2021, ജനുവരി 28, വ്യാഴാഴ്‌ച

ഹൈമേ സബീനെസ് - കവിതകൾ


നല്ലവണ്ണമാലോചിക്കുക


അവർ പറയുന്നു ഭാരം കുറയ്ക്കാനായി ഞാൻ വ്യായാമം ചെയ്യണമെന്ന്,
അമ്പതിൽ കൊഴുപ്പും സിഗററ്റും അപകടമാണെന്ന്,
ഞാൻ ശരീരം നോക്കണമെന്ന്,
കാലത്തോടും പ്രായത്തോടും ഞാൻ പൊരുതിനില്ക്കണമെന്ന്.

അഭ്യുദയകാംക്ഷികളായ വിദഗ്ധരും സ്നേഹശീലരായ ഡോക്ടർമാരും
കുറച്ചുകൊല്ലം കൂടി ജീവിതം നീട്ടിക്കിട്ടട്ടേയെന്നതിനായി
പഥ്യങ്ങളും പരിപാടികളും ശുപാർശ ചെയ്യുന്നു.

അവരുടെ സദുദ്ദേശങ്ങൾക്കു ഞാൻ നന്ദി പറയുന്നു,
എന്നാൽ എത്ര പൊള്ളയാണവരുടെ കുറിപ്പടികളെന്നും
എത്ര ലോഭിച്ചതാണവരുടെ ഉത്സാഹമെന്നുമോർത്തു ഞാൻ ചിരിച്ചുപോകുന്നു
(ഈവകയൊക്കെ മരണവും തമാശയായിട്ടാണെടുക്കുക.)

ഞാൻ ഗൗരവത്തോടെ പരിഗണിക്കാൻ പോകുന്ന ഒരേയൊരു ശുപാർശ
കൂടെക്കിടക്കാൻ ഒരു ചെറുപ്പക്കാരിയെ കണ്ടുപിടിക്കുക എന്നതാണ്‌,
എന്തെന്നാൽ, ഈ പ്രായത്തിൽ
ഈ രോഗം സുഖപ്പെടുത്താൻ എന്തിനെങ്കിലും കഴിയുമെങ്കിൽ
അത് യൗവ്വനത്തിനു മാത്രമാണ്‌.

മിത്തിനെക്കുറിച്ച്


വയറ്റിൽ കിടക്കുമ്പോൾ ഞാൻ കരഞ്ഞുവെന്ന് അമ്മ എന്നോടു പറഞ്ഞു.
അവർ അമ്മയോടു പറഞ്ഞു: അവൻ ഭാഗ്യവാനാണ്‌.

എന്റെ ജീവിതത്തിന്റെ ഒന്നൊഴിയാതെല്ലാ നാളുകളിലും
സാവകാശം, വളരെപ്പതിയേ ആരോ എന്നോടു പറഞ്ഞിരുന്നു,
ജീവിക്കൂ, ജീവിക്കൂ, ജീവിക്കൂ!
അതു മരണമായിരുന്നു.

മരണത്തെക്കുറിച്ച്

അതിനെ കുഴിച്ചിടൂ.
മണ്ണിനടിയിൽ ഉരിയാട്ടമില്ലാത്തവർ എത്രയെങ്കിലുമുണ്ട്.
അതിന്റെ കാര്യം അവർ നോക്കിക്കോളും.
അതിനെ ഇവിടെ ഇടരുത്.
അതിനെ കുഴിച്ചിടൂ.

*

Jaime Sabines(1926-1999)- മെക്സിക്കൻ കവി. “അമേരിക്ക” എന്ന ഗ്രൂപ്പിലെ അംഗമായിരുന്നു. മരണവും നൈരാശ്യവും, അന്യവല്ക്കരണം, ജീവിതത്തിലുള്ള വിശ്വാസം എന്നിവ പ്രധാനപ്പെട്ട പ്രമേയങ്ങൾ.

അഭിപ്രായങ്ങളൊന്നുമില്ല: