2021, ജനുവരി 7, വ്യാഴാഴ്‌ച

ബെർണാർഡ് ഡാഡി- നന്ദി ദൈവമേ...

 

നന്ദി ദൈവമേ,
എന്നെ കറുമ്പനായി സൃഷ്ടിച്ചതിന്‌,
എന്നെ എല്ലാ ദുഃഖങ്ങളുടേയും
ചുമട്ടുകാരനാക്കിയതിന്‌,
ലോകത്തെ എന്റെ തലയിൽ വച്ചുതന്നതിന്‌.
ഞാനണിഞ്ഞിരിക്കുന്നത് സെന്റൗറിന്റെ തുകൽ,
ആദ്യത്തെ പുലരി മുതൽ
ലോകത്തെ ഞാൻ ചുമന്നുനടക്കുന്നു.
വെളുപ്പ് വിശേഷാവസരങ്ങൾക്കുള്ള നിറമാണ്‌,
കറുപ്പ് ഏതു ദിവസത്തിനുമുള്ളതും.
ആദ്യത്തെ രാത്രി മുതൽ
ലോകത്തെ ഞാൻ ചുമന്നുനടക്കുന്നു.
ലോകത്തെ ചുമന്നുനടക്കാൻ പാകത്തിൽ രൂപപ്പെടുത്തിയ
എന്റെ തലയുടെ ആകൃതി എനിക്കിഷ്ടമാണ്‌,
ലോകത്തെ ഏതു കാറ്റും മണക്കേണ്ട എന്റെ മൂക്കിന്റെ ആകൃതിയിൽ
ഞാൻ തൃപ്തനാണ്‌,
ലോകത്തെ ഏതു ചൂടും ഓടിക്കടക്കേണ്ട എന്റെ കാലുകളുടെ ആകൃതി
എനിക്കിഷ്ടമാണ്‌.
നന്ദി ദൈവമേ,
എന്നെ കറുമ്പനായി സൃഷ്ടിച്ചതിന്‌,
എന്നെ എല്ലാ ദുഃഖങ്ങളുടേയും ചുമട്ടുകാരനാക്കിയതിന്‌.
മുപ്പത്താറു വാളുകൾ എന്റെ നെഞ്ചിലാഴ്ന്നിറങ്ങി,
മുപ്പത്താറു ചാപ്പകൾ എന്റെ ഉടലു പൊള്ളിച്ചു.
എല്ലാ കാൽവരികളിലും എന്റെ ചോര വീണു മഞ്ഞു ചുവപ്പിച്ചു,
എല്ലാ പുലരിയിലും എന്റെ ചോര ചിന്തി പ്രകൃതിയെ ചുവപ്പിച്ചു.
എന്നാലുമെനിക്കു പരാതിയില്ല,
ഈ ലോകത്തെ ചുമന്നുനടക്കുന്നതിന്‌,
എന്റെ കാലുകൾ കുറിയതായതിന്‌,
എന്റെ കൈകൾ നീണ്ടതായതിന്‌,
എന്റെ ചുണ്ടുകൾ തടിച്ചതായതിന്‌.
നന്ദി ദൈവമേ,
എന്നെ കറുമ്പനായി സൃഷ്ടിച്ചതിന്‌.
വെളുപ്പ് വിശേഷാവസരങ്ങൾക്കുള്ള നിറമാണ്‌,
കറുപ്പ് ഏതു ദിവസത്തിനുമുള്ളതും.
കാലത്തിന്റെ പുലർച്ച മുതലേ
ലോകത്തെ ഞാൻ ചുമന്നുനടക്കുന്നു,
രാത്രിയിൽ എന്റെ ചിരി പകലിനെ വിടർത്തുന്നു.
നന്ദി ദൈവമേ,
എന്നെ കറുമ്പനായി സൃഷ്ടിച്ചതിന്‌.
**
ബെർണാർഡ് ഡാഡി Bernard Binlin Dadié 1916ൽ ഐവറി കോസ്റ്റിൽ ജനിച്ചു. കവിയും നോവലിസ്റ്റുമായിരുന്നു. ആഫ്രിക്കൻ പാരമ്പര്യത്തിൽ നിന്നുള്ള പ്രമേയങ്ങളാണ്‌ കൃതികളുടെ അടിസ്ഥാനം. 2019ൽ നൂറ്റിമൂന്നാമത്തെ വയസ്സിൽ അന്തരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല: