പട്ടെ,
എന്നിട്ടു നമുക്കു നോക്കാം.”
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ