ഞാൻ ഓർക്കുന്നു: അവൻ അച്ഛനോടു ചോദിക്കുന്നു: “ഇതു സത്യമായിരിക്കുമോ?” ഇത് ഇരുപതാം നൂറ്റാണ്ടാണ്, മദ്ധ്യകാലമല്ല. ഇത്തരം പാതകങ്ങൾ നടക്കാൻ ആരാണനുവദിക്കുക? ലോകത്തിനെങ്ങനെ നിശ്ശബ്ദമായിരിക്കാൻ കഴിയും?
ഇപ്പോൾ ആ കുട്ടി എന്റെ നേർക്കു തിരിയുന്നു: “പറയൂ,” അവൻ എന്നോടു ചോദിക്കുന്നു, “എന്റെ ഭാവി കൊണ്ട് നിങ്ങൾ എന്താണു ചെയ്തത്? നിങ്ങളുടെ ജീവിതം കൊണ്ട് നിങ്ങൾ എന്താണു ചെയ്തത്?”
ഞാൻ ശ്രമിച്ചുനോക്കിയിരുന്നുവെന്ന് ഞാൻ അവനോടു പറയുന്നു. ഓർമ്മ കെടാതെ നിർത്താൻ ഞാൻ ശ്രമിച്ചിരുന്നു, മറക്കുമെന്നുള്ളവരോടെതിരിടാൻ ഞാൻ ശ്രമിച്ചിരുന്നു. എന്തെന്നാൽ, മറന്നാൽ നമ്മളും അപരാധികളാവുകയാണ്, കുറ്റകൃത്യത്തിൽ പങ്കാളികളാവുകയാണ്.
ഞങ്ങൾ എത്ര ശുദ്ധമനസ്കരായിരുന്നുവെന്ന് പിന്നെ ഞാൻ അവനു വിശദീകരിച്ചുകൊടുത്തു; ലോകത്തിനെല്ലാം അറിയാമായിരുന്നു, എന്നിട്ടതു മൗനം ഭജിക്കുകയായിരുന്നു. അതുകൊണ്ടുതന്നെയാണ് ഞാൻ പ്രതിജ്ഞയെടുത്തത്, എവിടെയാണെങ്കിലും എപ്പോഴാണെങ്കിലും മനുഷ്യജീവികൾ യാതനയും അപമാനവും സഹിക്കുമ്പോൾ ഞാൻ നിശ്ശബ്ദനാവില്ല എന്ന്. നാം എപ്പോഴും പക്ഷം പിടിക്കണം. നിഷ്പക്ഷത മർദ്ദകനെയാണു സഹായിക്കുന്നത്, ഇരയെ അല്ല. നിശ്ശബ്ദത പീഡകനെയാണ് പ്രോത്സാഹിപ്പിക്കുന്നത്, പീഡിതനെയല്ല. ചിലപ്പോഴൊക്കെ നാം ഇടപെടുകതന്നെ വേണം. മനുഷ്യജീവിതങ്ങൾ അപകടത്തിലാവുമ്പോൾ, മനുഷ്യാന്തസ്സിനു വിലയില്ലാതാവുമ്പോൾ രാജ്യാതിർത്തികളും ദേശീയവികാരങ്ങളും അപ്രസക്തമാവുന്നു. വംശത്തിന്റെയോ മതത്തിന്റെയോ രാഷ്ട്രീയവീക്ഷണത്തിന്റെയോ പേരിൽ എവിടെ സ്ത്രീകളോ പുരുഷന്മാരോ പീഡിപ്പിക്കപ്പെടുന്നു, ആ സ്ഥലം- ആ നിമിഷം തന്നെ- പ്രപഞ്ചത്തിന്റെ കേന്ദ്രമാകേണ്ടതാണ്.
*
(റൊമേനിയയിൽ ജനിച്ച അമേരിക്കൻ എഴുത്തുകാരനും മനുഷ്യാവകാശപ്രവർത്തകനുമായ ഏലി വീസെൽ Elie Wiesel (1928-2016) സമാധാനത്തിനുള്ള നൊബേൽ സമ്മാനം സ്വീകരിച്ചുകൊണ്ട് 1986ൽ ചെയ്ത പ്രസംഗത്തിൽ നിന്ന്)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ