2021, ജനുവരി 27, ബുധനാഴ്‌ച

ഹൊർഹെ കരേര അന്ദ്രാദെ - കവിതകൾ

അതിഥി


രാത്രിയുടെ കറുത്തിരുണ്ട കൂറ്റൻ കതകിൽ
പന്ത്രണ്ടു മുട്ടുകൾ മാറ്റൊലിയ്ക്കുന്നു.

ആളുകൾ കിടക്കകളിൽ എഴുന്നേറ്റിരിക്കുന്നു,
തണുതണുത്ത ചെതുമ്പലുകളുമായി
ഭീതി അവർക്കു മേലിഴഞ്ഞുകേറുന്നു.

അതാരായിരിക്കും? വീടുകൾക്കുള്ളിൽ
നഗ്നപാദമായ ഭീതി നുഴഞ്ഞുകേറുന്നു.

തങ്ങളുടെ വിളക്കുകളുടെ നാളങ്ങൾ
ആ പ്രചണ്ഠശബ്ദങ്ങളൂതിക്കെടുത്തുന്നതവർ കാണുന്നു.

അജ്ഞാതനായ ഒരതിഥി അവരെ കാണാനെത്തുകയാണ്‌,
അവരുടെ കൺപോളകളിൽ ഒരു നേർത്ത നീലനാളം പടരുന്നു.
*

ഒന്നുമില്ല


പുസ്തകക്കടകളിൽ പുസ്തകങ്ങളില്ല,
പുസ്തകങ്ങളിൽ വാക്കുകളില്ല,
വാക്കുകളിൽ കാമ്പില്ല:
വെറും തോടുകൾ മാത്രമാണവ.

കാഴ്ചബംഗ്ലാവുകളിലും കാത്തിരിപ്പുകേന്ദ്രങ്ങളിലും
ചായമടിച്ച കാൻവാസ്സുകളും വിഗ്രഹങ്ങളുമേയുള്ളു;
അക്കാദമിയിൽ ആകെയുള്ളത്
കാടൻനൃത്തങ്ങളുടെ റെക്കോഡുകൾ മാത്രം.

വായകളിൽ പുകയേയുള്ളു,
കണ്ണുകളിൽ ദൂരമേയുള്ളു.
ഓരോ കാതിലും ഓരോ ചെണ്ട,
മനസ്സിൽ ഒരു സഹാറ വായ തുറക്കുന്നു.

മരുഭൂമിയിൽ നിന്നു നമ്മെ മോചിപ്പിക്കാൻ ഒന്നുമില്ല,
ചെണ്ടയിൽ നിന്നു നമ്മെ രക്ഷിക്കാൻ ഒന്നുമില്ല.
ചായം തേച്ച പുസ്തകങ്ങൾ താളുകൾ കൊഴിക്കുന്നു,
ഒന്നുമില്ലായ്മയുടെ തോടുകളാകുന്നു.
*

Jorge Carrera Andrade (1903-1978)- ഇക്വഡോറിൽ ജനിച്ച കവിയും ചരിത്രകാരനും. ദീർഘകാലം അന്യരാജ്യങ്ങളിൽ ഇക്വഡോറിന്റെ അംബാസഡറുമായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: