2023, ഓഗസ്റ്റ് 28, തിങ്കളാഴ്‌ച

പാബ്ലോ നെരൂദ - കഴിഞ്ഞ കാലം



കഴിഞ്ഞ കാലത്തെ നാം ഉപേക്ഷിച്ചുകളയണം,
നിലയ്ക്കു മേൽ നിലയായി,
ഓരോരോ ജനാലയായി നാം പണിയുമ്പോൾ
കെട്ടിടം ഉയർന്നുവരുമ്പോലെ,
അതുപോലെ നാം കൊഴിച്ചുകളയണം-
ആദ്യം, പൊട്ടിയ ഓടുകൾ,
പിന്നെ, ഗർവ്വിതരായ വാതിലുകൾ-
ഒടുവിൽ കഴിഞ്ഞ കാലത്തുനിന്ന്
പൊടിയടിഞ്ഞുവീഴും വരെ,
തറയിൽ ചെന്നിടിച്ചുതകരാനെന്നപോലെ,
തീ പിടിച്ചപോലെ പുക ഉയരും വരെ,
ഓരോ പുതിയ നാളും
ഒഴിഞ്ഞ പിഞ്ഞാണം പോലെ വെട്ടിത്തിളങ്ങും വരെ.
ഒന്നുമില്ല, ഒന്നുമുണ്ടായിരുന്നേയില്ല.
അതു നിറയ്ക്കേണ്ടിവരുന്നു,
നവീനവും വികസ്വരവുമായൊരു സാഫല്യത്താൽ;
ഇന്നലെ താഴെ വീഴുന്നു,
ഇന്നലെയുടെ ജലം കിണറ്റിലെന്നപോലെ,
ഒരു നീർത്തൊട്ടിയിൽ
ഒച്ചയില്ലാതെ, തീയില്ലാതെ.
ദുഷ്കരമാണ്‌,
എല്ലുകൾക്ക് മറഞ്ഞുപോകുന്നതു  പരിചയമാവാൻ,
അടയാൻ കണ്ണുകളെ പഠിപ്പിക്കാൻ,
എന്നാൽ അറിയാതെ നാമതു ചെയ്യുകയും ചെയ്യുന്നു.
എല്ലാം ജീവനുള്ളതായിരുന്നു,
ജീവൻ, ജീവൻ, ജീവനുള്ളതായിരുന്നു,
ഒരു കടുംചെമലമീനിനെപ്പോലെ.
കാലമെന്നാൽ ഒരിരുണ്ട തുണിയുമായി വന്നു,
മീനിന്റെ മിന്നലിനെ തുടച്ചുമാറ്റിക്കൊണ്ടേയിരുന്നു.
വെള്ളം, വെള്ളം, വെള്ളം
കഴിഞ്ഞ കാലം ഇറ്റിക്കൊണ്ടേയിരുന്നു,
മുള്ളുകളിലും വേരുകളിലുമതു പിടിമുറുക്കിക്കൊണ്ടേയിരുന്നു.
അതു കഴിഞ്ഞു, അതു കഴിഞ്ഞു,
ഓർമ്മകൾക്കിപ്പോൾ അർത്ഥവുമില്ലാതായി.
കനം തൂങ്ങുന്ന കൺപോളകളിപ്പോൾ
കണ്ണുകളുടെ വെളിച്ചത്തെ മൂടിവയ്ക്കുന്നു,
ഒരിക്കൽ ജീവനുണ്ടായിരുന്നതിനിപ്പോൾ
ജീവനെന്നതില്ലാതെയുമാകുന്നു;
നാമെന്തായിരുന്നുവോ, അതല്ല നാമിപ്പോൾ.
വാക്കുകളുടെ കാര്യമാണെങ്കിൽ,
അക്ഷരങ്ങൾക്കിപ്പോഴുമുണ്ട് ഒച്ചയും തെളിച്ചവുമെങ്കിലും
അവ മാറുന്നു, ചുണ്ടുകളും മാറുന്നു;
അതേ ചുണ്ടുകളിപ്പോൾ മറ്റേതോ ചുണ്ടുകൾ;
അവ മാറുന്നു, ചുണ്ടുകൾ, ചർമ്മം, ചോരയോട്ടം;
നമ്മുടെ എല്ലിൻകൂട്ടിൽ മറ്റൊരാത്മാവ് കുടിയേറുന്നു;
ഒരിക്കൽ നമ്മിലുണ്ടായിരുന്നത് ഇന്നില്ലാതാവുന്നു.
അത് നമ്മെ വിട്ടുപോയിരിക്കുന്നു,
എന്നാൽ അവർ നമ്മെ വിളിക്കുമ്പോൾ
“ഞാനിവിടെയുണ്ട്” എന്നു നാം മറുപടി പറയുമ്പോൾ
നമുക്കു ബോദ്ധ്യമുണ്ട്, 
ഒരിക്കലുണ്ടായിരുന്നത് ഇല്ലാതായിക്കഴിഞ്ഞുവെന്ന്,
കഴിഞ്ഞ കാലത്തലിഞ്ഞില്ലായിക്കഴിഞ്ഞുവെന്ന്,
ഇന്നത് മടങ്ങിവരാറില്ലെന്ന്.
*

അഭിപ്രായങ്ങളൊന്നുമില്ല: