2022, ജൂലൈ 21, വ്യാഴാഴ്‌ച

ബീഥോവൻ - ബാധിര്യത്തെക്കുറിച്ച്

 വികാരോത്ക്കടവും പെട്ടെന്നുത്തേജിതവുമാകുന്ന പ്രകൃതമായിട്ടും സാമൂഹികാഹ്ലാദങ്ങൾക്കു വശപ്പെടാൻ അത്രയ്ക്കു താല്പര്യമുണ്ടായിട്ടും ജീവിതത്തിന്റെ തുടക്കത്തിലേ എനിക്കു സ്വയം ഒറ്റപ്പെടുത്തേണ്ടിവന്നു, ഏകാന്തതയിൽ എനിക്കു ജീവിതം കഴിക്കേണ്ടിവന്നു. ഇനി എപ്പോഴെങ്കിലും ഇതിനെയൊക്കെ മറികടക്കാൻ ഞാൻ ശ്രമിച്ചുപോയിട്ടുണ്ടെങ്കിലാവട്ടെ, എനിക്കുണ്ടായിട്ടുള്ള അനുഭവം എത്ര ക്രൂരമായിരുന്നു, എത്ര ദുഃഖത്തോടെയാണ്‌ എനിക്കു പിന്മടങ്ങേണ്ടിവന്നത്! - എന്റെ കേൾവിശക്തിയിലെ ന്യൂനതയായിരുന്നു ഇതിനെല്ലാം കാരണം. എന്നാൽ മറ്റുള്ളവരോട് ഇങ്ങനെ പറയാനുള്ള ശക്തിയും എനിക്കുണ്ടായില്ല- ഉറക്കെപ്പറയൂ! ഞാൻ ബധിരനാണ്‌! മറ്റാരെക്കാളും എന്നിൽ എത്രയും പരിപൂർണ്ണമാകേണ്ടിയിരുന്ന ഒരിന്ദ്രിയത്തിന്റെ ന്യൂനത എങ്ങനെയാണു ഞാൻ വിളിച്ചറിയിക്കുക! എന്റെ മേഖലയിലെ ചുരുക്കം ചിലർക്കു മാത്രമുണ്ടായിരുന്ന പരിപൂർണ്ണതയോടെ ഒരിക്കൽ എനിക്കു സ്വന്തമായിരുന്ന ആ ശക്തി! ഹാ, എനിക്കതിനു കഴിഞ്ഞില്ല. എത്രയും ആഹ്ലാദത്തോടെ ഞാൻ ഇടപഴകുമായിരുന്ന നിങ്ങളിൽ നിന്ന് ഞാൻ ഒഴിഞ്ഞുമാറുന്നതായി തോന്നുന്നുവെങ്കിൽ അതിനാൽ എന്നോടു ക്ഷമിക്കുക. തെറ്റിദ്ധാരണയ്ക്കും ഇടവരുത്തുന്നു എന്നതിനാൽ എന്റെ ദൗർഭാഗ്യത്തിന്റെ കാഠിന്യം ഇരട്ടിയാവുകയാണ്‌. സാമൂഹികമായ സമ്പർക്കങ്ങളിലോ സംസ്കാരസമ്പന്നമായ സംഭാഷണങ്ങളിലോ ചിന്തകളുടെ പരസ്പരവിനിമയത്തിലോ എനിക്കിപ്പോൾ ഉന്മേഷം കിട്ടാതായിക്കഴിഞ്ഞിരിക്കുന്നു. തീർത്തും ഒറ്റപ്പെട്ട ഞാൻ അത്ര നിർബ്ബന്ധിതനായാലേ സമൂഹത്തിലേക്കിറങ്ങാറുള്ളു. ഒരു ഭ്രഷ്ടനെപ്പോലെ വേണം ഞാൻ ജീവിക്കാൻ. മറ്റുള്ളവർക്കൊപ്പമായിരിക്കുമ്പോൾ ഏറ്റവും വേദനാജനകമായ ഉത്കണ്ഠകൾ എന്നെ വന്നാക്രമിക്കുന്നു; എന്റെ അവസ്ഥ മറ്റുള്ളവരുടെ നിരീക്ഷണത്തിനു വിധേയമാവുക എന്ന അപകടത്തെക്കുറിച്ചുള്ള ഭീതിയിൽ നിന്നാണതു ജനിക്കുന്നത്. എന്റെ അരികത്തുള്ള ഒരാൾ അങ്ങകലെ ഒരു പുല്ലാങ്കുഴൽ കേൾക്കുമ്പോൾ ഞാൻ ഒന്നും കേൾക്കുന്നില്ല, മറ്റുള്ളവർ ഒരാട്ടിടയൻ പാടുന്നതു കേൾക്കുന്നു, അപ്പോഴും ഞാൻ ഒന്നും കേൾക്കുന്നില്ല- എന്തൊരപമാനമാണത്! ഇത്തരം കാര്യങ്ങൾ കൊടുംനൈരാശ്യത്തിന്റെ വക്കിലേക്കെന്നെ എത്തിച്ചു, ജീവിതം അവസാനിപ്പിച്ചാലെന്തെന്നുപോലും ഞാൻ ചിന്തിച്ചിരുന്നു. കല! കല മാത്രമാണ്‌ എന്നെ തടഞ്ഞത്. എന്റെ നിയോഗത്തിലുള്ളതെന്നു ഞാൻ കരുതുന്നതെല്ലാം ചെയ്തുതീർക്കാതെ എനിക്കെങ്ങനെ ഈ ലോകം വിട്ടുപോകാൻ കഴിയും?

(ബീഥോവൻ തന്റെ സഹോദരന്മാരായ കാൾ, യൊഹാൻ എന്നിവർക്കെഴുതിയ കത്തിൽ നിന്ന്. അപ്പോഴേക്കും അദ്ദേഹം പൂർണ്ണബധിരനായിട്ട് ആറുകൊല്ലം കഴിഞ്ഞിരുന്നു. രണ്ടാം സിംഫണി രചിച്ചുകഴിഞ്ഞ ഉടനേയാണ്‌ ഈ കത്തെഴുതുന്നത്.)

അഭിപ്രായങ്ങളൊന്നുമില്ല: