2024, ജൂലൈ 13, ശനിയാഴ്‌ച

ലൂയിസ് ഗ്ലിക്ക് - യുട്ടോപ്പിയ


ട്രെയിൻ വന്നുനില്ക്കുമ്പോൾ, സ്ത്രീ പറഞ്ഞു, നീ കയറിക്കോണം. എന്നാൽ ഞാനെങ്ങനെ അറിയാൻ, കുട്ടി ചോദിച്ചു, അതാണു ശരിയായ ട്രെയിനെന്ന്. അതായിരിക്കും ശരിയായ ട്രെയിൻ, സ്ത്രീ പറഞ്ഞു, കാരണം, അതാണ്‌ ശരിയായ സമയം. ഒരു ട്രെയിൻ സ്റ്റേഷനിലേക്കടുത്തുവന്നു; നരച്ച പുകമേഘങ്ങൾ പുകക്കുഴലിൽ നിന്നു പ്രവഹിച്ചു. എന്തു ഭയമാണെനിക്ക്, മുത്തശ്ശിക്കു കൊടുക്കാനുള്ള മഞ്ഞ ട്യൂലിപ്പുകൾ അടുക്കിപ്പിടിച്ചുകൊണ്ട് കുട്ടി ഓർക്കുന്നു. യാത്രയിലഴിയാതിരിക്കാൻ അവളുടെ മുടി മുറുക്കെപ്പിന്നിയിട്ടിരിക്കുന്നു.  പിന്നെ, പിന്നെയൊന്നും പറയാതെ, അവൾ ട്രെയിനിൽ കയറുന്നു; അതിൽ നിന്നൊരു ശബ്ദം പുറത്തേക്കു വരുന്നു, അവൾ സംസാരിക്കാറുള്ളൊരു ഭാഷയിലല്ല, ഒരു തേങ്ങൽ പോലെ, ഒരു കരച്ചിൽ പോലെയൊന്ന്.

ടാഗോർ - എപ്പോൾ പുറത്തേക്കു വരണം?

 നമ്മുടേതായി എന്തെങ്കിലുമൊന്നു കൈവരിക്കാനാകുന്നതുവരെ നാം അന്യരുടെ കണ്ണില്പെടാതെ ജീവിക്കുക- എന്നാണെനിക്കു പറയാനുള്ളത്. അവജ്ഞയോടെ കാണാനുള്ളവരാണു നാമെന്ന് അന്യർ കരുതുന്നിടത്തോളം കാലം എന്തിന്റെ ആധാരത്തിലാണ്‌ ആദരവിനുള്ള അവകാശം നാമുന്നയിക്കുക? കാലുറപ്പിക്കാനൊരിടം ലോകത്തു നമുക്കുണ്ടായിക്കഴിഞ്ഞാൽ, ലോകഗതിയെ നിയന്ത്രിക്കുന്നതിൽ നമുക്കുമൊരു പങ്കു വഹിക്കാനുണ്ടായിക്കഴിഞ്ഞാൽ, അപ്പോൾ നമുക്ക് അന്യരെ പുഞ്ചിരിയോടെ നേരിടാം. അതുവരെ നാം പശ്ചാത്തലത്തിൽത്തന്നെ കഴിയുക, നമ്മുടെ കാര്യങ്ങളും നോക്കിക്കൊണ്ട്.

നമ്മുടെ നാട്ടുകാരുടെ അഭിപ്രായം പക്ഷേ, നേരേ എതിരാണ്‌. പിന്നണിയിൽ നമുക്കു ചെയ്തുതീർക്കേണ്ട കൂടുതൽ വിനീതമായ കാര്യങ്ങൾ, നമ്മോടത്രയുമടുത്ത സംഗതികൾ- അതിനവർ ഒരു പരിഗണനയും കൊടുക്കുന്നില്ല; നൈമിഷികമായ ഭാവപ്രകടനങ്ങളിലും പൊങ്ങച്ചം കാട്ടലുകളിലുമാണ്‌ അവരുടെ ശ്രദ്ധ മുഴുവൻ.


(ബംഗാൾ ദൃശ്യങ്ങൾ)

റട്ജെർ കോപ്പ്ലാൻഡ് - കവിതകൾ


സാവധാനം, തുള്ളികളായി


മേല്പുരയ്ക്കു മേലിപ്പോഴും മരങ്ങൾ വളഞ്ഞുനില്ക്കുന്നു,
ഒരു കിടക്കയ്ക്കു മേൽ കുനിഞ്ഞുനില്ക്കുന്ന അമ്മൂമ്മമാരെപ്പോലെ.

മുറികളിലൂടെ നാം കയറിയിറങ്ങുമ്പോൾ ഒരു പിറുപിറുക്കൽ,
ഒരു നെടുവീർപ്പ്, അവ്യക്തമായ പ്രാർത്ഥനകളും കഥകളും.

സാവധാനം, തുള്ളികളായി നമ്മുടെ പേരുകളിറ്റുവീഴുന്നു,
ആവിയുറയുന്ന ജനാലച്ചില്ലുകളിലൂടെ.

ഒരിക്കൽ നാം ജീവിച്ചിരുന്നു, ഇവിടെ;
ഇനിയൊരിക്കലും നാം വരികയുമില്ല, ഇവിടെ.
*

ഉലുംബോ, ഒരു പൂച്ച


നമ്മെപ്പോലെ അവനുമുണ്ടായിരുന്നു,
വിചിത്രമായ ചില ശീലങ്ങൾ,
അതിലും കൂടുതലായി ഉദാസീനത.

മഞ്ഞുകാലത്തവനിഷ്ടമായിരുന്നു,
അടുപ്പിൻമൂടുകൾ,
വേനല്ക്കാലത്തു കുഞ്ഞിക്കിളികളും.

അസുഖം പിടിച്ചപ്പോളവനുദാസീനനായിരുന്നു,
നമ്മോടെന്നപോലെ മരണത്തോടും.
മരിക്കൽ, അതവൻ തനിയേ ചെയ്തു.


Rutger Kopland (1934-2012) - പേരു കേട്ട ന്യൂറോളജിസ്റ്റ് കൂടിയാണ്‌ നെതർലൻഡ്സിൽ ഏറ്റവുമധികം വായിക്കപ്പെടുന്ന കവികളിൽ ഒരാളായ റട്ജെർ കോപ്പ്ലാൻഡ്.

ഫ്രീഡ്രിക് നീീച്ച- പരോപകാരമേ, നിൽക്ക്!

 

അന്യരുടെ ജീവിതങ്ങളിൽ തങ്ങൾക്കൊരു ധർമ്മം നിർവ്വഹിക്കാനുണ്ടാവുന്നതിൽ അമിതമായ തൃഷ്ണ കാണിക്കുന്നവരും അതിൽ അതിരു കടന്നാനന്ദം കണ്ടെത്തുന്നവരുമായി പലരെയും ഞാൻ കണ്ടിട്ടുണ്ട്. തങ്ങൾക്ക് ആ ധർമ്മം നിർവ്വഹിക്കാനുള്ള ഇടങ്ങൾ അവർ കൃത്യമായി മണം പിടിച്ചു കണ്ടെത്തുകയും അവിടങ്ങളിൽ ഇടിച്ചുകേറുകയും ചെയ്യും. ഇക്കൂട്ടത്തിൽ പെടുത്താം ചില സ്ത്രീകളെ: ഒരു പുരുഷനിൽ ഏതു ധർമ്മമാണ്‌ അവികസിതമായിരിക്കുന്നത് എന്നു കണ്ടെത്തി അവർ അതായി രൂപാന്തരപ്പെടും; എന്നിട്ടവർ അയാളുടെ പേഴ്സോ രാഷ്ട്രീയമോ സാമൂഹ്യബന്ധമോ ആകും. ഇത്തരം ജീവികൾ ഏറ്റവും നന്നായി സ്വയം പോറ്റുന്നത് മറ്റൊരു ജീവിയിൽ കടന്നുകൂടിക്കഴിയുമ്പോഴാണ്‌; അതിൽ വിജയം കണ്ടില്ലെങ്കിലാവട്ടെ, അവരാകെ വെറി പിടിക്കുന്നു, മുൻകോപികളാവുന്നു, തങ്ങളെത്തന്നെയവർ തിന്നുതീർക്കുകയും ചെയ്യുന്നു.

(from The Gay Science)


കീർക്കെഗോർ - സ്നേഹത്തിന്റെ രഹസ്യജീവിതം

 

അലയിളക്കലിന്റെ പ്രേരണാമർമ്മരം കൊണ്ടു വശീകരിക്കുന്ന അരുവി പോലെയാണ്‌ സ്നേഹം. തന്റെ വഴിയിലൂടെ പോരാൻ അതു നിങ്ങളോടു യാചിക്കുകയാണെന്നുതന്നെ തോന്നാം; അതേ സമയം, തന്റെ രഹസ്യം വെളിപ്പെടുത്താനും അതിനാഗ്രഹമില്ല. ലോകത്തിന്റെ മഹിതസൗന്ദര്യം ദർശിക്കാൻ നമ്മെ ക്ഷണിക്കുന്ന സൂര്യന്റെ രശ്മികൾ പോലെയാണ്‌ സ്നേഹം; എന്നാൽ വെളിച്ചത്തിന്റെ ഉറവിടം കണ്ടെത്താൻ അമിതകൗതുകത്തോടും ധാർഷ്ട്യത്തോടും നോക്കുന്ന സാഹസികബുദ്ധിയെ അവൻ അന്ധത കൊണ്ടു ശിക്ഷിക്കുകയും ചെയ്യും. സർജ്ജൻ ശരീരത്തിന്റെ മർമ്മപ്രധാനവും ഏറ്റവും ഗുഹ്യവുമായ ഭാഗങ്ങളിലേക്കു തുളഞ്ഞുചെല്ലുമ്പോഴാണ്‌ വേദന അതിന്റെ പാരമ്യത്തിൽ നാമനുഭവിക്കുക. അപ്രകാരം തന്നെ, യാതന ഏറ്റവും വേദനാജനകവും നാശകാരിയുമാവുന്നത് സ്നേഹത്തിന്റെ സൃഷ്ടികളിൽ അഭിരമിക്കുന്നതിനു പകരം അതിലേക്കു ചുഴിഞ്ഞിറങ്ങാൻ, അതിന്റെ ക്രമം തകർക്കാൻ നോക്കുമ്പോഴുമാണ്‌.

സ്നേഹത്തിന്റെ രഹസ്യജീവിതം ആഴമളക്കാൻ പറ്റാത്തവിധം അഗാധമാണ്‌; അപ്പോഴും അസ്തിത്വമാകെയുമായും അതിരറ്റ ഒരു ബന്ധം അതിനുണ്ടുതാനും. പ്രശാന്തമായ തടാകത്തെ നീരൂട്ടുന്നത് അദൃശ്യമായ ഉറവകളാണെന്നപോലെ ഒരു മനുഷ്യജീവിയുടെ സ്നേഹത്തിനാധാരം ദൈവസ്നേഹമാണ്‌. അടിയിൽ ഉറവകൾ ഇല്ലായിരുന്നുവെങ്കിൽ, ദൈവം സ്നേഹമായിരുന്നില്ലെങ്കിൽ, തടാകവും ഉണ്ടാവില്ല, മനുഷ്യസ്നേഹവും ഉണ്ടാവില്ല. അങ്ങടിയിലുള്ള ഒരുറവയിൽ ആരും കാണാതെയാണ്‌ തടാകത്തിന്റെ നിശ്ചലജലം തുടങ്ങുന്നതെങ്കിൽ, നമ്മുടെ സ്നേഹത്തിന്റെ നിഗൂഢമായ ആരംഭവും ദൈവസ്നേഹത്തിലാണ്‌. 

സ്നേഹത്തിന്റെ ജീവിതം ഗുഹ്യമാണ്‌, അതേ സമയം ആ ഗുഹ്യജീവിതം നിരന്തരചലനത്തിലാണ്‌, അതിൽ നിത്യത കുടികൊള്ളുകയും ചെയ്യുന്നു. ജലം നിശ്ചേഷ്ടമെന്നു തോന്നിയാലും യഥാർത്ഥത്തിൽ ചലനത്തിലാണെന്നപോലെ, സ്നേഹവും ഒഴുകുകയാണ്‌, നിശ്ചേഷ്ടമെന്നു തോന്നിയാലും. എന്നാൽ, ഉറവകൾ വറ്റിയാൽ തടാകം വരണ്ടുപോകാം; സ്നേഹത്തിന്റെ ജീവിതം പക്ഷേ, നിലയ്ക്കാത്ത ഉറവയത്രെ. ഒരു മഞ്ഞത്തും അതുറയില്ല- അത്രയ്ക്കൂഷ്മളമാണത്; ഒരു ചൂടത്തും അതുണങ്ങില്ല- ഉള്ളിലെ കുളിർമ്മയാൽ അത്ര നൂതനമാണത്. അതിനാൽ ആ നിഗൂഹനത്തെ നാം ഭഞ്ജിക്കാതിരിക്കുക, വെറും നിരീക്ഷണത്തിനോ ആത്മപരിശോധനയ്ക്കോ നാം മുതിരാതിരിക്കുക,


(from Works of Love: Some Christian Reflections in the Form of Discourses)

റിൽക്ക - മാനുഷികമല്ലാത്ത കവിത

 കവിതയിലെന്നപോലെ രാഷ്ട്രീയത്തിലും കറയറ്റ മാനുഷികതയ്ക്കും മനഃപൂർവ്വമായ മാനുഷികതയ്ക്കും  സ്ഥനമില്ലെന്നാണ്‌ എനിക്കു തോന്നുന്നത്. ആശ്വസിപ്പിക്കാൻ, സഹായിക്കാൻ, കുലീനമായ ഏതെങ്കിലും ബോദ്ധ്യത്തിനു പിന്തുണ നല്കാൻ ആഗ്രഹിക്കുന്ന കവിത ഒരുതരം ദൗർബ്ബല്യമായിരിക്കും; ആ ദൗർബ്ബല്യം ചിലനേരത്തു നമുക്കു ഹൃദയസ്പർശിയായി തോന്നിയെന്നും വരാം. ഉദാരവും ആർദ്രവുമായ ഒരുദ്ദേശ്യമല്ല കാര്യം, മറിച്ച്, നല്ലതും ചീത്തയും (നമുക്കവയെക്കുറിച്ചു വലിയ ഗ്രാഹ്യവുമില്ല) ആഗ്രഹിക്കാത്ത ഒരേകാധിപത്യത്തിന്റെ ശാസനത്തിനു കീഴടങ്ങലാണ്‌; നമ്മുടെ മനോവികാരങ്ങളെ, നമ്മുടെ ആശയങ്ങളെ, നമ്മുടെ അസ്തിത്വത്തെയാകെത്തന്നെ കൂടുതൽ മഹത്തായ മറ്റൊരു ക്രമത്തിനനുരൂപമായി പുനഃക്രമീകരിക്കാൻ അതു നമ്മെ ശാന്തമായി പ്രേരിപ്പിക്കുന്നു; ആ ക്രമമാവട്ടെ, നമ്മുടെ ഗ്രാഹ്യത്തിനു നിന്നുതരാത്ത അളവിൽ അത്രയ്ക്കു നമ്മെ അതിവർത്തിക്കുന്നതുമാണ്‌. സ്വാതന്ത്ര്യത്തിനോടുള്ള എന്റെ എതിർപ്പ് അത് മനുഷ്യനെ അങ്ങേയറ്റം പോയാൽ അവനു മനസ്സിലാകുന്ന ഒരു ഘട്ടം വരെ എത്തിക്കുന്നു, അതിനപ്പുറം ഒരിക്കലും പോകുന്നില്ല എന്നതിലാണ്‌. സ്വാതന്ത്ര്യം മാത്രം കൊണ്ടു കാര്യമില്ല; അവധാനപൂർവ്വവും നീതിപൂർവ്വവുമായി ഉപയോഗപ്പെടുത്തിയാൽത്തന്നെ അതു നമ്മെ പാതിവഴിയ്ക്കു വിട്ടുപോവുകയാണ്‌, നമ്മുടെ യുക്തിയുടെ ഇടുക്കിടത്തിൽ.


(അറേലിയ ഗല്ലറാറ്റി-സ്കോട്ടിയ്ക്ക് 1926 ജനുവരി 17ന്‌ റില്ക്ക അയച്ച കത്തിൽ നിന്ന്)

ഉംബെർട്ടോ എക്കോ - എല്ലാ പുസ്തകങ്ങളും വായിക്കാനുള്ളതല്ല

 വാങ്ങുന്ന എല്ലാ പുസ്തകങ്ങളും നിങ്ങൾ വായിച്ചിരിക്കണം എന്നു ചിന്തിക്കുന്നത് വിഡ്ഢിത്തമാണ്‌; അതുപോലെ വിഡ്ഢിത്തമാണ്‌  തങ്ങൾക്കെന്നെങ്കിലും വായിച്ചുതീർക്കാൻ കഴിയുന്നതിനെക്കാളധികം പുസ്തകങ്ങൾ വാങ്ങിക്കൂട്ടുന്നവരെ വിമർശിക്കുന്നതും. 

പുതിയ കട്ലറിയോ കപ്പുകളോ സ്ക്രൂഡ്രൈവറോ ഡ്രിൽ ബിറ്റോ വാങ്ങുന്നതിനു മുമ്പ് പഴയതെല്ലാം ഉപയോഗിച്ചുകഴിഞ്ഞിരിക്കണം എന്നു പറയും പോലെയാണത്.

ഒരംശമേ ഉപയോഗപ്പെടുത്തുന്നുള്ളുവെങ്കിലും സമൃദ്ധമായി നമ്മുടെ കൈവശം ഉണ്ടായിരിക്കേണ്ട കാര്യങ്ങൾ പലതും ജീവിതത്തിലുണ്ട്.

ഉദാഹരണത്തിന്‌, പുസ്തകങ്ങളെ മരുന്നായി നാം കാണുകയാണെങ്കിൽ ചിലതിനു പകരം പലതും വീട്ടിലുണ്ടായിരിക്കുന്നതാണ്‌ നല്ലതെന്ന് നമുക്കറിയാം. ഒരസുഖം തോന്നിയാൽ നിങ്ങൾ നേരേ പോയി വീട്ടിലെ ‘മരുന്നലമാര’ തുറക്കുന്നു, ഒരു പുസ്തകം നോക്കിയെടുക്കുന്നു. കണ്ണുമടച്ച് ഒരെണ്ണമെടുക്കുകയല്ല, ആ സമയത്തിനുചിതമായതൊന്ന് നോക്കിയെടുക്കുകയാണ്‌ നിങ്ങൾ ചെയ്യുന്നത്. അതുകൊണ്ടാണ്‌ തിരഞ്ഞെടുക്കാൻ പാകത്തിൽ ഒരു വൈവിദ്ധ്യം എപ്പോഴും നിങ്ങളുടെ കൈവശം ഉണ്ടായിരിക്കണം എന്നു പറയുന്നത്. 

ഒരു പുസ്തകം മാത്രം വാങ്ങുകയും വായിച്ചുതീർത്തിട്ട് അത് കയ്യൊഴിയുകയും ചെയ്യുന്നവർ ഉപഭോഗമെന്ന ചിന്താഗതിയോടെയാണ്‌ പുസ്തകത്തെ കാണുന്നത്; എന്നുപറഞ്ഞാൽ, അവരതിനെ ഉപഭോഗത്തിനുള്ള ഒരുല്പന്നമായി, ഒരു ചരക്കായി കാണുന്നു.

അങ്ങനെയൊരു കച്ചവടച്ചരക്കല്ല പുസ്തകമെന്ന് പുസ്തകങ്ങളെ സ്നേഹിക്കുന്നവർക്കറിയാം.


2024, ജൂലൈ 12, വെള്ളിയാഴ്‌ച

റാഹേൽ ലെവിൻ വേൺഹഗെൻ - വിവർത്തനം

 "വിവർത്തനം" എന്ന വാക്കു കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് മൂലരചന ജനിപ്പിക്കുന്ന അതേ മനോഭാവവും ധാരണകളും ലക്ഷ്യഭാഷയിൽ ഉണർത്തിവിടുക എന്നതല്ലാതെ മറ്റൊന്നുമല്ല. പദാനുപദതർജ്ജുമ അസാദ്ധ്യമാണെന്നുതന്നെ ഞാൻ കരുതുന്നു: കാരണം, രണ്ടു ഭാഷകൾ ഒരുപോലെയാവുക എന്നതില്ലല്ലോ. ശരിക്കും അക്ഷരാർത്ഥത്തിലുള്ള പകർച്ച നിഘണ്ടുവിൽ കാണാം; അതുകൊണ്ടുതന്നെ അത് വാക്കുകളുടെ വെറുമൊരു ഭണ്ഡാരം മാത്രമാണ്; അതിലധികം പ്രാധാന്യമോ ഫലമോ അതിനില്ല.

പാർനിയുടെ ഹ്രസ്വമായ സംവാദം വായിച്ചപ്പോൾ, എത്ര ഭംഗിയായിട്ടാണ് അതെഴുതിയിരിക്കുന്നതെന്നു കണ്ടപ്പോൾ, ഞാൻ കരുതിയതിലും ഗഹനമാണ് അതെന്നും കണ്ടപ്പോൾ ആ തരം വിചാരങ്ങൾ ഒരു യൂറോപ്യൻ ഭാഷയിലേ പ്രകാശിപ്പിക്കാൻ കഴിയുകയുള്ളു  എന്ന് ഒരു നിമിഷം എനിക്കു തോന്നിപ്പോയി; മറ്റുള്ളവർക്കു പ്രയോജനപ്പെടുന്ന രീതിയിൽ അതെന്തുകൊണ്ട് നമ്മുടെ ഭാഷയിലേക്കു പകർത്തിക്കൂടാ എന്നും എനിക്കു വിചാരമുണ്ടായി. ഫ്രഞ്ചുഭാഷയോട് അത്രയ്ക്കുമൊരു മമത എനിക്കുള്ളതിനാൽ എനിക്കതു വിവർത്തനം ചെയ്യാൻ കഴിയുമെന്നും ഞാനതു ചെയ്യണമെന്നും ഞാൻ ചിന്തിച്ചു. വിവർത്തനത്തെക്കുറിച്ചും അതിൽ എനിക്കുള്ള പാടവത്തെക്കുറിച്ചുമുള്ള സംശയങ്ങളും മറ്റൊരു പ്രചോദനമായി. ആ ചെറിയ സംവാദം ഒറ്റനോട്ടത്തിൽത്തന്നെ ഞാൻ വിവർത്തനം ചെയ്തു, സ്വന്തമായി എഴുതുന്നപോലെ, എന്നു പറയാം. പാർനി എഴുതിയതിൻ്റെ സാരാംശം വിവർത്തനത്തിൽ കൊണ്ടുവരുന്നതിൽ ഞാൻ വിജയിച്ചു എന്നെനിക്കു തോന്നി- ഒരുവിധം ഭംഗിയായിട്ടുതന്നെ എന്നും. ഇതും കൂടി കേൾക്കൂ! ഞാൻ സ്വയം പറഞ്ഞു: ഒരു മുൻപരിചയവുമില്ലാതെ ഇത്ര വേഗത്തിലും മനസ്സിലാകുന്ന വിധത്തിലും വിവർത്തനം ചെയ്യാൻ തനിക്കു കഴിയുമോ? അക്കാര്യത്തിൽ തനിക്കെന്തെങ്കിലും കഴിവുണ്ടോയെന്ന് നമുക്കു നോക്കാം, റബേക്ക കൂടുതൽ നന്നായി അതു ചെയ്യുമെങ്കിൽ. തൻ്റെ വിവർത്തനമാണ് കൂടുതൽ നല്ലതെങ്കിൽ തനിക്കതിനുള്ള കഴിവുണ്ടെന്നും വരുമല്ലോ. എൻ്റെ വിവർത്തനോദ്യമം ഞാൻ എനിക്കു മുന്നിൽ വച്ച വലിയൊരു വെല്ലുവിളിയുമായിരുന്നു: കാരണം, ഇക്കാലത്ത് വിവർത്തനം വലിയൊരു ചർച്ചാവിഷയമാണല്ലോ; ഞാനതിൽ ഒരു കൈ നോക്കിയിട്ടുമില്ല. അറിയാമോ, എൻ്റെ വിവർത്തനമായിരുന്നു തമ്മിൽ ഭേദം; അതിനാൽ എനിക്കതിനുള്ള കഴിവുണ്ടെന്നും തെളിഞ്ഞു. ഞാനത് തുടർന്നുകൊണ്ടു പോകണോ? അയ്യോ ദൈവമേ, എനിക്കെന്നെ നന്നായറിയാം! ഒരുതരം അനായാസത എനിക്കുണ്ടെന്നതു ശരിതന്നെ; അതൊന്നു നന്നാക്കാൻ നോക്കിയാൽ, അതിനൊരു വഴിയുമില്ല! എൻ്റെ കഴിവിനെ വികസിപ്പിച്ചെടുക്കാൻ വേണ്ട ആ സംഗതി എൻ്റെ കയ്യിലില്ല. സാദ്ധ്യതകൾ എന്ന പേരിൽ പലതും പ്രകൃതി എനിക്കു ദാനം ചെയ്തിരുന്നു; മറ്റെല്ലാ ദേവകളും പക്ഷേ, എൻ്റെ ജനനവേളയിൽ എന്നെ അനുഗ്രഹിച്ചത് അവരുടെ അസാന്നിദ്ധ്യം കൊണ്ടായിരുന്നു...

*റാഹേൽ ലെവിൻ വേൺഹഗെൻ 1807 ജനുവരി 1ന് റെജിന ഫ്രോഹ്ബെർഗിനയച്ച കത്തിൽ നിന്ന്.  


ജീവിതം എന്നു നാം വിളിക്കുന്നതിനെക്കുറിച്ച്, അതു ശരിക്കും എന്താണെന്നതിനെക്കുറിച്ച് ഒരു ഗ്രാഹ്യം കിട്ടാൻ നാമതിൻ്റെ തുടക്കവും ഒടുക്കവും പരിചിന്തനത്തിനു വിധേയമാക്കണമെന്നില്ല; ചിതറിക്കിടക്കുന്ന അനുഭൂതികളും ബൗദ്ധികവും വൈകാരികവുമായ ഉൾക്കാഴ്ചകളും കൊയ്തുകൂട്ടണമെന്നുമില്ല. കുട്ടികളാണ് യഥാർത്ഥത്തിൽ ജീവിക്കുന്നത്, ജീവിതത്തെ വഴുതിപ്പോകാൻ വിടുന്നവരും. അല്ലാതെ, സ്വയംതൃപ്തരും വീമ്പുപറച്ചിലുകാരുമല്ല; അവർ ജീവിക്കുന്നതേയില്ല; ശവമടക്കിനു പാകത്തിൽ തങ്ങളുടെ ജീവിതനേട്ടങ്ങളുടെ വ്യക്തമായ ചിത്രം വരച്ചിടുന്നവരുമല്ല. ജീവിതമെന്ന അത്ഭുതത്തെ നിർമ്മമരായി നോക്കിക്കാണാൻ കഴിയുന്നവരാണ് ഭാഗ്യവാന്മാർ: ഒരു മുൻധാരണയുമില്ലാതെ അന്നന്നത്തെ ജീവിതത്തെ പഠിക്കാൻ ശ്രമിക്കുന്നവർ; തങ്ങളുടെ ബാല്യകാലാനുഭൂതികളുടെ അല്പാംശമെങ്കിലും നിലനിർത്തുന്നവർ- അവർക്കാണതിൽ ഒരു മുറുക്കിപ്പിടുത്തം കിട്ടുക! ഇങ്ങനെയൊക്കെയാണെങ്കിൽക്കൂടി മാലാഖ പോലുള്ള ഒരു കുഞ്ഞിൻ്റെ മരണത്തിൽ നാം എന്തുമാത്രം കണ്ണീരൊഴുക്കില്ല!

(1832 ഡിസംബർ 30, ഞായറാഴ്ച രാവിലെ 10 മണി)



Rahel 
Levin Varnhagen (1771-1833) ബർലിനിലെ പ്രശസ്തമായ ഒരു സൗഹൃദക്കൂട്ടായ്മയുടെ ആതിഥേയ ആയിരുന്നു. ജർമ്മൻ സാഹിത്യചരിത്രത്തിൽ അവരുടെ സ്ഥാനം വലിയൊരു കത്തെഴുത്തുകാരി എന്ന നിലയ്ക്കാണ്. രാജാക്കന്മാരും തത്വചിന്തകരും കവികളും കുടുംബാംഗങ്ങളും വീട്ടിലെ പാചകക്കാരിയുമുൾപ്പെടെ മുന്നൂറോളം പേർക്കായി പതിനായിരത്തിലധികം കത്തുകൾ അവർ എഴുതിയിട്ടുണ്ട്. ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു മതന്യൂനപക്ഷത്തിൽപ്പെട്ട സ്ത്രീ എന്നതിൻ്റെ കൂടെ വിസ്മയിപ്പിക്കുന്ന ഒരു ലാഘവത്തോടെ ചിന്തകളെ വാക്കുകളിലേക്കു പകർത്താനുള്ള കഴിവും അവരെ ജർമ്മൻ സാഹിത്യത്തിൽ വേർതിരിച്ചുനിർത്തുന്നു. ഹന്ന ആരെൻ്റ് എഴുതിയ Rahel Varnhagen: The Life of a Jewess (1957) എന്ന പ്രശസ്തമായ  ജീവചരിത്രം   അവരെക്കുറിച്ചുള്ളതാാണ്.

*പാർനി- Évariste de Parny (1753-1814)- മഡഗാസ്കറിൽ ജനിച്ച ഫ്രഞ്ച് കവിയും എഴുത്തുകാരനും

വീസ്വാവ ഷിംബോർസ്ക - താക്കോൽ



താക്കോൽ ഇവിടെത്തന്നെ ഉണ്ടായിരുന്നതാണ്‌,
ഇപ്പോഴതു കാണാനില്ല.
ഇനി നാമെങ്ങനെ അകത്തു കടക്കും?
മറ്റാരുടെയെങ്കിലും കണ്ണിലതു പെട്ടുവെന്നു വരാം,
ഇതും ഞാനുമായിട്ടെന്തു ബന്ധം എന്നയാൾ ചിന്തിച്ചുവെന്നുവരാം,
എന്നിട്ടയാളതു പെറുക്കിയെടുത്ത് തന്റെ വഴിയ്ക്കു പോയെന്നും വരാം,
ആ ഇരുമ്പുതുണ്ടെടുത്തമ്മാനമാടിക്കൊണ്ട്.

ഇനി, എനിക്കു നിന്നോടുള്ള സ്നേഹത്തിന്റെ കാര്യത്തിൽ 
സമാനമായൊരു സംഗതി വന്നുവെന്നിരിക്കട്ടെ,
അതുകൊണ്ടാരാണു കൂടുതൽ പാപ്പരാവുക?
ലോകമാകെ, നാമിരുവരും തന്നെയല്ല.
മറ്റൊരു കൈ പെറുക്കിയെടുക്കുന്നത്
അതിന്റെയൊരു സരളരൂപം മാത്രം,
ഒരു വാതിലുമതു തുറക്കില്ല,
അതിനാൽ തുരുമ്പതിനാവതു ചെയ്യട്ടെ.

ചീട്ടുകളോടോ നക്ഷത്രങ്ങളോടോ തത്തമ്മയോടോ ചോദിക്കേണ്ട.
ഈ ജാതകം ഇങ്ങനെയല്ലാതവസാനിക്കുകയില്ല.



വീസ്വാവ ഷിംബോർസ്ക - നമ്മൾ പറ്റിയ്ക്കപ്പെട്ടു!



പിറന്ന പാടേ പരാശ്രയം കൂടാതെ ജീവിക്കാനുള്ള സന്നദ്ധത പ്രകടിപ്പിക്കുന്ന ജീവിവർഗ്ഗങ്ങൾ എത്രയാണ്‌! ഇതിനവയെ സഹായിക്കുന്നത് നമുക്കു സങ്കല്പിക്കാൻ പോലുമാകാത്ത ഒരു നാഡീവ്യൂഹവും വർഷങ്ങൾ നീണ്ട കഠിനപ്രയത്നത്തിലൂടെ മാത്രം നമുക്കാർജ്ജിക്കാൻ കഴിയുന്ന സഹജമായ കഴിവുകളുമാണ്‌. വിസ്മയാവഹമായ ഒരായിരം സവിശേഷഗുണങ്ങളാണ്‌ പ്രകൃതി നമ്മിൽ നിന്നപഹരിച്ചുകളഞ്ഞത്. അതിനു പകരമായി ബുദ്ധി എന്നൊരു സംഗതി അവൾ നമുക്കു തന്നിട്ടുണ്ട് എന്നതു സത്യം തന്നെ; അതോടൊപ്പം നമുക്കു ലോകത്തു പിഴച്ചുപോകാനുള്ള മുഖ്യോപാധിയാണതെന്ന കാര്യം അവൾ മറന്നുപോയപോലെയും തോന്നുന്നു. അതവൾക്കോർമ്മയുണ്ടായിരുന്നെങ്കിൽ കുറേയധികം അടിസ്ഥാനവിവരങ്ങൾ  നമ്മുടെ പാരമ്പര്യമേഖലയിലേക്ക് അവൾ മാറ്റിയിടുമായിരുന്നു. തലച്ചോറിൽ വരഞ്ഞിട്ട ഗുണനപ്പട്ടികകളുമായിട്ടാണ്‌ നാം ജനിക്കുന്നതെങ്കിൽ അതെത്ര ന്യായമാകുമായിരുന്നു; അതുപോലെ നമ്മുടെ അച്ഛനമ്മമാരുടെയെങ്കിലും ഭാഷ സംസാരിച്ചുകൊണ്ടാണ്‌ നാം പുറത്തേക്കു വരുന്നതെങ്കിലും: നമുക്കപ്പോൾ യോഗ്യമായ ഒരു ഗീതകം എടുത്തുപൂശാമായിരുന്നു, അല്ലെങ്കിൽ നിന്ന നില്പിൽ തരക്കേടില്ലാത്ത ഒരു മുഖ്യപ്രഭാഷണം തൊടുത്തുവിടാമായിരുന്നു. എങ്കിൽ സൈദ്ധാന്തികവിചിന്തനത്തിന്റെ ഉന്നതമേഖലയിൽ ഏതു ശിശുവിനും കിട്ടുമായിരുന്നു, ഒരു മികച്ച തുടക്കം. ജീവിതത്തിന്റെ മൂന്നാം വർഷം അവൻ എന്നെക്കാൾ മികച്ച ലേഖനങ്ങൾ എഴുതിവിടുമായിരുന്നു, ഏഴാമത്തെ വയസ്സിൽ “ജന്മവാസനയോ അനുഭവമോ?” എന്ന പുസ്തകത്തിന്റെ രചയിതാവും ആകുമായിരുന്നു. എന്റെ പരാതികൾ സാഹിത്യജീവിതത്തിന്റെ പംക്തികളിൽ പരസ്യമാക്കുന്നതുകൊണ്ട് കാര്യങ്ങൾക്കൊന്നും മാറ്റമുണ്ടാകാൻ പോകുന്നില്ല എന്നെനിക്കറിയാം. എന്നാലും ഒരു മുഷിച്ചിൽ തോന്നുന്നതൊഴിവാക്കാൻ എനിക്കു കഴിയുന്നില്ല. ജന്തുക്കളെ കണ്ണില്ലാതെ കാണാനും തൊലിയിലൂടെ കേൾക്കാനും  കാറ്റിന്റെ അനക്കം പോലുമില്ലെങ്കിലും അപകടം മണത്തറിയാനും സഹായിക്കുന്ന വിസ്മയാവഹമായ നാഡീപടലത്തെക്കുറിച്ച് എത്ര വിശദമായ വിവരണമാണ്‌ ഡ്രോഷർ നല്കുന്നത്. ഇതെല്ലാം വാസനാപ്രേരിതമായ പ്രവൃത്തികൾ എന്ന സമൃദ്ധമായ അനുഷ്ഠാനത്തിന്റെ ഭാഗവുമാണ്‌...ഓരോ സഹജവാസനയും അസൂയാർഹമായിട്ടാണ്‌ എനിക്കു തോന്നിയിട്ടുള്ളത്; എന്നാൽ അതിൽ ഒരെണ്ണം എന്റെ അങ്ങേയറ്റത്തെ അസൂയയ്ക്കു പാത്രമാണ്‌: പ്രഹരം നിർത്തിവയ്ക്കുക എന്നാണ്‌ ആ വാസനയുടെ പേര്‌. മൃഗങ്ങൾ പലപ്പോഴും സ്വന്തം വർഗ്ഗത്തിന്റെ അതിരുകൾക്കുള്ളിൽ നിന്നാണ്‌ പൊരുതുക; അവയുടെ കലഹങ്ങൾ പ്രായേണ ചോര ചിന്താതെയാണ്‌ അവസാനിക്കുകയും. ഒരു പ്രത്യേകനിമിഷത്തിൽ ഒരു പ്രതിയോഗി പിന്മാറുകയാണ്‌; അതോടെ അതവസാനിക്കുകയും ചെയ്യും. നായ്ക്കൾ അന്യോന്യം തിന്നാറില്ല, കിളികൾ മറ്റു കിളികളെ കൊത്തിക്കീറാറില്ല, കലമാനുകൾ സഹജീവികളെ കൊമ്പിൽ കോർക്കാറുമില്ല. അതവ സഹജമായിത്തന്നെ സൗമ്യശീലരായതുകൊണ്ടല്ല. പ്രഹരത്തിന്റെ ശക്തിക്കോ  താടിയെല്ലുകളുടെ അമർത്തലിനോ അതിരു വയ്ക്കുന്ന യാന്ത്രികഘടനയുടെ പ്രവർത്തനം മാത്രമാണത്. ഈ ജന്മവാസന ഇല്ലാതാകുന്നത് ബന്ധനത്തിലാണ്‌; കൃത്രിമമായി സൃഷ്ടിച്ചെടുത്ത വർഗ്ഗങ്ങളിൽ പലപ്പോഴുമിത് വികാസം പ്രാപിക്കാറുമില്ല. രണ്ടും ഫലത്തിൽ ഒന്നുതന്നെ.


( Vitus B. Droscher ജർമ്മനിലെഴുതിയ Instinct or Experience എന്ന പുസ്തകത്തിന്റെ പോളിഷ് വിവർത്തനത്തിനെഴുതിയ നിരൂപണം. അവശ്യമല്ലാത്ത വായന എന്ന പുസ്തകത്തിൽ നിന്ന്. )

ജാൻ കപ്ലിൻസ്കി - കവിതകൾ

 ഇന്നു കാലത്ത് തണുപ്പുണ്ടായിരുന്നു...


ഇന്നു കാലത്തു തണുപ്പുണ്ടായിരുന്നു,
എന്നാലുച്ചയോടെ ചൂടു പിടിച്ചുതുടങ്ങി.
വടക്കുദിശയിൽ നീലിച്ച മേഘങ്ങൾ കൂമ്പാരം കൂടിയിരുന്നു.
ഞാനൊരു യോഗം കഴിഞ്ഞു വന്നതാണ്‌
-ക്ലാസ്സിക്കൽ ഭാഷകൾ പഠിപ്പിക്കുന്നതിനെക്കുറിച്ച് ഒരു ചർച്ച-
പുഴക്കരെ ഒരു ചങ്ങാതിയുമൊത്തിരിക്കുകയാണ്‌ ഞാൻ;
തന്റെ വിഷമങ്ങൾ അവനെന്നോടു പറയണം.
പുഴയിൽ വെള്ളം താണിട്ടില്ല.
രണ്ടു കുട്ടികൾ കരയിലിരുന്നു വെള്ളത്തിലേക്കു കല്ലുകളെറിയുന്നു.
എനിക്കൊരുപദേശവും നല്കാനുണ്ടായിരുന്നില്ല...
പുഴയോരത്ത് ബഞ്ചുകളൊന്നുമില്ല,
രാത്രിയിലിറങ്ങുന്ന ആ തെമ്മാടികൾ പിന്നെയുമെടുത്തു വെള്ളത്തിലെറിഞ്ഞുകാണും.
സൂര്യൻ ഒരു മേഘത്തിനു പിന്നിലേക്കു വഴുതി.
ഞങ്ങൾ തണുത്തു മരവിയ്ക്കാൻ തുടങ്ങി.
ഞങ്ങളെഴുന്നേറ്റ് ടൗണിലേക്കു മടങ്ങി.
അവനൊരു വഴി കണ്ടുകാണും.
ഓട്ട്സും റൊട്ടിയും വാങ്ങാൻ ഞാനൊരു കടയിൽ കയറി.
ജൂൺ മാസമായിരുന്നു. വീട്ടിലേക്കു നടക്കുമ്പോൾ 
ചെറുപ്പക്കാരായ മൂന്നു പട്ടാളക്കാർ റൂബിക് ക്യൂബുകൾ തിരിക്കുന്നതു ഞാൻ കണ്ടു.


എനിക്കൊരിക്കൽ ഫിജിയിൽ നിന്നൊരു പോസ്റ്റ്കാർഡ് വന്നിരുന്നു...


എനിക്കൊരിക്കൽ ഫിജിയിൽ നിന്നൊരു പോസ്റ്റ്കാർഡ് വന്നിരുന്നു,
കരിമ്പ് വിളവെടുക്കുന്നതിന്റെ ചിത്രവുമായി.
സ്വതേ യാതൊന്നും അസാധാരണമോ ആകർഷകമോ അല്ലെന്ന്
എനിക്കന്നു ബോദ്ധ്യമായി.
നമ്മുടെ മുറ്റിക്കു തോട്ടത്തിൽ നിന്ന് ഉരുളക്കിഴങ്ങു കുഴിച്ചെടുക്കുന്നതും
വിറ്റി ലേവുവിൽ കരിമ്പു വെട്ടുന്നതും തമ്മിൽ ഒരു വ്യത്യാസവുമില്ല.
ഉള്ളതായിട്ടുള്ളതെല്ലാം വെറും സാധാരണമാണ്‌,
അഥവാ, സാധാരണവുമല്ല, അസാധാരണവുമല്ല.
വിദൂരദേശങ്ങളും അതിലെ ജനതയും ഒരു സ്വപ്നമാണ്‌,
ഉണരാതൊരാൾ കാണുന്ന ജാഗരസ്വപ്നം.
കവിതയുടെ കാര്യവും അതുതന്നെ.
ദൂരെ നിന്നു നോക്കുമ്പോൾ അതെന്തോ സവിശേഷമാണ്‌,
നിഗൂഢമാണ്‌, ഉത്സവസമാനമാണ്‌.
ഇല്ല, കവിതയ്ക്കില്ല, ഒരു കരിമ്പുതോട്ടത്തിനോ 
ഉരുളക്കിഴങ്ങുപാടത്തിനോ ഉള്ളതിലേറെ സവിശേഷത.
കവിത അറക്കവാളിനടിയിൽ നിന്നുവരുന്ന ഈർച്ചപ്പൊടി പോലെയാണ്‌,
അല്ലെങ്കിൽ ചിന്തേരിടുമ്പോഴത്തെ മഞ്ഞിച്ച ചീവലുകളാണ്‌.
കവിത വൈകുന്നേരത്തെ കൈകഴുകലാണ്‌,
അല്ലെങ്കിൽ, മരിച്ചുപോയ എന്റെ അമ്മായി
മറക്കാതെന്റെ കീശയിൽ വച്ചുതന്നിരുന്ന
വൃത്തിയുള്ള തൂവാല.


മഴ പെയ്യാനുള്ള സാദ്ധ്യത



മഴ പെയ്യാനുള്ള സാദ്ധ്യത...മഴ പെയ്യാൻ സാദ്ധ്യതയുണ്ടെങ്കിൽ
സകലതിനും സാദ്ധ്യതയുണ്ട്: ചീര, പച്ചച്ചീര,
മുള്ളങ്കിയും ചതകുപ്പയും, കാരറ്റും ഉരുളക്കിഴങ്ങും പോലും, 
പൂർണ്ണചന്ദ്രൻ വീണുതിളങ്ങുന്ന,
വവ്വാലുകൾ മേലേ പറക്കുന്ന കുളത്തിനു മേൽ
ശരപ്പക്ഷികൾ പോലും.
കുട്ടികൾ ബാഡ്മിന്റൺ കളി നിർത്തി വീട്ടിൽ കയറുന്നു.
പടിഞ്ഞാറായി ഒരു മൂടൽ കാണാനുണ്ട്.
എന്റെ കൈകാലുകളിലെ തളർച്ച പതിയെപ്പതിയെ
ശുഭാപ്തിവിശ്വാസമായി രൂപം മാറുന്നു.
കൊളോണിലേക്കു പറക്കാൻ ഒരു വിമാനം കടമെടുക്കുന്നതായി
ഞാൻ സ്വപ്നം കാണുന്നു.
ഞാനും വീട്ടിനുള്ളിലേക്കു പോകണം.
ആകാശം ഇരുണ്ടുതുടങ്ങിക്കഴിഞ്ഞു,
മരച്ചില്ലകൾക്കിടയിലൂടെ തിളങ്ങുന്ന ഒരർദ്ധചന്ദ്രൻ.
പെട്ടെന്നെനിക്കൊരു തോന്നലുണ്ടാവുന്നു,
ഒരാല്ക്കെമിസ്റ്റിന്റെ വാറ്റുഭരണിയാണു ഞാനെന്ന്,
ചൂട്, മടുപ്പ്, പ്രത്യാശ, പുതിയ ചിന്തകൾ-
ഇതെല്ലാമതിലുരുകിച്ചേരുകയാണെന്ന്,
വിചിത്രവും നാനാവർണ്ണവും നൂതനവുമായതൊന്നായി.

aan Kaplinski (1941-2021)- എസ്തോണിയൻ കവിയും ചിന്തകനും. പൗരസ്ത്യചിന്തയുടെ സ്വാധീനമുണ്ട്.

ക്രിസ്റ്റീന പെരി റോസി - കവിതകൾ

 

Cristina Peri Rossi (1941)- ഇറ്റാലിയൻ വംശജയായ ഉറുഗ്വേയൻ കഥാകൃത്തും കവിയും നോവലിസ്റ്റും. ‘ലാറ്റിനമേരിക്കൻ ബൂമിനു’ ശേഷമുള്ള കാലഘട്ടത്തിലെ പ്രധാനപ്പെട്ട എഴുത്തുകാരികളിൽ ഒരാൾ. “ഒരു കപ്പല്ച്ചേതത്തിന്റെ വിവരണം,” “വിഫലയത്നങ്ങളുടെ കാഴ്ചബംഗ്ലാവ്,” “”ദിനോസാറിന്റെ അപരാഹ്നം,“ ”ദസ്തയെവ്സ്കിയുടെ അന്ത്യരാത്രി“ എന്നിവ പ്രധാനപ്പെട്ട കൃതികൾ.


അഭിനിവേശം

പ്രണയത്തിൽ നിന്നു നാം പുറത്തുവന്നു
ഒരാകാശവിപത്തിൽ നിന്നെന്നപോലെ
ഉടുതുണികൾ നമുക്കു നഷ്ടമായിരുന്നു
നമ്മുടെ രേഖകളും നഷ്ടമായി
എനിക്കൊരു പല്ലു പോയിരുന്നു
നിനക്കു കാലത്തെക്കുറിച്ചുള്ള ബോധവും
അതൊരു നൂറ്റാണ്ടിന്റെ നീളമുള്ള ഒരു കൊല്ലമായിരുന്നോ?
അതോ ഒരു നാളുപോലെ ചുരുങ്ങിയ ഒരു നൂറ്റാണ്ടോ?
വീട്ടിനുള്ളിൽ
വീട്ടിനു വെളിയിൽ
തകർന്ന അവശിഷ്ടങ്ങൾ:
ഗ്ലാസ്സുകൾ ഫോട്ടോകൾ കീറിയ പുസ്തകങ്ങൾ
അതിജീവിച്ചവരായിരുന്നു നാം
ഒരു തകർച്ചയെ
ഒരഗ്നിപർവ്വതത്തെ
ഒരു പ്രക്ഷുബ്ധസമുദ്രത്തെ
നാം വേർപിരിഞ്ഞു
അതിജീവിച്ചുവെന്ന മങ്ങിയ തോന്നലോടെ
എന്തിനെന്നു നമുക്കറിയില്ലെന്നാലും

*


ഒട്ടകം

അറബിക്കവികൾ പറയുന്നു
കണ്ണുകാണാത്തൊരൊട്ടകത്തിൻ്റെ 
അലഞ്ഞുതിരിയലാണ് വിധിയെന്ന്.
കണ്ണുകാണാത്തൊരൊട്ടകത്തെപ്പോലെ 
ഞാനലഞ്ഞുനടന്നിട്ടുണ്ട്
പെരുംകടൽ പോലപാരമായ നഗരങ്ങളിലൂടെ.
കണ്ണുകാണാത്തൊരൊട്ടകത്തെപ്പോലെ
വഴി തുലഞ്ഞു ഞാൻ നടന്നിട്ടുണ്ട്
വേശ്യത്തെരുവുകൾ പോലിടുങ്ങിയ നഗരങ്ങളിലൂടെ.
കണ്ണുകാണാത്തൊരൊട്ടകത്തെപ്പോലെ
എൻ്റേതല്ലാത്ത ഭാഷകൾ ഞാൻ പഠിച്ചു,
അതിൻ്റെ രുചി ഞാനറിഞ്ഞു,
അതിൻ്റെ മാധുര്യം, അതിൻ്റെ പാരുഷ്യം,
അതിൻ്റെ ഭാസുരതയും അതിന്നതാര്യതയും.
കണ്ണുകാണാത്തൊരൊട്ടകത്തെപ്പോലെ
മാരകമായ മടുപ്പു ഞാനനുഭവിച്ചു,
പിന്നൊരു പുനർജ്ജന്മത്തിലേക്കു ഞാനതിജീവിച്ചു.
കണ്ണുകാണാത്തൊരൊട്ടകത്തെപ്പോലെ
അന്ധമായി ഞാൻ വിശ്വസിച്ചു.
എനിക്കുണ്ടായിരുന്നു, ആശയങ്ങൾ,
എനിക്കുണ്ടായിരുന്നു, വികാരങ്ങൾ;
മറ്റാശയങ്ങൾക്കും വികാരങ്ങൾക്കുമായി
ഞാനവ കൈമാറ്റം ചെയ്യുകയും ചെയ്തിരുന്നു.
എന്നാലിപ്പോൾ
എൻ്റെയൊട്ടകത്തിനു കണ്ണു കാണാം,
അതിനതിൻ്റെ വിധിയുമറിയാം:
നിൻ്റെ തുടകളുടെ നനഞ്ഞ കടലോരങ്ങൾ,
നിൻ്റെ ചുണ്ടുകളുടെ മണൽത്തരികൾ,
പട്ടുപോലത്തെ നിൻ്റെയുദരം,
നിൻ്റെ ചുണ്ടത്തെക്കൂജയിലെ നറുംവെള്ളം,
നിൻ്റെ കാലിടുക്കിലെ
ഉപ്പു ചുവയ്ക്കുന്ന കടൽശംഖ്.
*

ആത്മീയാനുഭവം


താൻ ഒരാത്മീയാനുഭവത്തിനുള്ള അന്വേഷണത്തിലാണെന്ന്
അവൾ എന്നോടു പറഞ്ഞു
രണ്ടായിരത്തോളം മതങ്ങളുള്ള ഒരു ലോകത്ത്
-മതഭേദങ്ങൾ കൂട്ടാതെതന്നെ-
വളരെ ഗൗരവമുള്ള ഒരു വിഷയം തന്നെ അത്

അവൾക്കു പക്ഷേ വേണ്ടത് മറ്റൊന്നായിരുന്നു
"എനിക്ക് ഒരാത്മീയാനുഭവം വേണം"
അവൾ പറഞ്ഞു

അങ്ങനെയൊന്ന് എനിക്കുണ്ടായിട്ടില്ല എന്നാണെൻ്റെ വിശ്വാസം
യുദ്ധാനുഭവങ്ങൾ എനിക്കുണ്ടായിട്ടുണ്ട്
വിപ്ലവങ്ങൾ ഐന്ദ്രിയാനുഭവങ്ങൾ സംഗീതാനുഭവങ്ങൾ
ജോലിസംബന്ധമായ അനുഭവങ്ങൾ ഇതൊക്കെയുണ്ടായിടുണ്ട്

ഒരു ടേണറുടെയോ കാസ്പർ ഡേവിഡ് ഫ്രീഡ്രിക്കിൻ്റെ കപ്പൽച്ചേതത്തിൻ്റെയോ 
മുന്നിലനുഭവിക്കുന്ന ഹർഷോന്മാദത്തെ

ആത്മീയാനുഭവമായിട്ടല്ല പരിഗണിക്കുന്നതെങ്കിൽ

ജെ.ജി. ബല്ലാർഡിനെയോ
വയഹോയുടെ കവിതകളോ വായിക്കുന്നത്
ആത്മീയാനുഭവങ്ങളല്ലെങ്കിൽ

സൂര്യാസ്തമയങ്ങളുടെ പല അനുഭവങ്ങളും എനിക്കുണ്ടായിട്ടുണ്ട്
സാന്ത മരിയ തുറമുഖത്ത്,
തെക്കൻ നാട്ടിലെ ഉജ്ജ്വലമായ പ്രകാശത്തിൽ

അതൊന്നുമല്ല താൻ പറയുന്നതെന്നായി അവൾ
ഷോപ്പാങ്ങിൻ്റെ സംഗീതം കേൾക്കുമ്പോൾ എനിക്കുണ്ടാകുന്ന വിഷാദമല്ലത്
ഇന്നു സെൽ ഫോണുകളിൽ മുഴങ്ങുന്ന സാറ്റിയുടെ ജിമ്നോപിഡീസുമല്ല

അതൊന്നുമല്ല താനുദ്ദേശിക്കുന്നത് എന്നവൾ പറഞ്ഞു

പിന്നവൾ ഇൻഡ്യയിലേക്കു പോയി
ഞാൻ കൂടെപ്പോയില്ല
അല്ലാതെതന്നെ ഈ ലോകത്തു ഞാനെത്രയോ ദുരിതം കണ്ടുകഴിഞ്ഞു

ആവശ്യമായ അളവിൽ ആത്മീയതയിലേക്കെത്താതെ

രണ്ടു കൊല്ലത്തോളം അവൾ ഇൻഡ്യയിലായിരുന്നു
മടങ്ങിയെത്തുമ്പോൾ അവൾ കൂടുതൽ മെലിഞ്ഞിരുന്നു
നിൻ്റെ വിശേഷമെന്താ? അവൾ ചോദിച്ചു
പ്രത്യേകിച്ചൊന്നുമില്ല ഞാൻ പറഞ്ഞു

കുറേശ്ശെ എഴുതുന്നു ചില നാടകങ്ങൾ വായിക്കുന്നു
നെറ്റിൽ മാഹ്ജോങ്ങ് കളിക്കുന്നു

ചിലപ്പോഴൊക്കെ എന്നെ ഒരു കാറിടിക്കുന്നു

പൊതുവേ പറഞ്ഞാൽ ആത്മീയാനുഭവങ്ങളില്ലാതെ ഞാനിങ്ങനെ കഴിഞ്ഞുകൂടുന്നു
ഇൻഡ്യയിൽ എങ്ങനെയുണ്ടായിരുന്നുവെന്നു പിന്നെ ഞാൻ ചോദിച്ചു
അതേയ് അതേയ് 
തനിക്ക് ഒരാത്മീയാനുഭവമുണ്ടായെന്നവൾ പറഞ്ഞു

എല്ലാ രതിമൂർച്ഛകളേയും
ചപലവും പരിഹാസ്യവുമാക്കുന്നതൊന്ന്

അതിനായി ഇൻഡ്യ വരെ പോകേണ്ടതില്ലായിരുന്നുവെന്ന് ഞാൻ മനസ്സിൽ പറഞ്ഞു
ആർത്തവവിരാമമെത്തിയാൽ മതിയായിരുന്നു.
*