ചോദ്യം: എഴുതുമ്പോൾ ഏതെങ്കിലും തരത്തിൽ പാരമ്പര്യത്തോടടുക്കുകയാണോ താങ്കൾ ചെയ്യുന്നത്? അതോ, രചനാപ്രക്രിയയിലേക്കു കടന്നുവരാതെ പശ്ചാത്തലത്തിൽ മാത്രം നില്ക്കുന്ന ഒരു പരിഗണനയാണോ അത്?
ആദം സഗയെവ്സ്കി: പാരമ്പര്യത്തോടടുക്കുക എന്നത് അങ്ങനെയൊരു സങ്കല്പനം ഉപയോഗിക്കാതെതന്നെ നാം നിത്യവും ചെയ്യുന്ന ഒന്നാണെന്നു ഞാൻ വിചാരിക്കുന്നു: വായനയുടെ ജീവനാണത്. ഹോമർ മുതൽ സാഫോ വരെ, ആർച്ചിലോക്കസ്, പഴയ ചൈനീസ് കവിത, നിങ്ങളുടെ കയ്യിൽ തടയുന്നതെന്തും വായിക്കുമ്പോൾ പ്രാക്തനപ്രചോദനത്തിന്റെ ചിതാഭസ്മങ്ങൾ ആ കവിതകളിൽ നിങ്ങൾ കണ്ടെത്തുന്നു; അതിനോടുള്ള തന്റെ പ്രതികരണമെന്താണെന്ന് മനനം ചെയ്യാതിരിക്കാനും നിങ്ങൾക്കാവില്ല. എന്നാൽ പാരമ്പര്യമെന്നത് എന്റെ കാര്യത്തിൽ എനിക്കു തൊട്ടു മുമ്പുള്ള തലമുറയിലെ മിവോഷ്, ഹെർബെർട്ട് എന്നിവർ കൂടിയുമാണ്.
അതേ സമയം കവിതയെ ഞാൻ കാണുന്നത് കാലത്തിന്റെ പുതുമയുടെ ആവിഷ്കാരമായിട്ടാണ്. ഒരു പുതിയ ദിവസത്തോട് അസ്തിത്വപരമായി പ്രതികരിക്കാതെ പാരമ്പര്യം തുടർന്നുകൊണ്ടു പോകാനാണ് നാം ഇവിടെയുള്ളതെങ്കിൽ അതു വെറും അക്കാദമിക്കാവുന്നു. ഭൂതകാലത്തിന്റെ ശബ്ദങ്ങളെ ഉൾക്കൊള്ളലും അവയോടുള്ള സംവാദവും ചേർന്ന സങ്കീർണ്ണമായ ഒരു സങ്കലനമാണു വേണ്ടത്. ഓരോ തലമുറയ്ക്കും പുതിയതായി ഒരു വാക്കു പറയാനുണ്ട്; കാരണം, ലോകം മാറിക്കൊണ്ടേയിരിക്കുകയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ