യഥാർത്ഥജീവിതത്തിൽ മി. പിൿവിക്കിനെ ഇന്നേവരെ നേരിട്ടുകാണാൻ പറ്റാത്തതിൽ, മി. വാർഡ്ലേയുമായി കൈ കൊടുക്കാൻ കഴിയാത്തതിൽ മനസ്സു നീറുന്ന ചില ജീവികളുണ്ട്. ഞാൻ അവരിൽ ഒരാളാണ്. ആ നോവൽ വായിച്ചിട്ട് ഞാൻ ശരിക്കും കണ്ണീരൊഴുക്കിയിട്ടുണ്ട്; അങ്ങനെയുള്ള മനുഷ്യരെ, ആ യഥാർത്ഥമനുഷ്യരെ അന്നുവരെ എനിക്കറിയില്ലായിരുന്നു, അന്നുവരെ ഞാൻ നേരിട്ടുകണ്ടിട്ടുമില്ല.
നോവലുകളിലെ അത്യാഹിതങ്ങൾ മനോഹരങ്ങളാണ്, കാരണം, അവയിൽ യഥാർത്ഥരക്തം ചൊരിയപ്പെടുന്നില്ല, മരിച്ചവർ ജീർണ്ണിക്കുന്നില്ല; നോവലുകളിൽ ജീർണ്ണത പോലും ജീർണ്ണമല്ല.
മി. പിൿവിക്ക് അപഹാസ്യനാവുമ്പോൾ അയാൾ അപഹാസ്യനാവുന്നില്ല, കാരണം, അയാൾ അപഹാസ്യനാവുന്നത് ഒരു നോവലിലാണ്. നോവൽ എന്നത് കൂടുതൽ പൂർണ്ണതയെത്തിയ ഒരു യാഥാർത്ഥ്യമാണെന്നുവരാം; ദൈവം നമ്മളിലൂടെ സൃഷ്ടിച്ചെടുക്കുന്ന കൂടുതൽ സമ്പൂർണ്ണമായ ഒരു ജീവിതം. (അതിന്റെ സൃഷ്ടിക്കായി മാത്രമാണ് നമ്മളെ സൃഷ്ടിച്ചിരിക്കുന്നതെന്നും വരാം.) നാഗരികതകൾ പ്രത്യക്ഷപ്പെടുന്നതായി തോന്നുന്നുവെങ്കിൽ അത് കലയും സാഹിത്യവും സൃഷ്ടിക്കപ്പെടാൻ വേണ്ടി മാത്രമാണ്; കാരണം, അവയെക്കുറിച്ചു പറയുന്നത്, അവയെ അതിജീവിക്കുന്നത് വാക്കുകളാണല്ലോ. മനുഷ്യാതീതമായ ആ രൂപങ്ങൾ ശരിക്കും യഥാർത്ഥമാണെന്നു വന്നുകൂടേ? അത് സത്യമായേക്കാമെന്ന ചിന്ത എന്റെ മനസ്സു നീറ്റുന്നു.
()
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ