2023, ഓഗസ്റ്റ് 6, ഞായറാഴ്‌ച

അൽബേർ കമ്യു - പതനം

 ...നോക്കൂ, നിങ്ങൾ ഏകാകിയും ഒപ്പം ക്ഷീണിതനുമാണെങ്കിൽ താനൊരു പ്രവാചകനാണെന്ന ചിന്തയിലേക്കു വഴുതിവീഴാൻ എളുപ്പമാണ്‌. കല്ലും മൂടല്മഞ്ഞും വെള്ളം കെട്ടിക്കിടക്കുന്ന കുണ്ടുകളും നിറഞ്ഞ ഒരു മണലാരണ്യത്തിലേക്കൊളിച്ചോടിയ ഞാൻ ശരിക്കും അങ്ങനെയൊരാളുമാണ്‌- ഹീനമായ ഒരു കാലത്തിനു ചേർന്ന പൊള്ളപ്രവാചകൻ, ഒരു മിശിഹയും വരാനില്ലാത്ത ഒരിശയ്യാവ്; പനിയും ചാരായവും നിറഞ്ഞ്, ഈ പൂതലിച്ച വാതിലിൽ പുറം ചേർത്ത്, കാർമേഘം നിറഞ്ഞ മാനത്തേക്കു വിരൽ ചൂണ്ടി, ന്യായവിധിക്കു നിന്നുകൊടുക്കുന്നതു താങ്ങാൻ പറ്റാത്ത നിയമഹീനർക്കു മേൽ ശാപങ്ങൾ ചൊരിയുന്നവൻ. അവർക്കതു താങ്ങാൻ പറ്റില്ല, എന്റെ പൊന്നുചങ്ങാതീ, അതാണു കാര്യം. നിയമം പാലിക്കുന്നവന്‌ ന്യായവിധിയെ ഭയക്കേണ്ടതില്ല: താൻ വിശ്വസിക്കുന്ന ഒരു വ്യവസ്ഥയിലേക്ക് അയാളെ തിരിച്ചെടുക്കുകയാണ്‌ അതു ചെയ്യുന്നത്. എന്നാൽ ഏറ്റവും വലിയ മനുഷ്യദണ്ഡന ഒരു നിയമവുമില്ലാതെ വിധിക്കപ്പെടുക എന്നതാണ്‌. ആ ദണ്ഡനയിലാണ്‌ നാം എത്തിപ്പെട്ടിരിക്കുന്നതും. തങ്ങൾക്കു സ്വാഭാവികമായി ഉണ്ടായിരുന്ന നിയന്ത്രണങ്ങളിൽ നിന്നു മുക്തരായതിനാൽ തുടലഴിച്ചുവിട്ടപോലായ ന്യായാധിപന്മാർ ഓടിപ്പാഞ്ഞുനടന്ന് പണി തീർക്കുകയാണ്‌. അതിനാൽ അവരെക്കാൾ വേഗത്തിൽ പോകാൻ നമ്മളും നോക്കണം, വേണ്ടേ? കൂറ്റനൊരു ഭ്രാന്താലയമാണ്‌ ഫലം. പ്രവാചകന്മാരും മുറിവൈദ്യന്മാരും കണ്ടമാനം പെരുകുന്നു; ഉത്തമമായ ഒരു നിയമം, അല്ലെങ്കിൽ, കുറ്റമറ്റ ഒരു വ്യവസ്ഥിതി സൃഷ്ടിക്കാൻ അവർ ഓടിക്കൂടുന്നു. ഭാഗ്യത്തിന്‌ ഞാൻ ഇങ്ങെത്തിക്കഴിഞ്ഞു! ഞാനാണ്‌ ആദ്യവും അവസാനവും, ഞാൻ പ്രഖ്യാപിക്കുന്നതാണ്‌ നിയമം. ചുരുക്കത്തിൽ ഞാനൊരു പശ്ചാത്തപിക്കുന്ന ന്യായാധിപനാണ്‌.

*

...നോക്കൂ, എനിക്കറിയാവുന്ന ഒരാൾ മനുഷ്യരെ മൂന്നുതരമായി വിഭജിക്കാറുണ്ടായിരുന്നു: നുണ പറയേണ്ടിവരുന്നതിനെക്കാൾ ഒന്നും ഒളിപ്പിക്കാതിരിക്കാൻ ഇഷ്ടപ്പെടുന്നവർ; ഒന്നും ഒളിപ്പിക്കാൻ ഇല്ലാതെവരുന്നതിനെക്കാൾ നുണ പറയാൻ ഇഷ്ടപ്പെടുന്നവർ; നുണ പറയുന്നതിനൊപ്പം ഒളിപ്പിക്കാനും ഇഷ്ടപ്പെടുന്നവർ. ഏതു ഗണത്തിലാണ്‌  എന്നെപ്പെടുത്തേണ്ടതെന്ന് താങ്കൾക്കുതന്നെ തീരുമാനിക്കാം.

ഏതായാലും ഞാനെന്തിനതു കാര്യമാക്കണം? നുണകൾതന്നെ നമ്മെ നേരിലേക്കുള്ള വഴിയിൽ എത്തിക്കാറില്ലേ? എന്റെ കഥകളും, നേരായാലും നുണയായാലും, അതേ നിഗമനത്തിലേക്കു തന്നെയല്ലേ കൈചൂണ്ടുക? അവയ്ക്കെല്ലാം ഒരേ അർത്ഥം തന്നെയല്ലേ ഉള്ളത്? അതിനാൽ, അവ ശരിയോ തെറ്റോ എന്നതിൽ എന്തു കാര്യമിരിക്കുന്നു, രണ്ടായാലും ഞാൻ എന്തായിരുന്നു, ഞാൻ എന്താണ്‌ എന്നതിനെയാണ്‌ അവ സൂചിപ്പിക്കുന്നതെങ്കിൽ? ചിലപ്പോഴൊക്കെ, നേരു പറയുന്ന ഒരാളെക്കാൾ നുണ പറയുന്നവനെയാണ്‌ നമുക്ക് കൂടുതൽ നന്നായി മനസ്സിലാവുക. വെളിച്ചം പോലെ സത്യവും കണ്ണഞ്ചിപ്പിക്കും. അസത്യം, മറിച്ച്, ഏതു വസ്തുവിന്റെയും മാറ്റു കൂട്ടുന്ന സുന്ദരമായ അന്തിവെളിച്ചം പോലെയാണ്‌...

*

ഒരപരാധവും ചെയ്തിട്ടില്ലെന്ന് അവകാശപ്പെടുകയാണ്‌ നാമോരോരുത്തരും, മനുഷ്യവംശത്തെയും ദൈവത്തെത്തന്നെയും കുറ്റപ്പെടുത്തുകയാണ്‌ അതിനർത്ഥം എന്നു വന്നാലും. ബുദ്ധിശാലിയോ ഉദാരമതിയോ ആയിത്തീരുന്നതിനെടുത്ത യത്നത്തിന്റെ പേരിൽ ഒരാളെ നിങ്ങൾ അഭിനന്ദിച്ചാൽ അയാൾക്കത് വലിയ സന്തോഷമൊന്നും ഉണ്ടാക്കണമെന്നില്ല; മറിച്ച് ജന്മനാതന്നെ അയാൾ എത്ര ഉദാരമതിയാണെന്നു പുകഴ്ത്തിയാൽ അയാളുടെ മുഖം പൂത്തുവിടരുന്നത് നിങ്ങൾക്കു കാണാം. ഇനി, ഒരു കുറ്റവാളിയോട് അയാൾ ചെയ്ത അതിക്രമം അയാളുടെ പ്രകൃതത്തിൽ നിന്നോ സ്വഭാവത്തിൽ നിന്നോ വന്നതല്ല, ദൗർഭാഗ്യകരമായ ചുറ്റുപാടുകൾ കൊണ്ടുണ്ടായതാണെന്നു പറഞ്ഞുനോക്കൂ, അയാളുടെ നന്ദിയും കടപ്പാടും ഇത്രയെന്നു പറയാൻ പറ്റില്ല. അയാൾക്കു വേണ്ടി കോടതിയിൽ വാദിക്കുകയാണെന്നു നിങ്ങൾ എന്നു സങ്കല്പിച്ചാൽ ആ നിമിഷത്തിലായിരിക്കും അയാൾ കണ്ണീർ വാർക്കുകയും ചെയ്യുക. എന്നാൽ ജന്മനാ സത്യസന്ധനോ ബുദ്ധിമാനോ ആകുന്നതിൽ എന്തു കേമത്തമിരിക്കുന്നു? സാഹചര്യങ്ങൾ കൊണ്ടു കുറ്റവാളിയായ ഒരാളുടെ ഉത്തരവാദിത്വത്തിൽക്കൂടുതൽ ഒന്നുമില്ല ജന്മം കൊണ്ടു കുറ്റവാളിയായ ഒരാൾക്ക് എന്നതുപോലെയാണതും. ഈ തെമ്മാടികൾക്കു പക്ഷേ മാപ്പു വേണം, എന്നു പറഞ്ഞാൽ ഉത്തരവാദിത്വത്തിൽ നിന്നൊഴിഞ്ഞുമാറണം; അതിനവർ പ്രകൃതത്തെപ്പിടിച്ചുള്ള ന്യായീകരണങ്ങളോ സാഹചര്യം പറഞ്ഞുള്ള ഒഴികഴിവുകളോ നിരത്തും, രണ്ടും പരസ്പരവിരുദ്ധമാണെന്നു വന്നാലും. പ്രധാനകാര്യം തങ്ങൾ നിരപരാധികളാണ്‌ എന്നതാണ്‌, ജന്മം കൊണ്ടു തങ്ങൾക്കു സിദ്ധിച്ച നന്മകളെ ചോദ്യം ചെയ്യരുത്, നിമിഷികമായ നോട്ടക്കുറവിന്റെ ഉല്പന്നങ്ങളായ തങ്ങളുടെ അതിക്രമങ്ങളെ താല്ക്കാലികപ്രതിഭാസങ്ങളായി മാത്രം കാണുകയും വേണം. ഞാൻ പറഞ്ഞുവല്ലോ, ന്യായവിധിയിൽ നിന്നൊഴിഞ്ഞുമാറുക എന്നതാണ്‌ കാര്യം. എന്നാൽ, ദുഷ്കരമാണതെന്നതിനാൽ, ആളുകളെക്കൊണ്ട് നിങ്ങളെ പ്രകൃതത്തെ അഭിനന്ദിപ്പിക്കുകയും ഒപ്പം അതിനു മാപ്പു കൊടുപ്പിക്കുകയും ചെയ്യുക എന്നത് വിഷമം പിടിച്ച കാര്യമാണെന്നതിനാൽ, അവർ പണക്കാരാകാൻ ശ്രമിക്കും. എന്തിന്‌? അതാണോ നിങ്ങൾ ആലോചിക്കുന്നത്? സംശയമെന്തിന്‌, അധികാരത്തിനു തന്നെ. എന്നാൽ അതിലും വിശേഷിച്ച്, സമ്പത്ത് നിങ്ങളെ തത്ക്ഷണവിചാരണയിൽ നിന്നു രക്ഷിക്കുന്നതിനാൽ, സബ്‌വേയിലെ ആൾക്കൂട്ടത്തിൽ നിന്നു നിങ്ങളെ പൊക്കിയെടുത്ത് ക്രോമിയം പ്ലേറ്റു ചെയ്ത കാറിൽ കെട്ടിയടയ്ക്കുന്നതിനാൽ, മതിലു കെട്ടിത്തിരിച്ച കൂറ്റൻ പുൽത്തകിടികളിൽ, ഒന്നാം ക്ലാസ് റയിൽവേ കോച്ചിൽ, ആഡംബരക്കപ്പലിലെ ക്യാബിനിൽ നിങ്ങളെ വേറിട്ടുനിർത്തുന്നതിനാൽ. സമ്പത്ത്, എന്റെ പൊന്നുചങ്ങാതീ, ശിക്ഷയിൽ നിന്നു വിട്ടയക്കലല്ല, ശിക്ഷ നീട്ടിവയ്ക്കലാണ്‌; അതൊരിക്കലും വേണ്ടെന്നു വയ്ക്കുകയുമരുത്.

*

എനിക്കാരും കൂട്ടുകാരില്ലെന്ന് എങ്ങനെയാണു ഞാൻ അറിയുക? വളരെ എളുപ്പം. എന്റെ കൂട്ടുകാരെ ഒന്നു കളിപ്പിക്കാനായി ആത്മഹത്യയെക്കുറിച്ചാലോചിക്കുമ്പോൾ എനിക്കതു മനസ്സിലായി. ഒരു തരത്തിൽ അതവർക്കൊരു ശിക്ഷയാകട്ടെ എന്നായിരുന്നു എന്റെ മനസ്സിൽ. എന്നാൽ ആരെ ശിക്ഷിക്കാൻ? ചിലർക്കത് ഒരത്ഭുതമായി തോന്നിയെന്നുവരാം, അല്ലാതെ ആരുമത് തങ്ങൾക്കൊരു ശിക്ഷയായി എടുക്കില്ല. എനിക്ക് ആരും കൂട്ടുകാരായി ഇല്ലെന്ന് എനിക്കു ബോദ്ധ്യപ്പെട്ടു. ഇനി, അങ്ങനെ ആരെങ്കിലും ഉണ്ടായിരുന്നു എന്നിരിക്കട്ടെ, അതുകൊണ്ടെനിക്കു കാര്യമായ ഗുണമൊന്നും ഉണ്ടാകാനും പോകുന്നില്ല. ആത്മഹത്യ ചെയ്യാൻ എനിക്കു സാദ്ധ്യമായെന്നിരിക്കട്ടെ, അതവരിൽ എന്തു പ്രഭാവമാണുണ്ടാക്കുന്നതെന്ന് എനിക്കും കാണാനും പറ്റിയെന്നിരിക്കട്ടെ, അപ്പോൾ, അതെ, അതുകൊണ്ട് എന്തെങ്കിലും കാര്യമുണ്ടായി എന്നു വരാം. എന്നാൽ, മണ്ണ്‌ ഇരുണ്ടതാണ്‌, എന്റെ സുഹൃത്തേ, തടി കട്ടികൂടിയതാണ്‌, ശവക്കച്ച വെളിച്ചം കടക്കാത്തതുമാണ്‌. അതേയതെ, ആത്മാവിന്റെ കണ്ണുകൾ- ആത്മാവ് എന്നൊന്നുണ്ടെങ്കിൽ, അതിനു കണ്ണുകളുമുണ്ടെങ്കിൽ! പക്ഷേ നോക്കൂ, നമുക്കതു തീർച്ചയില്ല, തീർച്ചയാക്കാൻ പറ്റില്ല. അല്ലെങ്കിൽ ഇങ്ങനെയൊരു പരിഹാരമുണ്ട്; നിങ്ങളെ അവർ ഗൗരവത്തോടെ എടുക്കുകയെങ്കിലും ചെയ്യുക. നിങ്ങളുടെ വാദങ്ങൾ, നിങ്ങളുടെ ആത്മാർത്ഥത, അല്ലെങ്കിൽ നിങ്ങളനുഭവിക്കുന്ന യാതനയുടെ ഗൗരവം അവർക്കു ബോദ്ധ്യപ്പെടുകതന്നെയില്ല, നിങ്ങളുടെ മരണം കൊണ്ടല്ലാതെ. നിങ്ങൾ ജീവിച്ചിരിക്കുന്ന കാലത്തോളം നിങ്ങളുടെ കാര്യം സംശയാസ്പദമായിരിക്കും, അവരുടെ സംശയദൃഷ്ടിയേ നിങ്ങൾ അർഹിക്കുന്നുള്ളു. നിങ്ങൾക്കാ കാഴ്ച കണ്ടാസ്വദിക്കാം എന്ന എത്ര ചെറുതെങ്കിലുമായ തീർച്ച ഉണ്ടായാൽ മാത്രമേ, അവർ വിശ്വസിക്കാൻ തയാറില്ലാതിരുന്നതൊന്ന് അവർക്കു മുന്നിൽ തെളിയിച്ചുകൊടുത്ത് അവരെ അമ്പരപ്പിച്ചതുകൊണ്ടു കാര്യമുള്ളു. പക്ഷേ നിങ്ങൾ സ്വയം കൊല്ലുന്നു; എന്നിട്ടുപിന്നെ അവർ വിശ്വസിച്ചാലും ഇല്ലെങ്കിലും അതുകൊണ്ടെന്തു നേടാൻ? അവരുടെ അന്ധാളിപ്പും പശ്ചാത്താപവും (അതെത്രയും അല്പായുസ്സുമായിരിക്കും) കാണാൻ, സ്വന്തം ശവസംസ്കാരത്തിനു സാക്ഷിയാവാൻ (ഏതു മനുഷ്യന്റെയും സ്വപ്നമാണത്) നിങ്ങൾ ഇല്ലല്ലോ. നമ്മളെക്കുറിച്ചുള്ള സംശയം ഇല്ലാതാവണമെങ്കിൽ നമ്മൾ ഇല്ലാതാവണം, അത്രതന്നെ.

*

“ഇതിനു നിങ്ങൾ അനുഭവിക്കും!” കാണാൻ മിടുക്കനായ ഒരാളെ വിവാഹം കഴിക്കുന്നതിനെതിരുനിന്ന അച്ഛനോട് ചെറുപ്പക്കാരിയായ ഒരു മകൾ പറഞ്ഞു. എന്നിട്ട് അവൾ പോയി ആത്മഹത്യ ചെയ്തു. പക്ഷേ അച്ഛൻ യാതൊന്നും അനുഭവിച്ചില്ല. അയാൾക്ക് ചൂണ്ടയിടാൻ ഇഷ്ടമായിരുന്നു. മൂന്നു ഞായറാഴ്ച്ചകൾ കഴിഞ്ഞ് അയാൾ പുഴയിൽ ചൂണ്ടയിടാൻ പോയി; മറക്കാൻ- എന്നാണ്‌ അയാൾ പറഞ്ഞത്. അയാൾ പറഞ്ഞത് സത്യവുമായിരുന്നു: അയാൾ അതു മറന്നു. ഉള്ളതു പറഞ്ഞാൽ, അങ്ങനെയായിരുന്നില്ലെങ്കിലാണ്‌ അത്ഭുതം തോന്നേണ്ടത്. തന്റെ ഭാര്യയെ ഒരു പാഠം പഠിപ്പിക്കാനായി താൻ ചാവാൻ പോവുകയാണെന്ന് ഒരാൾ കരുതുന്നു; യഥാർത്ഥത്തിൽ അയാൾ അവൾക്കവളുടെ സ്വാതന്ത്ര്യം തിരിച്ചുകൊടുക്കുകയാണ്‌ ചെയ്യുന്നത്....സ്വേച്ഛയാ മരിക്കുന്നതുകൊണ്ടും താൻ സ്വയം ഉഴിഞ്ഞുവച്ച ഒരാശയത്തിനു വേണ്ടി സ്വജീവൻ ബലി കഴിക്കുന്നതുകൊണ്ടും എന്തു പ്രയോജനം? നിങ്ങൾ മരിച്ചുകഴിഞ്ഞാൽ നിങ്ങളുടെ പ്രവൃത്തിക്ക് മൂഢമോ പ്രാകൃതമോ ആയ കാരണങ്ങൾ ആരോപിക്കാനാണ്‌ ആളുകൾ ആ അവസരം ഉപയോഗിക്കുക. മറക്കപ്പെടുക, പരിഹസിക്കപ്പെടുക, ഉപകരണമാവുക- രക്തസാക്ഷികൾക്ക് ഇതിലേതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാം. മനസ്സിലാക്കപ്പെടുക- അതൊരിക്കലും ഉണ്ടാവില്ല!

*

തന്റെ സ്നേഹിതൻ ജയിലിലടയ്ക്കപ്പെട്ടു എന്നറിഞ്ഞ ദിവസം മുതൽ രാത്രിയിൽ കിടപ്പുമുറിയുടെ തറയിൽ കിടന്നുറങ്ങിയിരുന്ന ഒരാളെക്കുറിച്ച് ഞാൻ പറഞ്ഞുകേട്ടിട്ടുണ്ട്; തന്റെ സ്നേഹിതനു നിഷേധിക്കപ്പെട്ട ഒരു സുഖം തനിക്കും വേണ്ടെന്ന് സ്വമേധയാ തീരുമാനിക്കുകയായിരുന്നു അയാൾ. നമുക്കു വേണ്ടി വെറും തറയിൽ കിടന്നുറങ്ങാൻ ആരുണ്ടാവും, പ്രിയപ്പെട്ട സർ? എനിക്കതിനു കഴിയുമോ? ഞാൻ പറയട്ടെ, എനിക്കങ്ങനെ ചെയ്യണമെന്നുണ്ട്, ഞാനതു ചെയ്തുവെന്നും വരാം. അതെ, ഒരുനാൾ നമുക്കെല്ലാം അതിനു കഴിഞ്ഞെന്നുവരും, അതായിരിക്കും നമ്മുടെ മോക്ഷവും. പക്ഷേ, അതത്ര എളുപ്പമല്ല; കാരണം, സൗഹൃദം അശ്രദ്ധമാണ്‌, ബലഹീനമെങ്കിലുമാണ്‌. അതാഗ്രഹിക്കുന്നതു കൈവരിക്കാൻ അതിനു കഴിയാറില്ല. അല്ലെങ്കിൽ അത്ര തീവ്രമായി അതാഗ്രഹിക്കാത്തതുകൊണ്ടാവാം. നമ്മൾ ജീവിതത്തെ അത്ര തീവ്രമായി സ്നേഹിക്കാത്തതുകൊണ്ടാവാം. മരണം മാത്രമേ നമ്മുടെ ഉൾവികാരങ്ങളെ തട്ടിയുണർത്താറുള്ളു എന്നു നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? തൊട്ടുമുമ്പു മരിച്ചുപോയ സ്നേഹിതന്മാരോടു നമുക്കെന്തു സ്നേഹമാണ്‌- ശ്രദ്ധിച്ചിട്ടില്ലേ? നിശ്ശബ്ദരായിക്കഴിഞ്ഞ, വായിൽ മണ്ണടിഞ്ഞ, നമ്മുടെ അദ്ധ്യാപകരോട് നമുക്കെന്തു ബഹുമാനമാണ്‌! അപ്പോഴാണ്‌ നമ്മുടെ നാവിൽ നിന്ന് ആദരസൂചകമായ വാക്കുകൾ സ്വാഭാവികമെന്നപോലെ പുറത്തേക്കുവരുന്നത്, ജീവിതകാലം മുഴുവൻ അവർ കേൾക്കാൻ കൊതിച്ചിരിക്കാവുന്ന വാക്കുകൾ. മരിച്ചവരോടാണ്‌ നമ്മൾ കൂടുതൽ നീതിമാന്മാരും മഹാമനസ്കരുമാവുന്നത് എന്നതെന്തുകൊണ്ടാണെന്ന് നിങ്ങൾക്കറിയാമോ? അതിന്റെ കാരണം വളരെ ലളിതമാണ്‌! അവർക്കും നമുക്കുമിടയിൽ ഒരു ബാദ്ധ്യതയുമില്ല എന്നതുതന്നെ! അവർ നമ്മളെ നിർബ്ബന്ധിക്കുന്നതേയില്ല, നമുക്കൊഴിവു കിട്ടുമ്പോൾ മതി; നമ്മുടെ കോക്ക്ടെയ്ൽ പാർട്ടിക്കും നമ്മുടെ തല്ക്കാലകാമുകിക്കുമിടയിലെ ഇടവേളയിൽ, അതായത്, നമുക്കു മറ്റൊന്നും ചെയ്യാനില്ലാത്ത നേരത്തു കൊള്ളിക്കാവുന്നതേയുള്ളു ആ ആദരപ്രകടനം. അവർ നമ്മളെ എന്തിനെങ്കിലും നിർബ്ബന്ധിക്കുന്നുണ്ടെങ്കിൽ അത് ഓർമ്മിക്കപ്പെടാനാണ്‌, നമ്മുടെ ഓർമ്മകൾക്കാകട്ടെ, ആയുസ്സു കുറവുമാണ്‌. അതെ, നാം സ്നേഹിക്കുന്നത് അടുത്തിടെ മരിച്ച സ്നേഹിതരെയാണ്‌, വേദനിച്ചു മരിച്ചവരെയാണ്‌, നമ്മുടെ വികാരങ്ങളെയാണ്‌, എന്നു പറഞ്ഞാൽ, നമ്മളെത്തന്നെയാണ്‌!

*

" സൗഹൃദം അശ്രദ്ധമാണ്‌, ബലഹീനമെങ്കിലുമാണ്‌. . . തൊട്ടുമുമ്പു മരിച്ചുപോയ സ്നേഹിതന്മാരോടു നമുക്കെന്തു സ്നേഹമാണ്‌- ശ്രദ്ധിച്ചിട്ടില്ലേ? മരിച്ചവരോടാണ്‌ നമ്മൾ കൂടുതൽ നീതിമാന്മാരും മഹാമനസ്കരുമാവുന്നത് എന്നതെന്തുകൊണ്ടാണെന്ന് നിങ്ങൾക്കറിയാമോ? അതിന്റെ കാരണം വളരെ ലളിതമാണ്‌! അവർക്കും നമുക്കുമിടയിൽ ഒരു ബാദ്ധ്യതയുമില്ല എന്നതുതന്നെ! അവർ നമ്മളെ നിർബ്ബന്ധിക്കുന്നതേയില്ല, നമുക്കൊഴിവു കിട്ടുമ്പോൾ മതി; നമ്മുടെ കോക്ക്ടെയ്ൽ പാർട്ടിക്കും നമ്മുടെ തല്ക്കാലകാമുകിക്കുമിടയിലെ ഇടവേളയിൽ, അതായത്, നമുക്കു മറ്റൊന്നും ചെയ്യാനില്ലാത്ത നേരത്തു കൊള്ളിക്കാവുന്നതേയുള്ളു ആ ആദരപ്രകടനം. അവർ നമ്മളെ എന്തിനെങ്കിലും നിർബ്ബന്ധിക്കുന്നുണ്ടെങ്കിൽ അത് ഓർമ്മിക്കപ്പെടാനാണ്‌, നമ്മുടെ ഓർമ്മകൾക്കാകട്ടെ, ആയുസ്സു കുറവുമാണ്‌. അതെ, നാം സ്നേഹിക്കുന്നത് അടുത്തിടെ മരിച്ച സ്നേഹിതരെയാണ്‌, വേദനിച്ചു മരിച്ചവരെയാണ്‌, നമ്മുടെ വികാരങ്ങളെയാണ്‌, എന്നു പറഞ്ഞാൽ, നമ്മളെത്തന്നെയാണ്‌!"

അഭിപ്രായങ്ങളൊന്നുമില്ല: