അതിശയപ്പെട്ട
കത്രികേ,
(കാണാൻ
കിളിയെപ്പോലെ,
മീനിനെപ്പോലുള്ളതേ)
യോദ്ധാവിന്റെ
തിളങ്ങുന്ന കവചം പോലെ
നീ മിനുങ്ങുന്നുവല്ലോ.
നീണ്ടുകുടിലമായ
രണ്ടു കത്തികളിൽ നിന്ന്,
അവയുടെ ഒരുനാളും പിരിയാത്ത
പരിണയത്തിൽ നിന്ന്,
ഒരുമിച്ചുകെട്ടിയ
രണ്ടരുവികളിൽ നിന്ന്,
വെട്ടുന്നൊരു ജന്തു
ഉണ്ടായിവന്നു,
കാറ്റു പിടിച്ച തുണികളിൽ
നീന്തിത്തുടിക്കുന്ന മീൻ,
ക്ഷൗരക്കടകളിൽ
പറന്നുനടക്കുന്ന പക്ഷി.
എന്റെ തുന്നല്ക്കാരിയമ്മായിയുടെ
കൈകൾ പോലെ
മണക്കുന്ന
കത്രികേ,
നിന്റെ വെളുത്ത
ലോഹക്കണ്ണ്
ഞങ്ങളുടെ ഞെരുങ്ങിയ ബാല്യത്തെ
ഒളികണ്ണിട്ടുനോക്കിയിരുന്നു,
ഞങ്ങളുടെ ചുംബനമോഷണങ്ങളും
പ്ലംപഴക്കവർച്ചകളും
അയല്ക്കാരോടു
നീ വിസ്തരിച്ചിരുന്നു.
ആ വീട്ടിനുള്ളിൽ,
സ്വന്തം കൂട്ടിൽ നിന്ന്
കത്രിക
ഞങ്ങളുടെ ജീവിതങ്ങളിലേക്കു
കടന്നുവന്നു,
അതില്പിന്നെ
അതെത്ര തുണികൾ
മുറിച്ചുതള്ളി,
മന്ത്രകോടികൾ,
ശവക്കോടികൾ,
കുഞ്ഞുടുപ്പുകൾ,
ആശുപത്രിവിരികൾ
എത്രയവ മുറിച്ചു,
ഇന്നും മുറിക്കുന്നു.
പിന്നെ,
പാറയിൽ പിടിച്ചുവളരുന്ന
ചെടി പോലെ മുരത്ത
പണിക്കാരുടെ മുടി,
ചോരയും തീയും
കറ വീഴ്ത്തുകയും
പൊള്ളിക്കുകയും ചെയ്ത
പതാകകൾ,
മഞ്ഞുകാലത്തെ
മുന്തിരിക്കതിരുകൾ,
ഫോൺവിളികളുടെ
ചരടുകൾ.
എന്നോ മറവിയിൽപെട്ട
ഏതോ ഒരു കത്രിക
നിങ്ങളുടെ പൊക്കിൾക്കൊടി മുറിച്ചു,
വേറിട്ടൊരസ്തിത്വം
നിങ്ങൾക്കു നല്കി,
മറ്റൊരുനാൾ
മറ്റൊരു കത്രിക,
നല്ല ബോധത്തോടെയാവണമെന്നുമില്ല,
നിങ്ങളുടെ
ശവക്കോടിയും മുറിയ്ക്കും.
കത്രിക
എവിടെയും
പോയി:
ദുഃഖവും
സന്തോഷവും
ഒരേപോലെ
മുറിച്ചുകൊണ്ട്
അത്
ലോകസഞ്ചാരം നടത്തി:
അതിനെന്തും
മുറിക്കാനുള്ള തുണിയായിരുന്നു:
തയ്യല്ക്കടകളിലെ
പായ്ക്കപ്പൽ പോലെ സുന്ദരമായ
കൂറ്റൻ കത്രിക,
നഖങ്ങൾ വെട്ടിയൊരുക്കി
ചന്ദ്രക്കലയുടെ
വടിവവയ്ക്കു നല്കുന്ന
കുഞ്ഞൻ കത്രിക,
നിങ്ങളുടെ കുടലിൽ നിന്ന്
വളരരുതാത്തൊരു മുഴയോ
വരരുതാത്തൊരു കെട്ടോ
മുറിച്ചുനീക്കുന്ന
സർജ്ജന്റെ മെലിഞ്ഞ,
അന്തർവാഹിനിക്കത്രിക.
ഇനിയിപ്പോൾ
ഔചിത്യത്തിന്റെ
കത്രിക കൊണ്ട്
ഞാനെന്റെ വാഴ്ത്തിനെ
വെട്ടിച്ചുരുക്കുന്നു:
അതിനതിന്റെ
രൂപഭംഗി നഷ്ടപ്പെടരുതെന്നതിനായി,
നിങ്ങളുടെ കീശയിൽ
ഒതുങ്ങിക്കിടക്കട്ടെ അതെന്നതിനായി,
മിനുക്കി മടക്കിവച്ച
ഒരു കത്രിക പോലെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ