2023, ഓഗസ്റ്റ് 3, വ്യാഴാഴ്‌ച

ഫ്ലോബേറിന്റെ ഒരു കത്ത്


ആദ്യമേതന്നെ ഞാൻ നിങ്ങൾക്കു നന്ദി പറയട്ടെ; നിങ്ങൾ അയച്ചതെല്ലാം എനിക്കു കിട്ടി. നന്ദി, കത്തിന്‌, പുസ്തകങ്ങൾക്ക്, എല്ലാറ്റിനുമുപരി ആ ഛായാചിത്രത്തിന്‌. ആ സൂക്ഷ്മമായ ജാഗ്രത എന്റെ മനസ്സിനെ സ്പർശിച്ചു.

നിങ്ങളുടെ മൂന്നു വാല്യങ്ങൾ ഞാൻ സാവധാനം, ശ്രദ്ധ കൊടുത്തു വായിക്കാൻ പോവുകയാണ്‌- എന്നു പറഞ്ഞാൽ അവ അർഹിക്കുന്ന രീതിയിൽ (അതെനിക്ക് മുൻകൂട്ടിത്തന്നെ തീർച്ചയാണ്‌.)

പക്ഷേ തല്ക്കാലം എനിക്കതു കഴിയില്ല; കാരണം, ഗ്രാമത്തിലേക്കു മടങ്ങുന്നതിനു മുമ്പ് പൗരാണികതയുടെ തീർത്തും അജ്ഞാതമായ ഒരു കാലഘട്ടത്തെക്കുറിച്ച് എനിക്കു ചില പുരാവസ്തുപഠനങ്ങൾ ചെയ്തുതീർക്കാനുണ്ട്- മറ്റൊരു ദൗത്യത്തിനായുള്ള ഒരു ദൗത്യം. ക്രിസ്തുവിനു മൂന്നു നൂറ്റാണ്ടു മുമ്പു നടന്ന കാര്യങ്ങളെക്കുറിച്ച് ഒരു നോവലെഴുതാൻ പോവുകയാണു ഞാൻ. ആധുനികലോകത്തു നിന്ന് ഒരവധിയെടുക്കേണ്ടതാണെന്ന് എനിക്കു തോന്നുന്നു: ആവശ്യത്തിലധികം കാലം എന്റെ തൂലിക അതിൽ മുഴുകിക്കഴിഞ്ഞിരിക്കുന്നു; അതിനെ കാണുന്നത് എത്രയ്ക്കു വെറുപ്പാണോ, അത്രയ്ക്ക് അതിനെ ചിത്രീകരിക്കുന്നതും എനിക്കു മടുപ്പായിരിക്കുന്നു.

പറഞ്ഞാൽ മനസ്സിലാകുന്ന നിങ്ങളെപ്പോലൊരു വായനക്കാരിയുടെ മുന്നിൽ മദാം, ആർജ്ജവം ഒരു കടമയാണ്‌. അതിനാൽ ഞാൻ നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നല്കാം: മദാം ബോവറി യഥാർത്ഥത്തിൽ നടന്ന കാര്യങ്ങളെക്കുറിച്ചല്ലേയല്ല. തീർത്തും കല്പിതമായ ഒരു കഥയാണത്; എന്റെ വികാരങ്ങളോ എന്റെ വ്യക്തിജീവിതത്തിൽ നിന്നുള്ള വിശദാംശങ്ങളോ ഒന്നുപോലും അതിലില്ല. നേരേ മറിച്ച്,  യാഥാർത്ഥ്യമെന്ന പ്രതീതി (അങ്ങനെയൊന്ന് ഉണ്ടെങ്കിൽ) വരുന്നത് ആ പുസ്തകത്തിന്റെ നിർവ്യക്തികതയിൽ നിന്നാണ്‌. എഴുത്തുകാരൻ ഒരിക്കലും സ്വന്തം പ്രമേയമാകരുത് എന്നത് എന്റെയൊരു പ്രമാണമാണ്‌. കലാകാരൻ തന്റെ കൃതിയിൽ സൃഷ്ടിയിൽ ദൈവത്തെപ്പോലെയാകണം: അദൃശ്യനും സർവ്വശക്തനും; അയാളുടെ സാന്നിദ്ധ്യം എവിടെയുമുണ്ടാകണം, ഒരിടത്തും അയാൾ കാണപ്പെടുകയുമരുത്.

തന്നെയുമല്ല, കല വ്യക്തിപരമായ വികാരങ്ങൾക്കും വൈകാരികസംക്ഷോഭങ്ങൾക്കും മുകളിലേക്കുയരുകയും വേണം. ഭൗതികശാസ്ത്രങ്ങളുടെ കൃത്യതയുള്ള, നിർദ്ദയമായ ഒരു ചിട്ട അതിനു നല്കേണ്ട കാലമായിരിക്കുന്നു. അപ്പോഴും, എന്നെ സംബന്ധിച്ച് ഏറ്റവും മുഖ്യമായ വൈഷമ്യം അവശേഷിക്കുന്നു: ശൈലി, രൂപം, പ്ലേറ്റോ പറഞ്ഞപോലെ സത്യത്തിന്റെ ഗരിമയെ സങ്കല്പിക്കുന്നതിലും ആവിഷ്കരിക്കുന്നതിലും അന്തർനിഹിതമായ ആ അവാച്യസൗന്ദര്യം.

ഏറെക്കാലത്തേക്ക് മദാം, നിങ്ങളുടേതുപോലൊരു ജീവിതമായിരുന്നു എന്റേതും. ഗ്രാമത്തിൽ, തീർത്തും ഏകാകിയായി വളരെ വർഷങ്ങൾ ഞാൻ ജീവിച്ചു; മരങ്ങളിൽ കാറ്റു പിടിക്കുന്നതും എന്റെ ജനാലയ്ക്കു ചോടെ സേൻ നദിയിൽ പൊന്തിയൊഴുകുന്ന മഞ്ഞുകട്ടകൾ വെടിയ്ക്കുന്നതുമല്ലാതെ മഞ്ഞുകാലങ്ങളിൽ യാതൊന്നും ഞാൻ കേട്ടിരുന്നില്ല. ജീവിതത്തിനെക്കുറിച്ച് എന്തെങ്കിലും ഒരു ധാരണയിൽ ഞാൻ എത്തിച്ചേർന്നിട്ടുണ്ടെങ്കിൽ അതിനു കാരണം ജീവിതം, ആ വാക്കിന്റെ സാമാന്യമായ അർത്ഥത്തിൽ വളരെക്കുറച്ചേ ഞാൻ ജീവിച്ചിട്ടുള്ളു എന്നതാണ്‌; ഞാൻ കഴിച്ചത് വളരെക്കുറച്ചായിരുന്നു, ഞാൻ അയവിറക്കിയത് വളരെയധികവും; എല്ലാതരം ആളുകളേയും ഞാൻ കണ്ടിട്ടുണ്ട്, പല നാടുകളും ഞാൻ കണ്ടു. കാൽനടയായും ഒട്ടകപ്പുറത്തും ഞാൻ യാത്ര ചെയ്തിട്ടുണ്ട്. പാരീസിലെ ഊഹക്കച്ചവടക്കാരും ദമാസ്കസിലെ ജൂതന്മാരും ഇറ്റാലിയൻ ചട്ടമ്പികളും നീഗ്രോ വേഷംകെട്ടുകാരും എനിക്കു പരിചയക്കാരായിരുന്നു. വിശുദ്ധദേശത്തേക്കു ഞാൻ തീർത്ഥയാത്ര ചെയ്തിട്ടുണ്ട്, പർണാസസ്സിലെ മഞ്ഞിൽ ഞാൻ വഴി തെറ്റിയലഞ്ഞിട്ടുമുണ്ട്- അത് പ്രതീകാത്മകമായി എടുത്താൽ മതി.

പരാതിയില്ല; ലോകത്തിന്റെ നാലു മൂലയ്ക്കും ഞാൻ പോയിക്കഴിഞ്ഞു; നിങ്ങൾ സ്വപ്നം കാണുന്ന ആ പാരീസിനെക്കുറിച്ച് തികഞ്ഞ ഗ്രാഹ്യവും എനിക്കുണ്ട്. സ്വീകരണമുറിയുടെ ഊഷ്മളതയിൽ അരികിൽ ഒരു പുസ്തകവുമായി  ഇരിക്കുക, നിങ്ങളുടെ മാനസികപ്രതികരണം നിശിതമായിരിക്കുമ്പോൾ ഹാംലെറ്റോ ഫൗസ്റ്റോ എടുത്തു വായിക്കുക - അതിനു  പകരം വയ്ക്കാൻ യാതൊന്നുമില്ല;  വെനീസിൽ ഗ്രാൻഡ് കനാലിനരികിൽ ഒരു ചെറിയ കൊട്ടാരം വാങ്ങുക എന്നതാണ്‌ എന്റെ സ്വപ്നം.

അങ്ങനെ മദാം, നിങ്ങളുടെ ജിജ്ഞാസയുടെ ഒരു ഭാഗത്തിനു നിവൃത്തിയായതായി ഞാൻ കരുതുന്നു. എന്റെ ഛായാചിത്രവും ജീവചരിത്രവും പൂർണ്ണമാക്കുന്നതിനായി ഇതും കൂടി കൂട്ടിച്ചേർക്കുക: എനിക്കു മുപ്പത്തഞ്ചു വയസ്സാണ്‌, അഞ്ചടി എട്ടിഞ്ച് ഉയരം, കപ്പലിലെ ചുമട്ടുകാരനുള്ള ചുമലുകൾ, ഒരു പരിഷ്കാരിയുവതിയുടെ പെട്ടെന്നു വെറി പിടിക്കുന്ന സ്വഭാവവും. ഞാൻ അവിവാഹിതനും ഒറ്റയ്ക്കു കഴിയുന്നവനുമാണ്‌.

(ഗുസ്താവ് ഫ്ലോബേർ എഴുത്തുകാരിയായ Mlle Leroyer de Chantepieയ്ക്ക് 1857 മാർച്ച് 18നയച്ച കത്തിൽ നിന്ന്)




അഭിപ്രായങ്ങളൊന്നുമില്ല: