2021, ജനുവരി 28, വ്യാഴാഴ്‌ച

ഹൈമേ സബീനെസ് - ഗദ്യകവിതകൾ



മഴ ചിറകടിക്കുമ്പോൾ...


ഒഴുകുന്ന നഗരത്തിന്റെ മുതുകിൽ മഴ ചിറകടിക്കുന്നതു കാണാനെനിക്കിഷ്ടമാണ്‌.
പൊടിയടിയുന്നു, വായു വൃത്തിയാകുന്നു, ഗന്ധത്തിന്റെ ഇലകൾ, കുളിർമ്മയുടെ കിളികൾ, കിനാവുകൾ അതിലൂടൊഴുകിപ്പോകുന്നു.
ട്രാമുകൾ, ബസ്സുകൾ, ലോറികൾ, സൈക്കിളിലും കാൽനടയായും പോകുന്നവർ, പല നിറങ്ങളിലുള്ള വണ്ടികൾ, വഴിവാണിഭക്കാർ, പലഹാരക്കച്ചവടക്കാർ, അടകൾ നിറച്ച കലങ്ങൾ, ചുട്ട നേന്ത്രപ്പഴങ്ങളുടെ കൂടകൾ, ഒരു കുട്ടിയിൽ നിന്നു മറ്റൊരു കുട്ടിയിലേക്കു പറക്കുന്ന പന്തുകൾ: തെരുവുകൾ നിറയുന്നു, കഴുകിയുണക്കാനിട്ട പകലിന്റെ ശേഷിച്ച വെളിച്ചത്തിൽ ഒച്ചകൾ പെരുകുന്നു.
മഴ തോർന്നാൽ ഉറുമ്പുകളെപ്പോലവർ പുറത്തുവരുന്നു, ആകാശത്തിന്റെ തുണ്ടുകൾ, നിത്യതയുടെ വൈക്കോല്ക്കഷണങ്ങൾ അവർ പെറുക്കിയെടുക്കുന്നു, മേല്ക്കൂരകളിൽ നിന്നു കണവമീനുകൾ തൂങ്ങിക്കിടക്കുന്ന, കട്ടിലുകൾക്കടിയിൽ എട്ടുകാലി വല നെയ്യുന്ന, ഏതോ വാതിലിനു പിന്നിൽ പരിചിതപ്രേതം ഒന്നെങ്കിലുമുള്ള ഇരുണ്ട വീടുകളിലേക്കതവർ കൊണ്ടുപോകുന്നു.
നിനക്കു നന്ദി, കരിമേഘങ്ങളുടെ അമ്മേ, സായാഹ്നത്തിന്റെ മുഖം നീ അത്രയും വെണ്മയുറ്റതാക്കിയല്ലോ,. ജീവിതത്തെ പിന്നെയും സ്നേഹിക്കാൻ നീ ഞങ്ങളെ തുണച്ചുവല്ലോ.
*

 വേശ്യകളെ നമുക്കു വാഴ്ത്തപ്പെട്ടവരാക്കാം...


വേശ്യകളെ നമുക്കു വാഴ്ത്തപ്പെട്ടവരാക്കാം. ശനിയാഴ്ചയുടെ വിശുദ്ധകൾ: ബെറ്റി, ലോല, മാർഗൊട്ട്, നിത്യകന്യകകൾ, എന്നും പുതുക്കപ്പെടുന്നവർ, ദൈവവരം നിറഞ്ഞ തല്ക്കാലരക്തസാക്ഷികൾ, മഹാമനസ്കതയുടെ ഉറവകൾ.

നിങ്ങൾ ഞങ്ങൾക്കാനന്ദം നല്കുന്നു, ലോകത്തെ വീണ്ടെടുക്കുന്ന വേശ്യകളേ, പകരമായി യാതൊന്നും നിങ്ങൾ ചോദിക്കുന്നതുമില്ല, മുഷിഞ്ഞ ചില നോട്ടുകളല്ലാതെ. സ്നേഹിക്കപ്പെടാൻ, ബഹുമാനിക്കപ്പെടാൻ, പരിചരിക്കപ്പെടാൻ നിങ്ങൾ ആവശ്യപ്പെടുന്നില്ല, ചിണുങ്ങുകയോ വഴക്കടിക്കുകയോ അസൂയപ്പെടുകയോ ചെയ്യുന്ന ഭാര്യമാരെ നിങ്ങൾ അനുകരിക്കുന്നില്ല. ‘ഗുഡ്ബൈ’യോ ‘സോറി’യോ പറയാൻ നിങ്ങൾ ആരെയും നിർബ്ബന്ധിക്കുന്നില്ല; നിങ്ങൾ ചോരയോ സമയമോ ഊറ്റിക്കുടിക്കുന്നതുമില്ല. പാപബോധത്തിൽ നിന്നു മുക്തരാണു നിങ്ങൾ; പാപികളെ നിങ്ങൾ നെഞ്ചോടടുക്കുന്നു, വാക്കുകൾക്കും സ്വപ്നങ്ങൾക്കും നിങ്ങൾ കാതു കൊടുക്കുന്നു, നിങ്ങൾ പുഞ്ചിരിക്കുകയും ചുംബിക്കുകയും ചെയ്യുന്നു. ക്ഷമാശീലരും വിദഗ്ധരും അസ്വസ്ഥരും വിവേകികളും മനസ്സിൽ വിരോധം കൊണ്ടുനടക്കാത്തവരുമാണു നിങ്ങൾ.

ആരെയും നിങ്ങൾ വഞ്ചിക്കുന്നില്ല, നിങ്ങൾ സത്യസന്ധരാണ്‌, ആത്മാർത്ഥതയുള്ളവരാണ്‌, പൂർണ്ണതയുള്ളവരാണ്‌; എന്താണു തങ്ങളുടെ വിലയെന്ന് മുമ്പേതന്നെ നിങ്ങൾക്കറിയാം; നിങ്ങൾ നിങ്ങളെ മാത്രമേ മുന്നിലേക്കു വയ്ക്കുന്നുള്ളു; വൃദ്ധനെന്നോ കുറ്റവാളിയെന്നോ മന്ദബുദ്ധിയെന്നോ കറുത്തവേന്നോ നിങ്ങൾക്കു തരംതിരിവില്ല; തെമ്മാടികളുടെ ദുശ്ശാഠ്യങ്ങളെ, രോഗം പിടിച്ചവരിൽ നിന്നുള്ള അപായങ്ങളെ നിങ്ങൾ സഹിക്കുന്നു; ഷണ്ഡനെ നിങ്ങൾ ആശ്വസിപ്പിക്കുന്നു, നാണംകുണുങ്ങികളെ ഉത്തേജിപ്പിക്കുന്നു, എല്ലാം ചെടിച്ചവരെ നിങ്ങൾ സന്തോഷിപ്പിക്കുന്നു, ജീവിതാശ നശിച്ചവരിൽ തുറന്നുകേറാനുള്ള താക്കോൽ നിങ്ങൾ കണ്ടെടുക്കുന്നു. കുടിയനു രഹസ്യങ്ങൾ പങ്കു വയ്ക്കാനുള്ള സുഹൃത്താണു നിങ്ങൾ, പീഡിതനഭയമാണ്‌, ഉറക്കമില്ലാത്തവനു കിടക്കയാണ്‌. നിങ്ങളുടെ വായിനേയും കൈകളേയും, മാംസപേശികളേയും ചർമ്മത്തേയും, ഉദരത്തേയും ആത്മാവിനേയും നിങ്ങൾ പരിശീലിപ്പിച്ചെടുത്തിരിക്കുന്നു. ഉടുക്കാനും ഉരിയാനും കിടക്കാനും ഇളകാനും നിങ്ങൾക്കറിയാം. താളത്തിൽ നിങ്ങൾ കൃത്യമാണ്‌, ഞരക്കങ്ങൾ തക്ക നേരത്താണ്‌, പ്രണയത്തിന്റെ ചടങ്ങുകൾക്കു വിനീതവിധേയരുമാണു നിങ്ങൾ. 

സ്വാതന്ത്ര്യവും സമനിലയുമാണു നിങ്ങൾ; ആരും നിങ്ങൾക്കാരുമല്ല, ആരെയും നിങ്ങൾ പിടിച്ചുനിർത്തുന്നില്ല, ആർക്കും നിങ്ങൾ വിധേയപ്പെടുന്നില്ല, ആരെയും നിങ്ങൾ കാത്തിരിക്കുന്നുമില്ല. ശുദ്ധമായ സാന്നിദ്ധ്യമാണു നിങ്ങൾ, സ്വച്ഛന്ദവും നിത്യവും.

ജിവിതത്തിന്റെ സത്യവും സൗന്ദര്യവും നിങ്ങൾ പ്രഘോഷിക്കുന്ന ഇടം ഏതുമാകട്ടെ, ചമയിച്ച ഒരു വേശ്യാലയമോ ഒളിച്ചുകയറിയ ഒരു മുറിയോ പാവപ്പെട്ടവന്റെ പൊളിഞ്ഞ കിടക്കയോ ആകട്ടെ, അവിടെയെല്ലാം നിങ്ങൾ ഒന്നുതന്നെയാണ്‌, ഒരു വിളക്കു പോലെ, ഒരു ഗ്ലാസ് വെള്ളം പോലെ, അപ്പം പോലെ.

എന്റെ വേശ്യാസ്നേഹിതേ, കാമുകീ, പ്രിയപ്പെട്ടവളേ, എന്നാളത്തേക്കുമുള്ള ഇന്നിന്റെ തിരിവേ, ഞാൻ നിങ്ങളെ അറിയുന്നു, കാപട്യക്കാർക്കും വൈകൃതക്കാർക്കുമരികിൽ വച്ച് നിങ്ങളെ ഞാൻ വാഴ്ത്തപ്പെട്ടവരാക്കുന്നു, എന്റെ പണമാകെ ഞാൻ നിങ്ങൾക്കു നല്കുന്നു, പുല്ക്കൊടികൾ കൊണ്ടൊരു കിരീടം ഞാൻ നിങ്ങളെ അണിയിക്കുന്നു, നിങ്ങളിൽ നിന്നെന്നെന്നും പഠിക്കാനായി ഞാൻ സ്വയം തുറക്കുന്നു.
*

ചന്ദ്രൻ


ഒരു സ്പൂണളവിലോ രണ്ടു ഗുളികയായോ രണ്ടു മണിക്കൂർ ഇടവിട്ട് ദിവസേന നിങ്ങൾക്ക് ചന്ദ്രനെ സേവിക്കാം. ഉറക്കഗുളികയായും വേദനസംഹാരിയായും നിങ്ങൾക്കതു പ്രയോജനപ്പെടും. തന്നെയുമല്ല, തത്ത്വചിന്ത തലയ്ക്കു പിടിച്ചവർക്ക് അതിന്റെ കട്ടു വിടാനും അതു നല്ലതാണ്‌. മുയലിന്റെ പാദത്തേക്കാൾ നല്ലൊരു മന്ത്രരക്ഷയാണ്‌ ചന്ദ്രന്റെ ഒരു കഷണം. സ്നേഹിക്കാനൊരാളെ കണ്ടെത്താനും ആരുമറിയാതെ പണക്കാരനാവാനും ഡോകടർമാരെയും ആശുപത്രികളേയും അകറ്റിനിർത്താനും അതു നിങ്ങളെ സഹായിക്കുന്നു. കുട്ടികൾ ഉറങ്ങാൻ മടി കാണിക്കുമ്പോൾ പഞ്ചാരമിട്ടായിയായി അതവർക്കു കൊടുക്കാം, പ്രായമായവരുടെ കണ്ണിൽ രണ്ടോ നാലോ തുള്ളി നിലാവിറ്റിക്കുന്നത് സുഖമരണത്തിനും നല്ലതാണ്‌. 

തലയിണയ്ക്കടിയിൽ ചന്ദ്രന്റെ ഒരു തളിരില വയ്ക്കൂ, നിങ്ങൾ കാണാനാഗ്രഹിച്ചത് നിങ്ങൾക്കു കാണാം.ചന്ദ്രനിലെ വായു ഒരു ചിമിഴിൽ എപ്പോഴും കൂടെക്കൊണ്ടുനടക്കുന്നത് മുങ്ങിമരണത്തിൽ നിന്നു നിങ്ങളെ രക്ഷിക്കും. തടവുകാർക്കും നിരാശാഭരിതർക്കും ചന്ദ്രന്റെ ചാവി കൊടുക്കൂ. മരണശിക്ഷ വിധിക്കപ്പെട്ടവർക്കും മരണം വരെ ജീവിതം വിധിക്കപ്പെട്ടവർക്കും ഇതുപോലെ നല്ലൊരു ടോണിക്കില്ല, കൃത്യമായ ഇടവേളയിൽ, മതിയായ അളവിലുള്ള ചന്ദ്രനെപ്പോലെ.
*

 ടാഗോറിനെ വായിച്ചുകൊണ്ടിരിക്കെ...


ടാഗോറിനെ വായിച്ചുകൊണ്ടിരിക്കെ ഞാൻ ഇങ്ങനെയോർത്തു: വിളക്ക്, പാത, കിണറ്റിൻകരയിലെ കുടം, നഗ്നമായ പാദങ്ങൾ- നഷ്ടപ്പെട്ടുപോയ ഒരു ലോകമാണത്. ഇവിടെയുള്ളത് ഇലക്ട്രിക്ക് ബൾബുകൾ, മോട്ടോർക്കാറുകൾ, ടാപ്പുകൾ, ജറ്റ് വിമാനങ്ങൾ ഒക്കെയാണ്‌. ആരും കഥ പറയുന്നില്ല. മുത്തശ്ശിമാരുടെ സ്ഥാനം ടെലിവിഷനും സിനിമയും ഏറ്റെടുത്തുകഴിഞ്ഞു. സാങ്കേതികവിദ്യയൊന്നാകെ അത്ഭുതപ്രവൃത്തികൾ നടത്തുകയാണ്‌, സോപ്പും പേസ്റ്റും  പരസ്യപ്പെടുത്താനായി.

എന്തിനാണു ഞാൻ നടക്കുന്നതെന്നെനിക്കറിയില്ല, എന്നാലും ടാഗോറിന്റെ ആ ആർദ്രതയിലേക്കെനിക്കെത്തണം; ടാഗോറിന്റെ മാത്രമല്ല, കാര്യപ്രാപ്തിയുള്ള, നിർദ്ധനയായ നമ്മുടെ ടൈപ്പിസ്റ്റിന്റെ സ്ഥാനത്ത് ഒക്കത്തു കുടമെടുത്ത യുവതിയെ വയ്ക്കുന്ന പൗരസ്ത്യകവിതയിലേക്കെല്ലാം. എന്തായാലും നമുക്കുമുള്ളത് അതേ മേഘങ്ങൾ തന്നെയാണല്ലോ, അതേ നക്ഷത്രങ്ങളും, ഒന്നു നോക്കിയാൽ പോരേ, അതേ കടലും.

ഈ ടൈപ്പിസ്റ്റ് പെൺകുട്ടിയ്ക്കും സ്നേഹം ഇഷ്ടമാണ്‌. തന്റെ പകലുകളെ മലിനപ്പെടുത്തുന്ന ഈ കടലാസ്സുകൂമ്പാരത്തിനിടയിൽ അവൾ സൂക്ഷിച്ചുവയ്ക്കുന്ന വെളുത്ത സ്വപ്നങ്ങളുടെ ചില താളുകളുണ്ട്, തന്റെ ഏകാന്തതയോടു പൊരുതാൻ ആർദ്രതയുടെ ചില പേപ്പർ കട്ടിങ്ങുകളുണ്ട്. 

എന്നെങ്കിലുമൊരുനാൾ നമ്മുടെ ജീവിതത്തിന്റെ ഈ വിപുലമായ ദാരിദ്ര്യത്തെക്കുറിച്ചെനിക്കു പാടണം, അതിലളിതമായ കാര്യങ്ങളെച്ചൊല്ലിയുള്ള ഈ നഷ്ടബോധത്തെക്കുറിച്ച്, നമ്മുടെ ഇന്നലെയെ മാതിയായത്ര സ്നേഹിക്കാതെതന്നെ നാളെയിലേക്കു നാം തുടങ്ങിവച്ച ഈ ആഡംബരയാത്രയെക്കുറിച്ച്.
*

അഭിപ്രായങ്ങളൊന്നുമില്ല: