2021, ജനുവരി 4, തിങ്കളാഴ്‌ച

അന്തോണിയോ ഗ്രാംഷി- ഞാൻ പുതുവർഷത്തെ വെറുക്കുന്നു

 

എല്ലാ ദിവസവും കാലത്ത് ആകാശത്തിന്റെ ശവക്കോടിക്കടിയിൽ നിന്നുണർന്നെഴുന്നേല്ക്കുമ്പോൾ എന്നെ സംബന്ധിച്ചിടത്തോളം അത് മറ്റൊരു പുതുവത്സരത്തുടക്കമായിട്ടാണ്‌ എനിക്കു തോന്നാറുള്ളത്.
അതുകൊണ്ടാണ്‌ കാലാവധിയെത്തിയ സ്ഥിരനിക്ഷേപങ്ങൾ പോലുള്ള ഈ പുതുവർഷദിനങ്ങളോട് എനിക്കു വെറുപ്പു തോന്നുന്നതും; അവ ജീവിതത്തെയും മനുഷ്യന്റെ സത്തയേയും വെറും വാണിജ്യവിഷയമാക്കി മാറ്റുകയാണ്‌, കൃത്യമായ നീക്കിയിരുപ്പുകളുമായി, കുടിശ്ശികത്തുകകളുമായി, പുതിയ നിക്ഷേപങ്ങൾക്കുള്ള കണക്കുകൂട്ടലുകളുമായി. അവ നമ്മുടെ ജീവിതത്തിന്റെയും സത്തയുടേയും തുടർച്ച നഷ്ടപ്പെടുത്തുന്നു. നാമപ്പോൾ ഗൗരവത്തോടെതന്നെ ചിന്തിച്ചുപോവുകയാണ്‌, ഒരു വർഷത്തിനും അടുത്തതിനുമിടയിൽ ഒരു വിച്ഛേദമുണ്ടെന്ന്, ഒരു പുതിയ ചരിത്രം തുടങ്ങാൻ പോവുകയാണെന്ന്; നിങ്ങൾ പുതിയ തീരുമാനങ്ങളെടുക്കുന്നു, ആ തീരുമാനങ്ങൾ നടക്കാത്തതിൽ നിങ്ങൾക്കു ഖേദം തോന്നുന്നു, അങ്ങനെയങ്ങനെ അതു നീളുന്നു. തീയതികളുടെ ഒരു കുഴപ്പമാണത്.
കാലഗണന ചരിത്രത്തിന്റെ നട്ടെല്ലാണെന്നാണ്‌ പൊതുവേയുള്ള പറച്ചിൽ. ആയിക്കോട്ടെ. എന്നാൽ, അടിസ്ഥാനപരമെന്നു നിശ്ചയിക്കപ്പെട്ടിരിക്കുന്ന തീയതികൾ നാലോ അഞ്ചോ ഉണ്ടെന്നും നാം അംഗീകരിക്കേണ്ടിവരും; ഏതു മാന്യദേഹവും സ്വന്തം തലച്ചോറിൽ അവ സൂക്ഷിച്ചുവയ്ക്കുന്നുണ്ട്; ചരിത്രവുമായി അവ കള്ളക്കളി നടത്തിയിട്ടുമുണ്ട്. അവയും പുതുവർഷദിനങ്ങൾ തന്നെ. റോമൻ ചരിത്രത്തിന്റെ ആരംഭം കുറിച്ച ദിവസം, അല്ലെങ്കിൽ, മദ്ധ്യകാലഘട്ടത്തിന്റെ, ആധുനികകാലത്തിന്റെ.
എത്രയ്ക്കാഴത്തിലാണ്‌ അവ നമ്മുടെ ബോധത്തിലേക്കാണ്ടിറങ്ങിയിരിക്കുന്നത്! ഇറ്റലിയിൽ ജീവിതം തുടങ്ങിയത് 752ലാണെന്നു നാം ചിന്തിക്കുന്നതായി നമുക്കു ചിലപ്പോൾ തോന്നിപ്പോകും; അല്ലെങ്കിൽ, 1490, 1492കളൊക്കെ മനുഷ്യരാശി ചാടിക്കടന്ന മലകളാണെന്നും പുതിയൊരു ലോകത്തേക്ക് പെട്ടെന്നതെത്തിപ്പെട്ടതായും പുതിയൊരു ജീവിതത്തിലേക്കതെത്തിയതായും. അങ്ങനെ തീയതി ഒരു തടസ്സമാവുകയാണ്‌, നമ്മുടെ കാഴ്ച്ച മറയ്ക്കുന്ന ഒരാൾമറ; ചരിത്രം അടിസ്ഥാനപരവും മാറ്റമില്ലാത്തതുമായ ഒരേ രേഖയിലൂടെ നിരന്തരം അനാവൃതമായിക്കൊണ്ടിരിക്കുകയാണെന്ന് അങ്ങനെ നാം കാണാതെപോകുന്നു; ഫിലിമിന്റെ റീലു പൊട്ടി കണ്ണഞ്ചിക്കുന്ന വെളിച്ചത്തിന്റെ ഒരിടവേള സൃഷ്ടിക്കുന്ന തരത്തിലുള്ള ആകസ്മികമായ വിരാമങ്ങൾ ചരിത്രത്തിലില്ല.
അതുകൊണ്ടാണ്‌ ഞാൻ പുതുവത്സരദിനങ്ങളെ വെറുക്കുന്നത്. ഓരോ പ്രഭാതവും ഒരു പുതുവർഷത്തിന്റെ ആദ്യദിനമാകണമെന്നാണെനിക്ക്. ഓരോ ദിവസവും എനിക്കെന്റെ കണക്കെടുക്കണം, ഓരോ ദിവസവും എനിക്കെന്നെത്തന്നെ പുതുക്കണം. വിശ്രമത്തിനായി ഒരു ദിവസം ഞാൻ മാറ്റിവയ്ക്കുന്നില്ല. താല്ക്കാലികവിരാമങ്ങൾ വേണമെന്നു തോന്നിയാൽ അതു ഞാൻ തന്നെ തിരഞ്ഞെടുക്കും; ജീവിതത്തിന്റെ തീക്ഷ്ണത തലയ്ക്കു പിടിക്കുന്ന ആ നാളുകളിൽ എന്നിലെ വന്യതയിലേക്കു ഞാൻ എടുത്തുചാടുകയും അതിൽ നിന്ന് പുതിയ ഒരൂർജ്ജം ഞാൻ കണ്ടെത്തുകയും ചെയ്യും.
തക്ക സമയം നോക്കി ഇരിക്കുന്ന ഏർപ്പാടും എനിക്കില്ല. എനിക്കെന്റെ ജീവിതത്തിന്റെ ഓരോ മണിക്കൂറും പുതുതായിരിക്കണം; അതേസമയം അവ പൊയ്പ്പോയ മണിക്കൂറുകളുമായി ബന്ധപ്പെട്ടതുമായിരിക്കും. എനിക്കൊരു താല്പര്യവുമില്ലാത്ത അപരിചിതരുമായിച്ചേർന്നു സംഘനൃത്തം ചവിട്ടാൻ ഒരുത്സവനാളും എനിക്കു വേണ്ട. നമ്മുടെ മുതുമുത്തശ്ശന്മാരും അവർക്കു മുമ്പുള്ളവരുമൊക്കെ അങ്ങനെ ആഘോഷിച്ചിരുന്നതുകൊണ്ട് നമ്മൾക്കും അങ്ങനെയൊരു ത്വര തോന്നുക: മനം പുരട്ടുന്നതാണത്.
ഇക്കാരണംകൊണ്ടു തന്നെയാണ്‌ ഞാൻ സോഷ്യലിസത്തെ കാത്തിരിക്കുന്നതും. കാരണം, നമ്മുടെ സത്തയിൽ ഒരനുരണനവും സൃഷ്ടിക്കാത്ത ഈ തീയതികളെയൊക്കെക്കൂടി അതെടുത്ത് ചവറ്റുകുട്ടയിൽ എറിയുമല്ലോ. ഇനി, അത് പുതിയ തീയതികൾ സൃഷ്ടിക്കുകയാണെങ്കിൽ അത് നമ്മുടേതെങ്കിലുമായിരിക്കും, നമ്മുടെ പൊട്ടന്മാരായ പൂർവ്വികരിൽ നിന്ന് ഒരെതിർപ്പും പറയാൻ പറ്റാതെ നമുക്കേറ്റെടുക്കേണ്ടിവരുന്ന മറ്റു തീയതികൾ പോലാവില്ല.
(1916 ജനുവരി 1ന്‌ ഇറ്റാലിയൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ ഔദ്യോഗികപത്രമായ Avanti!യിൽ എഴുതിയത്.)

അഭിപ്രായങ്ങളൊന്നുമില്ല: