2023, ഓഗസ്റ്റ് 12, ശനിയാഴ്‌ച

ബെർത്തോൾട്ട് ബ്രെഹ്റ്റ് -എത്ര ഭാഗ്യവാനാണയാൾ, അങ്ങനെയൊന്നില്ലാത്തവൻ




ജ്ഞാനിയായ ശലോമോനെ നിങ്ങൾ കണ്ടു,
അയാളുടെ ഗതി എന്തായെന്നും നിങ്ങൾക്കറിയാം.
സങ്കീർണ്ണതകൾ സരളമായിട്ടയാൾക്കു തോന്നി.
താൻ ജനിച്ച നേരത്തെ അയാൾ ശപിച്ചു,
വ്യർത്ഥമാണെല്ലാമെന്നും അയാൾ കണ്ടു.
എത്ര മഹാനും വിജ്ഞനുമായിരുന്നു ശലോമോൻ!
ലോകത്തിനെന്നാൽ കാത്തുനില്ക്കേണ്ടിവന്നില്ല,
പിന്നീടെന്തുണ്ടായെന്നതു വൈകാതെ കണ്ടു.
അയാളെ ആ പടുതിയിലെത്തിച്ചത് ജ്ഞാനമായിരുന്നു-
എത്ര ഭാഗ്യവാനാണയാൾ, അങ്ങനെയൊന്നില്ലാത്തവൻ!

പിന്നെ നിങ്ങൾ കണ്ടു, ധീരനായ സീസറെ.
അയാളെന്തായെന്നു നിങ്ങൾക്കറിയാം.
ജീവിച്ചിരിക്കുമ്പോൾത്തന്നെ അവരയാളെ ദൈവതുല്യനാക്കി.
എന്നിട്ടയാളെ കൊലയ്ക്കു കൊടുക്കുകയും ചെയ്തു.
മാരകമായ കഠാരയവരുയർത്തുമ്പോൾ
എത്ര ഉച്ചത്തിലാണയാൾ കരഞ്ഞത്: എന്റെ മകനേ, നീയും!
ലോകത്തിനെന്നാൽ കാത്തുനില്ക്കേണ്ടിവന്നില്ല,
പിന്നീടെന്തുണ്ടായെന്നതു വൈകാതെ കണ്ടു.
അയാളെ ആ പടുതിയിലെത്തിച്ചതു ധൈര്യമായിരുന്നു.
എത്ര ഭാഗ്യവാനാണയാൾ, അങ്ങനെയൊന്നില്ലാത്തവൻ!

സത്യവാദിയായ സോക്രട്ടീസിനെക്കുറിച്ചു നിങ്ങൾ കേട്ടിട്ടുണ്ട്,
ഒരിക്കലും നുണ പറഞ്ഞിട്ടില്ലാത്ത മനുഷ്യൻ.
നിങ്ങൾ കരുതുമ്പോലത്രയും നന്ദി അവർ കാണിച്ചില്ല.
പകരമവർ കയ്യിൽ വച്ചുകൊടുത്തതു വിഷപാനീയമായിരുന്നു.
എത്ര സത്യസന്ധനായിരുന്നു ജനങ്ങളുടെയാ കുലീനപുത്രൻ!
ലോകത്തിനെന്നാൽ കാത്തുനില്ക്കേണ്ടിവന്നില്ല,
പിന്നീടെന്തുണ്ടായെന്നതു വൈകാതെ കണ്ടു.
അയാളെ ആ പടുതിയിലെത്തിച്ചതു സത്യസന്ധതയായിരുന്നു.
എത്ര ഭാഗ്യവാനാണയാൾ, അങ്ങനെയൊന്നില്ലാത്തവൻ!

വിശുദ്ധമാർട്ടിനു കണ്ടുനില്ക്കാൻ കഴിഞ്ഞിരുന്നില്ല,
ദുരിതത്തിൽ കഴിയുന്ന തന്റെ സഹജീവികളെ.
മഞ്ഞിൽ കിടക്കുന്നൊരു പാവത്തെ അയാൾ കണ്ടു,
നമുക്കറിയാം,  അയാൾ തന്റെ മേലങ്കി ആ പാവവുമായി പങ്കുവച്ചു.
ഇരുവരുമങ്ങനെ മരവിച്ചുമരിച്ചു.
സ്വർഗ്ഗത്തയാൾ തന്റെയിടം നേടുകയും ചെയ്തു.
ലോകത്തിനെന്നാൽ കാത്തുനില്ക്കേണ്ടിവന്നില്ല,
പിന്നീടെന്തുണ്ടായെന്നതു വൈകാതെ കണ്ടു.
അയാളെ ആ പടുതിയിലെത്തിച്ചതു നിസ്വാർത്ഥതയായിരുന്നു.
എത്ര ഭാഗ്യവാനാണയാൾ, അങ്ങനെയൊന്നില്ലാത്തവൻ!

നിങ്ങളിവിടെ കാണുന്നത് വിശിഷ്ടരായ വ്യക്തികളെ,
ദൈവത്തിന്റെ സ്വന്തം പ്രമാണങ്ങൾ പിന്തുടർന്നിരുന്നവരെ.
എന്നിട്ടിന്നേവരെ അവനതു ഗൗനിച്ചിട്ടേയില്ല.
സുരക്ഷിതവും ഊഷ്മളവുമായ മുറികളിലിരിക്കുന്നവരേ,
ഞങ്ങളുടെ കൊടിയ കുറവുകൾ നിവർത്തിയ്ക്കാൻ തുണച്ചാലും.
എത്ര നല്ലവരായിട്ടാണു ഞങ്ങൾ തുടങ്ങിയതെന്നോ!
ലോകത്തിനെന്നാൽ കാത്തുനില്ക്കേണ്ടിവന്നില്ല,
പിന്നീടെന്തുണ്ടായെന്നതു വൈകാതെ കണ്ടു.
ഞങ്ങളെ ഈ പടുതിയിലെത്തിച്ചതു ദൈവഭയമാണ്‌.
എത്ര ഭാഗ്യവാനാണയാൾ, അങ്ങനെയൊന്നില്ലാത്തവൻ!

(മദർ കറേജ് എന്ന നാടകത്തിൽ നിന്ന്)


അഭിപ്രായങ്ങളൊന്നുമില്ല: