2023, ഓഗസ്റ്റ് 7, തിങ്കളാഴ്‌ച

തർക്കോവ്സ്കി - ഡയറി

 “സാദ്ധ്യമായ ഒരു യാത്രയേയുള്ളു, അത് അവനവന്റെ ഉള്ളിലുള്ള യാത്രയാണ്‌. ഭൂമിയുടെ പ്രതലത്തിലൂടെ സഞ്ചാരം നടത്തിയിട്ട് നാം അധികമൊന്നും പഠിക്കുന്നില്ല; യാത്ര ചെയ്തു എന്നാവാൻ നാം മടങ്ങിയെത്തണം. ഒരാൾ തുടക്കത്തിലേക്കു മടങ്ങുന്നത് അയാളായിട്ടല്ല എന്നും ഞാൻ കരുതുന്നു; കാരണം, ആ പ്രക്രിയക്കിടയിൽ അയാൾ മാറിക്കഴിഞ്ഞു. നമുക്ക് നമ്മളെ, നാം കൂടെക്കൊണ്ടുനടക്കുന്നതിനെ വിട്ടോടിപ്പോകാൻ കഴിയില്ല. ആമ അതിന്റെ പുറംതോട് ചുമന്നുനടക്കുന്നതുപോലെ നാം നമ്മുടെ ആത്മാവിന്റെ പാർപ്പിടം കൂടെക്കൊണ്ടുനടക്കുന്നു. ലോകത്തെ സർവ്വരാജ്യങ്ങളിലൂടെ യാത്ര ചെയ്താലും അത് വെറും പ്രതീകാത്മകമാണ്‌. നാം എവിടെയെത്തിയാലും അവിടെയും നാം സ്വന്തം ആത്മാവിനെ തേടിക്കൊണ്ടിരിക്കും.”

*

നമ്മുടെ ജീവിതങ്ങളെ നശിപ്പിക്കുകയും വികൃതമാക്കുകയും ചെയ്യുന്ന ക്ഷുദ്രമായ ജിജ്ഞാസയിൽ നിന്ന് നാം സ്വയം മോചിപ്പിച്ചെടുക്കണം. ഒന്നാമതായി വേണ്ടത് പുതിയതെന്തെങ്കിലും കണ്ടാൽ ഉത്തേജിതരാകാനും  അന്നന്നു നടക്കുന്നതിന്റെ പിന്നാലെ പോകാനും നാളെ എന്തു നടക്കും എന്നു കാണാൻ വ്യഗ്രതയോടെ  കാത്തിരിക്കാനുമുള്ള പിടിവിടാത്ത പ്രവണതയുടെ  വേരറുക്കുക എന്നതാണ്‌.

അതല്ലെങ്കിൽ ആശാഭംഗമോ വിരക്തിയോ അല്ലാതെ മനസ്സമാധാനമോ സ്വസ്ഥതയോ നിങ്ങൾക്കു കിട്ടാൻ പോകുന്നില്ല. നിങ്ങളുടെ സ്വസ്ഥമായ പാർപ്പിടത്തിന്റെ പടിവാതിൽ കടന്നുവരുന്നതിനും മുമ്പ് ലോകത്തിന്റെ ദുഷ്ടത തകർന്നുപോകണമെന്നു നിങ്ങൾക്കാഗ്രഹമുണ്ടോ? ഉണ്ടെങ്കിൽ, ലോകത്തു നടക്കുന്ന കാര്യങ്ങൾ ഉണർത്തിവിടുന്ന അശാന്തമായ ആ വികാരാവേശങ്ങളെല്ലാം, ചൂടാറാത്ത ആ വാർത്താശകലങ്ങളെല്ലാം നിങ്ങളുടെ ആത്മാവിൽ നിന്നു നിഷ്കാസനം ചെയ്യുക. എല്ലാ ആരവങ്ങൾക്കും നേരെ, പുറത്തു നടക്കുന്നതിന്റെ മാറ്റൊലികൾക്കെല്ലാം നേരെ നിങ്ങളുടെ വാതിൽ കൊട്ടിയടയ്ക്കുക. അത്രയും നിശ്ചയദാർഢ്യം നിങ്ങൾക്കുണ്ടെകിൽ ലഘുസാഹിത്യം പോലും വർജ്ജിക്കുക; എന്തെന്നാൽ, അതും, സാരാംശത്തിൽ, എഴുത്തുരൂപത്തിലുള്ള അതേ ആരവം തന്നെയാണ്‌.

(പതിനെട്ടാം നൂറ്റാണ്ടിലെ റഷ്യൻ ചിന്തകനായ ചാദയേവിന്റെ ലേഖനത്തിൽ നിന്ന്; തർക്കോവ്സ്കിയുടെ ഡയറിയിൽ ഉദ്ധരിച്ചിരിക്കുന്നത്.)

ഒരു ജീവിതത്തിൽ ആയിരക്കണക്കിനു സ്വപ്നങ്ങൾ നാം കാണുന്നതുപോലെ നമ്മുടെ ഈ ജീവിതവും ആയിരക്കണക്കിനു ജീവിതങ്ങളിൽ ഒന്നുമാത്രമാണ്‌; യഥാർത്ഥവും ശുദ്ധവും സത്യവുമായ ആ ജീവിതത്തിൽ നിന്ന് ഈ ജീവിതത്തിലേക്കു നാം കടന്നുവരുന്നു, മരിക്കുമ്പോൾ ആ ജീവിതത്തിലേക്കു നാം മടങ്ങിപ്പോവുകയും ചെയ്യുന്നു. നമ്മുടെ ജീവിതം ആ യഥാർത്ഥജീവിതം കാണുന്ന ഒരു സ്വപ്നം മാത്രമാണ്‌; ആ ജീവിതം മറ്റൊന്നിന്റെ സ്വപ്നം; അങ്ങനെ അനന്തമായി  പോയിപ്പോയി അവസാനത്തെ യഥാർത്ഥജീവിതത്തിലെത്തുന്നു- ദൈവത്തിന്റെ ജീവിതം.

ജനനവും ലോകത്തെക്കുറിച്ചുള്ള നമ്മുടെ ആദ്യാവബോധവും ഒരു ഉറക്കത്തിലേക്കു വീഴലാണ്‌, അതിമാധുര്യമുള്ള സ്വപ്നവുമാണത്; മരണം ഉറക്കമുണരലാണ്‌. നേരത്തേ മരിക്കുന്നത് മതിയായ ഉറക്കം കിട്ടാത്ത ഒരാളെ വിളിച്ചുണർത്തുന്നപോലെയാണ്‌. പ്രായമായി മരിക്കുന്നത് ആവശ്യത്തിനുറങ്ങിയ ഒരാൾ സ്വമേധയാ ഉണരുന്നപോലെയും. ആത്മഹത്യ ദുഃസ്വപ്നമാണ്‌: താൻ ഉറങ്ങുകയാണെന്ന് നിങ്ങൾക്കോർമ്മ വരികയും നിങ്ങൾ സ്വയം കുലുക്കിയുണർത്തുകയുമാണ്‌.

(ടോൾസ്റ്റോയ് കർമ്മസിദ്ധാന്തത്തെക്കുറിച്ച്. )

-തർക്കോവ്സ്കി

അഭിപ്രായങ്ങളൊന്നുമില്ല: