കലയുടെ ലക്ഷ്യം, ജീവിതത്തിന്റെ ലക്ഷ്യം ഓരോ മനുഷ്യനിലും ലോകത്താകെയുമുള്ള സ്വാതന്ത്ര്യത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും ആകെത്തുക കൂട്ടുക എന്നതല്ലാതെ മറ്റൊന്നല്ല. അതൊരിക്കലും, ഒരു സാഹചര്യത്തിലും, ആ സ്വാതന്ത്ര്യത്തെ ചുരുക്കുകയോ അടിച്ചമർത്തുകയോ ചെയ്യുക എന്നതാവരുത്, താല്ക്കാലികമായിപ്പോലും. മനുഷ്യനെ ഏതെങ്കിലും ബാഹ്യനിയമത്തിനനുരൂപമായി മെരുക്കിയെടുക്കുന്നതിലേക്കു നയിക്കുന്ന ചില കലാസൃഷ്ടികളുണ്ട്. അവനെ തന്നിലെ ഏറ്റവും അധമമായതിന്, ഭീതിയ്ക്കോ വിദ്വേഷത്തിനോ, കീഴ്പ്പെടുത്തുന്ന വേറേ ചിലതുമുണ്ട്. എന്റെ കണ്ണിൽ അത്തരം സൃഷ്ടികൾ വിലകെട്ടതാണ്. മഹത്തായ ഒരു രചനയും വിദ്വേഷമോ അവജ്ഞയോ ആധാരമാക്കിയിട്ടില്ല. മറിച്ച്, യഥാർത്ഥമെന്നു പറയാവുന്ന ഒരു കലാസൃഷ്ടിയുമില്ല, അതിനെ അറിയുകയും സ്നേഹിക്കുകയും ചെയ്ത ഓരോ മനുഷ്യന്റെയും ഉള്ളിലുള്ള സ്വാതന്ത്ര്യത്തിന്റെ അളവു കൂട്ടാത്തതായി. അതെ, ഞാൻ പുകഴ്ത്തുന്നത് ആ സ്വാതന്ത്ര്യത്തെയാണ്, ജീവിതത്തിൽ എനിക്കു തുണയാകുന്നതും അതാണ്. കലാകാരൻ അയാളുടെ ഒരു സൃഷ്ടിയിൽ വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യാം. അയാളുടെ ജീവിതം വിജയമോ പരാജയമോ ആവാം. എന്നാൽ, മനുഷ്യരെ ഞെരിച്ചമർത്തുന്ന പലതരം ബന്ധനങ്ങളുടെ ഭാരം ഒട്ടൊന്നു കുറയ്ക്കാനോ താങ്ങാവുന്നതെങ്കിലുമാക്കാനോ തന്റെ ദീർഘകാലയത്നത്തിന്റെ ഫലമായി തനിക്കു കഴിഞ്ഞു എന്നയാൾക്കു തന്നോടുതന്നെ പറയാമെന്നായാൽ ഒരുതരത്തിൽ അയാൾക്കൊരു ന്യായീകരണം കിട്ടിക്കഴിഞ്ഞു, ഒരളവു വരെ അയാൾക്കു സ്വയം മാപ്പു കൊടുക്കുകയും ചെയ്യാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ