യുദ്ധം നന്നായി പണിയെടുക്കുന്നു
യുദ്ധം എത്ര ഗംഭീരമാണ്!
എത്രയ്ക്കുത്സാഹഭരിതവും
കാര്യക്ഷമവുമാണത്!
അതതിരാവിലേതന്നെ
സൈറണുകളെ വിളിച്ചുണർത്തുന്നു,
ആംബുലൻസുകളെ
പലയിടങ്ങളിലേക്കയക്കുന്നു,
ജഡങ്ങളെ വായുവിലൂടെ തൂക്കിയെടുക്കുന്നു,
മുറിവേറ്റവർക്കടുത്തേക്കു സ്ട്രെച്ചറുകൾ ഉരുട്ടിവിടുന്നു,
അമ്മമാരുടെ കണ്ണുകളിൽ നിന്ന്
മഴയെ വിളിച്ചുവരുത്തുന്നു,
മണ്ണിലേക്കു കുഴിച്ചിറങ്ങി
അവശിഷ്ടങ്ങൾക്കടിയിൽ നിന്ന്
പലതും ഇളക്കിവിടുന്നു...
ചിലത് ജീവനില്ലാത്തതും തിളങ്ങുന്നതും,
വേറേ ചിലത് വിളറിയതും
അപ്പോഴും മിടിപ്പു മാറാത്തതും...
അത് കുട്ടികളുടെ മനസ്സിൽ
ഏറ്റവും കൂടുതൽ ചോദ്യങ്ങളുയർത്തുന്നു,
ആകാശത്തേക്കു പടക്കങ്ങളും മിസൈലുകളും തൊടുത്ത്
ദൈവങ്ങളെ പ്രീതിപ്പെടുത്തുന്നു,
പാടങ്ങളിൽ മൈൻ വിതയ്ക്കുന്നു,
തുളകളും പൊള്ളലുകളും കൊയ്യുന്നു,
കുടുംബങ്ങളെ കുടിയേറാൻ പ്രേരിപ്പിക്കുന്നു,
വൈദികർ പിശാചിനെ പഴിക്കുമ്പോൾ
(പാവം പിശാച്,
പൊള്ളുന്ന തീയിൽ ഒരു കയ്യുമായി നില്ക്കുകയാണവൻ)
അവർക്കരികിൽ നില്ക്കുന്നു...
യുദ്ധം, ഇടവേളയില്ലാതെ, രാവും പകലും പണിയെടുക്കുന്നു.
നീണ്ട പ്രഭാഷണങ്ങൾ നടത്താൻ
ഏകാധിപതികളെ അതു പ്രചോദിപ്പിക്കുന്നു,
ജനറൽമാർക്കു മെഡലുകളും
കവികൾക്കു പ്രമേയങ്ങളും കൊടുക്കുന്നു.
കൃത്രിമാവയവങ്ങളുടെ വ്യവസായത്തിന്
അതു വലിയ പ്രോത്സാഹനം നല്കുന്നു,
ഈച്ചകൾക്കു തീറ്റ കൊടുക്കുന്നു,
ചരിത്രപുസ്തകങ്ങളുടെ പേജെണ്ണം കൂട്ടുന്നു,
കൊന്നവർക്കും ചത്തവർക്കുമിടയിൽ
തുല്യത കൈവരിക്കുന്നു,
കാമുകരെ കത്തെഴുതാൻ പഠിപ്പിക്കുന്നു,
യുവതികൾക്കു കാത്തിരിപ്പു പരിചയപ്പെടുത്തുന്നു,
ലേഖനങ്ങളും ചിത്രങ്ങളും കൊണ്ട്
പത്രപ്പേജുകൾ നിറയ്ക്കുന്നു,
അനാഥർക്കായി പുതിയ വീടുകൾ പണിയുന്നു,
ശവപ്പെട്ടിപ്പണിക്കാരെ ഊർജ്ജസ്വലരാക്കുന്നു,
കുഴിയെടുപ്പുകാരെ
പുറത്തുതട്ടി അഭിനന്ദിക്കുന്നു,
നേതാവിന്റെ മുഖത്ത് ഒരു പുഞ്ചിരി വരച്ചുവയ്ക്കുകയും ചെയ്യുന്നു.
നിസ്തുലമായ ശുഷ്കാന്തിയോടല്ലേ
യുദ്ധം പണിയെടുക്കുന്നത്!
എന്നിട്ടൊരാൾക്കും
അതിനെക്കുറിച്ചൊരു നല്ല വാക്കു പറയാനില്ല.
*
ഇറാക്ക് രാവുകൾ
ഇറാക്കിൽ,ആയിരത്തൊന്നു രാവുകൾക്കു ശേഷം,
ഒരാൾ മറ്റൊരാളോടു വർത്തമാനം പറയും.
പതിവുകാർക്കായി
അങ്ങാടികൾ തുറക്കും.
കുഞ്ഞുപാദങ്ങൾ
ടൈഗ്രിസിന്റെ കൂറ്റൻ പാദത്തെ ഇക്കിളിപ്പെടുത്തും.
കടൽക്കാക്കകൾ ചിറകു വിതിർത്തും,
അവയ്ക്കു നേരേ ആരും നിറയൊഴിക്കുകയുമില്ല.
പേടിച്ചു തിരിഞ്ഞുനോക്കാതെ
സ്ത്രീകൾ തെരുവുകളിലൂടെ നടക്കും.
സ്വജീവൻ അപകടപ്പെടുത്താതെ
പുരുഷന്മാർ തങ്ങളുടെ ശരിക്കുള്ള പേരുകൾ പറയും.
കുട്ടികൾ സ്കൂളിൽ പോകും,
തിരിച്ചു വീട്ടിലെത്തുകയും ചെയ്യും.
കോഴികൾ പുല്ലുകൾക്കിടയിൽ കൊത്തിപ്പെറുക്കുന്നത്
മനുഷ്യമാംസം ആയിരിക്കില്ല.
തർക്കങ്ങൾ നടക്കും,
സ്ഫോടനങ്ങൾ ഇല്ലാതെ.
പതിവുപോലെ ജോലിക്കു പോകുന്ന കാറുകൾക്കു മേൽ
ഒരു മേഘം കടന്നുപോകും.
ഒരു കൈ വീശൽ ഒരാളെ യാത്രയയക്കും,
അല്ലെങ്കിൽ ഒരാളെ സ്വാഗതം ചെയ്യും.
ഉണർന്നെഴുന്നേല്ക്കുന്നവർക്കും
ഇനിയൊരിക്കലും ഉണരാത്തവർക്കും മേൽ
സൂര്യോദയം ഒന്നുതന്നെയായിരിക്കും.
ഓരോ നിമിഷവും
അതിസാധാരണമായതെന്തെങ്കിലും
സൂര്യനു ചുവട്ടിൽ നടക്കും.
**
മറ്റൊരു ഗ്രഹം
ഈ ഭൂമിക്കുമപ്പുറത്തുള്ള
മറ്റൊരു ഗ്രഹത്തിലേക്കു പോകാൻ
എനിക്കൊരു സ്പെഷ്യൽ ടിക്കറ്റ് കിട്ടിയിട്ടുണ്ട്.
സുഖസമ്പൂർണ്ണമായ, സുന്ദരമായ ഒരു ലോകം,
അധികം പുകയില്ലാത്ത,
അധികം ഉഷ്ണമില്ലാത്ത,
വലിയ തണുപ്പുമില്ലാത്ത ഒരു ലോകം.
അവിടെയുള്ള ജന്തുക്കൾ
ഇവിടത്തെക്കാൾ ശാന്തശീലരാണ്,
സർക്കാരുകൾക്ക് രഹസ്യങ്ങളുമില്ല.
പോലീസുകാർ എന്നൊരു വകയേയില്ല,
പ്രശ്നങ്ങളില്ലല്ലോ,
തമ്മിൽത്തല്ലുമില്ലല്ലോ.
സ്കൂളുകളാവട്ടെ,
അധികഭാരം കൊണ്ടു
കുട്ടികളെ ക്ഷീണിപ്പിക്കുന്നില്ല,
കാരണം, ചരിത്രം തുടങ്ങിയിട്ടില്ലല്ലോ,
ഭൂമിശാസ്ത്രവും വേറേ ഭാഷകളുമില്ലല്ലോ.
ഇതിലൊക്കെ നല്ല കാര്യം:
യുദ്ധത്തിനതിന്റെ അക്ഷരങ്ങൾ വേറെയാണ്,
അതു സ്നേഹമായി മാറിയിരിക്കുന്നു,
അതിനാൽ പൊടി പിടിച്ചുറക്കമാണ്
ആയുധങ്ങൾ,
വിമാനങ്ങളാവട്ടെ,
നഗരങ്ങൾക്കു മേൽ ഷെൽ വർഷിക്കാതെ
കടന്നുപോവുകയും ചെയ്യുന്നു,
ബോട്ടുകൾ കണ്ടാൽ
വെള്ളത്തിന്മേൽ പുഞ്ചിരികൾ പോലെ.
സർവ്വതും പ്രശാന്തവും സ്നേഹാർദ്രവുമാണവിടെ,
ഈ ഭൂമിക്കപ്പുറത്തുള്ള
മറ്റേ ഗ്രഹത്തിൽ.
എന്നാലും ഒറ്റയ്ക്കവിടേക്കു പോകാൻ
എനിക്കു മടി തോന്നുന്നു.
ഫലകങ്ങൾ
അറബി ഭാഷയ്ക്കിഷ്ടം
ദീർഘവാക്യങ്ങളാണ്,
ദീർഘയുദ്ധങ്ങളും.
അതിനിഷ്ടം
പാടിത്തീരാത്ത പാട്ടുകൾ,
വൈകിയ രാത്രികൾ,
നാശാവശിഷ്ടങ്ങൾക്കു മേൽ വിലാപങ്ങൾ.
അതിനിഷ്ടം,
ഒരു ദീർഘജീവിതത്തിനായി,
ഒരു ദീർഘമരണത്തിനായി
പണിയെടുക്കുന്നത്.
*
എന്നെപ്പെറ്റ നാടേ,
ഞാൻ നിന്റെ അമ്മയല്ലല്ലോ,
എന്നിട്ടെന്തിനാണെന്റെ മടിയിൽ കിടന്നു
നീ തേങ്ങുന്നത്,
നിനക്കു വേദനിക്കുമ്പോഴൊക്കെയും?
തീരെച്ചെറുതാണെൻ്റെ ഹൃദയം,
അതുകൊണ്ടാണതത്രവേഗം നിറയുന്നതും.
*
ഓരോ തവണ നീ
കടലിലേക്കു കല്ലെറിയുമ്പോഴും
അതെന്നിലേക്കലകളയക്കുന്നു.
*
വഴിയരികിൽ കൂന കൂട്ടിയ
ഈന്തപ്പഴങ്ങൾ,
എന്നെ ചുംബിക്കാൻ
നിന്റെ രീതി.
*
ഞാനൊരു വാതിൽ വരച്ചു,
അതിനു പിന്നിൽ ഞാനിരുന്നു,
നീ വരുമ്പോഴേക്കും
തുറന്നുതരാനായി.
*
തൂവാലകൾ അവരുടേതാണ്,
കണ്ണീരു പക്ഷേ, നമ്മുടേതും.
*
നഗ്നപാദരായി ഓടുന്ന സ്ത്രീകൾ,
അവർക്കു പിന്നിൽ,
മാനത്തു നിന്നു പൊഴിയുന്ന നക്ഷത്രങ്ങൾ.
*
എന്തു വിചിത്രം,
നാമിരുവരെക്കുറിച്ചുള്ള എന്റെ സ്വപ്നത്തിൽ
നിങ്ങളും ഒരു സ്വപ്നമായിരുന്നു.
*
അവൻ എന്നോടു പറഞ്ഞു:
നീ എന്റെ കണ്ണുകളിലാണ്.
ഇപ്പോൾ അവനുറങ്ങുമ്പോഴെല്ലാം
അവന്റെ കണ്ണിമകൾ
എന്നെപ്പൊതിയുന്നു.
*
കടലതിന്റെ തിരകളെ മറക്കുമോ,
ഗുഹകൾ നമ്മെ മറന്നപോലെ?
*
അച്ഛൻ്റച്ഛൻ രാജ്യം വിട്ടത് ഒരു പെട്ടിയുമായിട്ടായിരുന്നു,
അച്ഛൻ പോയത് വെറുംകയ്യോടെയായിരുന്നു,
മകൻ പോയത് കൈകളില്ലാതെയായിരുന്നു.
*
ഞാൻ പ്രേമിക്കാത്ത എല്ലാവരോടും ഞാൻ നന്ദി പറയുന്നു.
അവരെനിക്കു ഹൃദയവേദനയ്ക്കു കാരണമാകുന്നില്ല,
അവരെന്നെക്കൊണ്ടു നീണ്ട കത്തുകളെഴുതിക്കുന്നില്ല,
അവരെന്റെ സ്വപ്നങ്ങളിൽ വന്നലട്ടുന്നില്ല,
അവർക്കായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നില്ല,
അവരുടെ ജാതകഫലങ്ങൾ ഞാൻ മാസികകളിൽ വായിച്ചുനോക്കുന്നില്ല,
ഞാനവരുടെ നമ്പരുകൾ ഡയൽ ചെയ്യുന്നില്ല,
ഞാനവരെക്കുറിച്ചു ചിന്തിക്കുന്നില്ല.
അവരോടങ്ങേയറ്റം ഞാൻ നന്ദി പറയുന്നു,
അവരെന്റെ ജീവിതത്തെ കീഴ്മേൽ മറിക്കുന്നില്ലല്ലോ.
(Dunya Mikhail 1965ൽ ഇറാക്കിൽ ജനിച്ചു. ബാഗ്ദാദ് ഒബ്സെർവറിൽ പത്രപ്രവർത്തകയായിരുന്നു. ഭരണകൂടത്തിന്റെ അപ്രീതിക്കിരയായതോടെ 1995ൽ ജോർദ്ദാനിലേക്കും അവിടെ നിന്ന് യു.എസ്സിലേക്കും കുടിയേറി. ഇപ്പോൾ ഓൿലാൻഡ് യൂണിവേഴ്സിറ്റിയിൽ അറബി അദ്ധ്യാപിക. The War works Hard (2005), Diary of a Wave Outside the Sea (2009) എന്നിവ പ്രധാനപ്പെട്ട കവിതാസമാഹാരങ്ങൾ.)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ