നിങ്ങൾ എന്നെങ്കിലും ചിന്തിച്ചുനോക്കിയിട്ടുണ്ടോ, ഹേ അപരാ, എത്ര അദൃശ്യരാണ് പരസ്പരം നാമെന്ന്? നമുക്കന്യോന്യം എത്ര കുറച്ചേ അറിയുള്ളുവെന്ന് നിങ്ങൾ എന്നെങ്കിലും ആലോചിച്ചുനോക്കിയിട്ടുണ്ടോ? നാം പരസ്പരം കാണുന്നുണ്ട്, പരസ്പരം കാണുന്നുമില്ല. നാം പരസ്പരം കേൾക്കുന്നുണ്ട്, നാം കേൾക്കുന്നതാകട്ടെ, നമുക്കുള്ളിലെ ഒരു ശബ്ദവും.
അന്യരുടെ വാക്കുകൾ നമ്മുടെ കേൾവിയിലെ പിശകുകളാണ്, നമ്മുടെ ധാരണയിലെ കപ്പല്ച്ചേതങ്ങൾ. അന്യരുടെ വാക്കുകളെക്കുറിച്ചുള്ള നമ്മുടെ വ്യാഖ്യാനങ്ങളെ എത്ര ഉറപ്പോടെയാണ് നാം വിശ്വസിക്കുന്നത്! അന്യർ തങ്ങളുടെ വാക്കുകളിൽ നിറയ്ക്കുന്ന ഐന്ദ്രിയാനന്ദങ്ങൾ മരണത്തിന്റെ ചുവയാണു നമുക്കു നല്കുക. ഗഹനമായതെന്തെങ്കിലും പറയണമെന്ന ഉദ്ദേശ്യമില്ലാതെ അന്യർ പറയുന്ന വാക്കുകളിൽ ഇന്ദ്രിയസുഖവും ജീവിതവും നാം വായിച്ചെടുക്കുകയും ചെയ്യുന്നു...
നിങ്ങൾ വ്യാഖ്യാനിക്കുന്ന അരുവികളുടെ ശബ്ദം, ഹേ ശുദ്ധഭാഷ്യകാരാ, നാം അർത്ഥമാരോപിക്കുന്ന മരങ്ങളുടെ മർമ്മരങ്ങൾ- ഹാ,യെന്റെ അജ്ഞാതസ്നേഹമേ, അതിൽ എത്രയധികമാണ് വെറും നാം, നമ്മുടെ തടവറകളുടെ അഴികൾക്കുള്ളിലൂടരിചുകേറുന്ന വിവർണ്ണമായ വെറും ഭ്രമകല്പനകൾ!
(അശാന്തിയുടെ പുസ്തകം)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ