2021, ജനുവരി 4, തിങ്കളാഴ്‌ച

ഹെൻറി മില്ലർ - കലാകാരന്മാരെക്കുറിച്ച്

 ചിത്രം വരയ്ക്കുക എന്നാൽ പിന്നെയും സ്നേഹിക്കുക എന്നാണ്‌. സ്നേഹത്തിന്റെ കണ്ണുകളിലൂടെ നോക്കിയാൽ മാത്രമേ ചിത്രകാരൻ കണ്ടത് നമുക്കും കാണാൻ പറ്റുകയുള്ളു. തന്നെയുമല്ല, അയാളുടെ സ്നേഹത്തിന്‌ ഉടമസ്ഥതാസ്വഭാവവുമില്ല. താൻ കാണുന്നത് മറ്റുള്ളവരുമായി പങ്കു വയ്ക്കുന്നതിന്‌ ധാർമ്മികമായിത്തന്നെ അയാൾ ബാദ്ധ്യസ്ഥനുമാണ്‌. സാധാരണഗതിയിൽ നാം അവഗണിക്കുകയോ നമ്മെ ബാധിക്കാതിരിക്കുകയോ ചെയ്യുന്ന കാര്യങ്ങളാണ്‌ അയാൾ നമ്മെ കാണിക്കുകയും അനുഭവിപ്പിക്കുകയും ചെയ്യുന്നത്. ലോകത്തോടുള്ള അയാളുടെ സമീപനം നമ്മളോടു പറയുന്നത് യാതൊന്നും ഹീനമോ ബീഭത്സമോ അല്ലെന്നാണ്‌; യാതൊന്നും വിരസമോ പഴഞ്ചനോ അരുചികരമോ അല്ല; ഇനി അങ്ങനെ തോന്നുന്നെങ്കിൽ അതു നമ്മുടെ കാഴ്ച്ചശക്തിയുടെ തകരാറാണ്‌. നോക്കുക എന്നാൽ വെറുതേ നോക്കുക എന്നല്ല. നിങ്ങൾ നോക്കിക്കാണണം. ചുഴിഞ്ഞു നോക്കണം, ചുഴലവും നോക്കണം.

*
ചിത്രം വരയ്ക്കുക എന്നാൽ പിന്നെയും പ്രേമിക്കുക, പിന്നെയും ജീവിക്കുക, പിന്നെയും കാണുക എന്നാണ്‌. തലേന്നു രാത്രിയിലോ അല്ലെങ്കിൽ കുറച്ചു മണിക്കൂറുകൾ മുമ്പോ മാത്രം താൻ ചെയ്ത ഒരു ജലച്ചായചിത്രത്തെ ഒരുനോക്കു കാണാനായി പ്രഭാതം പൊട്ടിവിടരുമ്പോൾ ഉണർന്നെഴുന്നേല്ക്കുക എന്നത് ഉറങ്ങിക്കിടക്കുന്ന തന്റെ പ്രിയപ്പെട്ടവളുടെ നേർക്ക് ഒരു നോട്ടമെറിയുന്നപോലെയാണ്‌. കർട്ടനുകൾ മാറ്റി വേണം നോക്കാൻ എന്നു വരുമ്പോൾ ആ കോരിത്തരിപ്പിന്റെ അളവു കൂടുകയുമാണ്‌! അതികാലത്തെ തണുക്കുന്ന വെളിച്ചത്തിൽ അതിന്റെയൊരു തിളക്കം! തലേന്നു താനെഴുതിവച്ചതു വായിക്കാനായി അതിരാവിലെ ഉറക്കം കളഞ്ഞെഴുന്നേല്ക്കുന്ന ഏതെങ്കിലും ഒരെഴുത്തുകാരനുണ്ടോ?
*
ഒരു കലാകാരനെ കൊല്ലാനുള്ള ഏറ്റവും സുനിശ്ചിതമായ വഴി അയാൾക്കാവശ്യമുള്ളതെല്ലാം ലോഭമില്ലാതെ കൊടുത്തുകൊണ്ടിരിക്കുക എന്നതാണ്‌. ഭൗതികമായി അയാൾക്കു കാര്യമായിട്ടൊന്നും വേണ്ട. അയാൾക്കു വേണ്ടത് ആസ്വാദനവും പ്രോത്സാഹനവും മനസ്സിലാക്കലുമാണ്‌. ചിത്രകാരന്മാർ തങ്ങൾക്കേറ്റവും പ്രിയപ്പെട്ട രചനകൾ ഒരു നിമിഷത്തെ ഉൾപ്രേരണയ്ക്കു വഴങ്ങി വെറുതേ കൊടുക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്; ചിലപ്പോഴത് ഒരു നേരത്തെ ആഹാരത്തിനുള്ള പ്രതിഫലമായിട്ടാവാം, ചിലപ്പോഴത് ഒരിറ്റു സ്നേഹത്തിനു വേണ്ടിയാവാം, ചിലപ്പോഴത് പ്രത്യേകിച്ചൊരു കാരണമില്ലാതെയാണെന്നും വരാം- അങ്ങനെ ചെയ്യുന്നതിൽ അവർക്കൊരു സന്തോഷം തോന്നി എന്നു മാത്രം. ഇതേ ആളുകൾ അമൂല്യമായ ചില ചിത്രങ്ങൾ എത്ര വില കൊടുക്കാമെന്നു പറഞ്ഞാലും കൈവിടാതിരിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. തന്റെ രചന വിലയ്ക്കു വില്ക്കുന്നതിനേക്കാൾ വെറുതേ കൊടുക്കുന്നതിനാണ്‌ ഒരു യഥാർത്ഥകലാകാരൻ ഇഷ്ടപ്പെടുക എന്നെനിക്കു തോന്നുന്നു. ഒരു നല്ല കലാകാരന്‌ ഭ്രാന്തിന്റെ ഒരംശവും കൂടി വേണം; ഭ്രാന്ത് എന്നു പറയുമ്പോൾ പൊരുത്തപ്പെടാനുള്ള കഴിവില്ലായ്മ കൂടിയ അളവിൽ ഉണ്ടായിരിക്കുക എന്നേ അർത്ഥമുള്ളു. ഇന്നത്തെ ഈ ഭ്രാന്തലോകത്തോടു പൊരുത്തപ്പെടാൻ കഴിയുന്ന ഒരു വ്യക്തി ഒന്നുകിൽ ഒരു നിസ്സാരനായിരിക്കും, അല്ലെങ്കിൽ ഒരു യോഗി; ആദ്യത്തേതെങ്കിൽ കല അയാളെ ബാധിക്കുന്ന വിഷയമേയല്ല; രണ്ടാമത്തേതെങ്കിൽ അയാൾ അതിനതീതനുമായിരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല: