2022, ജൂലൈ 10, ഞായറാഴ്‌ച

ലോർക്ക - അസ്തമയങ്ങൾ I- വേനല്ക്കാലം

മൂടല്മഞ്ഞിന്റെയും പാടലവർണത്തിന്റെയും കുന്നുകൾക്കു പിന്നിൽ സൂര്യൻ മറയുമ്പോൾ, അന്തരീക്ഷം ദൈവഭക്തിയുടെ വിപുലസംഗീതം കൊണ്ടു നിറയുമ്പോൾ പൊന്നും ഇളംചുവപ്പും കടുംചുവപ്പുമായ നേർത്ത പട്ടുലേസുകളിൽ ഗ്രനാഡ കുതിരുന്നു. 

 ഗോതമ്പുപാടങ്ങൾ കരിഞ്ഞുണങ്ങിയ വേഗ മഞ്ഞയും വെള്ളിയും നിറമായ ഒരു ജഡമയക്കത്തിലാഴുമ്പോൾ വിദൂരാകാശങ്ങളിൽ കട്ടിച്ചുവപ്പിലും ഇളംചേടിയിലും അഗ്നികുണ്ഡങ്ങൾ തീക്ഷ്ണമായെരിയുന്നു. മണ്ണിൻപാളികൾക്കു മേൽ ആവിത്തുണ്ടുകൾ പോലെ മൂടല്മഞ്ഞിന്റെ നേർത്ത പാടകൾ; അല്ലെങ്കിൽ കൂറ്റൻ വെള്ളിത്തൂവലുകൾ പോലെ കട്ടിമഞ്ഞ്. കളപ്പുരകൾ ഉഷ്ണത്തിലും വൈക്കോല്പൊടിയിലും പൊതിഞ്ഞുകിടക്കുന്നു; പച്ചപ്പിന്റെ സമൃദ്ധിയിൽ, അസ്തമയത്തിന്റെ ധൂമിലതയിൽ നഗരം വീർപ്പു മുട്ടുന്നു. മലഞ്ചരിവുകൾക്ക് മാന്തളിരും തെളിനീലവും നിറമായിരിക്കുമ്പോൾ മലമുടികൾക്ക് ചുവപ്പു കലർന്ന വെണ്മ. മഞ്ഞുപാളികൾ ചിലതപ്പോഴുമുണ്ട്, സൂര്യാഗ്നിയെ ചൊടിയോടെ ചെറുത്തുകൊണ്ട്. പുഴകൾ മിക്കവാറും വരണ്ടുകഴിഞ്ഞു; കൈച്ചാലുകളിൽ ജലമൊഴുകുന്നതാവട്ടെ, സായാഹ്നത്തിലെ വിഷണ്ണാനന്ദങ്ങളുടെ നേർക്ക് വിപുലമായൊരു ക്ഷീണത്തോടിഴഞ്ഞുപോകുന്ന ഒരു കാല്പനികഹൃദയത്തെപ്പോലെ. മലകൾക്കു മേലാകാശത്ത്, കാതരനീലമായ ആകാശത്ത്, ചിത്രലിപിയിലൊരു ചുംബനം പോലെ ചന്ദ്രൻ പ്രത്യക്ഷമാകുന്നു. തോട്ടങ്ങളിലും മുന്തിരിത്തോപ്പുകളിലും ഒരു വിചിത്രദീപ്തി തങ്ങിനില്ക്കുന്നു...പിന്നെ, നീലയും പച്ചയും ധൂസരവുമായ മലകൾ പതിയെപ്പതിയെ നിലാവിന്റെ മായികവർണ്ണങ്ങൾ പകരുന്നു. തെല്ലു വെളിച്ചവും ശേഷിക്കാതാവുമ്പോൾ നഗരം ഒരിരുണ്ട നിഴൽ മാത്രമാകുന്നു, ഒരേയൊരു രൂപരേഖയ്ക്കനുസൃതമായി പണിതെടുത്ത പോലെ. തവളകളവയുടെ വിചിത്രസംഗീതത്തിനു തുടക്കമിടുന്നു, എല്ലാ മരങ്ങളും സൈപ്രസുകൾ പോലാവുന്നു...സർവ്വതിനെയും നിലാവു സ്പർശിച്ചതില്പിന്നെ, മരച്ചില്ലകളുടെ നേർത്ത വലത്തുണിയെ നിലാവു നേർമ്മപ്പെടുത്തിയതില്പിന്നെ, ജലത്തിനു മേൽ വെളിച്ചം പരക്കുന്നു, നിന്ദ്യമായതെല്ലാം മാഞ്ഞുപോകുന്നു, ദൂരങ്ങൾ വളരുന്നു, വേഗയുടെ ആഴങ്ങൾ ഒരു പെരുംകടലായി മാറുന്നു...ഒടുവിലുണ്ടാകുന്നു, അനന്തമായ ആർദ്രതയുമായി ഒരു ദീപ്തതാരം, മരങ്ങളിൽ തെന്നൽ, പുഴകളുടെ നിലയ്ക്കാത്ത നിദ്രാണഗാനവും. നിലാവെളിച്ചത്തിൽ രാത്രിയതിന്റെ ഇന്ദ്രജാലമെല്ലാം വെളിച്ചപ്പെടുത്തുന്നു. വേഗയുടെ നീലിച്ച മഞ്ഞു പടർന്ന തടാകത്തിൽ കളപ്പുരനായ്ക്കൾ കുരയ്ക്കുന്നു...

  (ലോർക്കയ്ക്ക് പത്തൊമ്പതു വയസ്സുള്ളപ്പോൾ പ്രസിദ്ധീകരിച്ച Impresiones y paisages സ്പാനിഷ് കലയേയും ചരിത്രത്തേയും ഭൂപ്രകൃതിയേയും കുറിച്ചുള്ള ഒരു യുവമനസ്സിന്റെ കാല്പനികപ്രതികരണങ്ങളാണ്‌. ) 

 വേഗ - ഗ്രനാഡയിലെ ഈ പ്രവിശ്യയിലാണ്‌ ലോർക്ക ജനിച്ചതും കൗമാരം വരെ വളർന്നതും.

അഭിപ്രായങ്ങളൊന്നുമില്ല: