2022, ജൂലൈ 17, ഞായറാഴ്‌ച

ഗാർസിയ ലോർക്കയുടെ ജീവിതം

 

എന്റെ ജീവിതമോ? എനിക്കൊരു ജീവിതം തന്നെയുണ്ടോ? എന്നെ സംബന്ധിച്ചിടത്തോളം ഞാനിപ്പോഴും ഒരു കുട്ടിയാണ്‌. ബാല്യകാലത്തിലെ വികാരങ്ങൾ ഇപ്പോഴും എന്നിലുണ്ട്; ഞാൻ ഇന്നേവരെ അവയെ കൈവിട്ടിട്ടില്ല. എന്റെ ജീവിതത്തെക്കുറിച്ചു പറയുക എന്നാൽ ഞാൻ എന്താണെന്നു പറയുക എന്നാണ്‌. ഒരാളുടെ ജീവിതം എന്നു പറയുന്നത് അയാൾ എന്തൊക്കെ കടന്നുപോയോ, അതിന്റെയൊക്കെ ഒരാഖ്യാനമാണ്‌. എന്റെ എല്ലാ ഓർമ്മകളും, ഏറ്റവും ചെറുപ്പത്തിലെ ഓർമ്മകൾ പോലും, അതേ തീക്ഷ്ണതയോടെ എന്നിലുണ്ട്.

ഞാൻ എന്റെ ബാല്യത്തെക്കുറിച്ചു പറയാം. അതെന്നും എന്റേതു മാത്രമായിരുന്നു; അത്രയ്ക്കും എനിക്കേറ്റവുമടുത്ത സ്വകാര്യതയായിരുന്നതിനാൽ ഞാൻ അതിനെക്കുറിച്ചു ചർച്ച ചെയ്തിട്ടില്ല, അതിനെ വിശകലനം ചെയ്തു നോക്കാൻ എനിക്കു തോന്നിയിട്ടുമില്ല. കുട്ടിയായിരുന്നപ്പോൾ പ്രകൃതിയോട് ഏറ്റവുമടുത്താണു ഞാൻ ജീവിച്ചത്. എല്ലാ കുട്ടികളേയും പോലെ ഞാൻ ഓരോ വസ്തുവിനും മരത്തിനും കല്ലിനും മേശകൾക്കും കസേരകൾക്കും വ്യത്യസ്തമായ വ്യക്തിത്വങ്ങൾ കല്പിച്ചുകൊടുത്തു. ഞാൻ അവയോടു സംസാരിക്കുകയും അവയെ സ്നേഹിക്കുകയും ചെയ്തു. എന്റെ വീടിന്റെ മുറ്റത്ത് കുറേ കറുത്ത പോപ്ളാർ മരങ്ങൾ ഉണ്ടായിരുന്നു. ഒരുച്ചതിരിഞ്ഞ നേരത്ത് എനിക്കു പെട്ടെന്നു തോന്നി, അവ പാടുകയാണെന്ന്. ചില്ലകളിലൂടെ കടന്നുപോകുമ്പോൾ കാറ്റ് സ്വരങ്ങൾ മാറ്റിമാറ്റി പ്രയോഗിക്കുകയായിരുന്നു. അത് സംഗീതമായി ഞാൻ സങ്കല്പിച്ചു. പോപ്ളാറുകളുടെ പാട്ടും കേട്ട് മണിക്കൂറുകൾ ഞാനിരുന്നിട്ടുണ്ട്. മറ്റൊരിക്കൽ ആരോ എന്റെ പേരു പറയുന്നതു കേട്ട് ഞാൻ അമ്പരന്നു: “ഫെ...ദ...റി...ക്കോ...” ചുറ്റും നോക്കിയിട്ട് ആരെയും കണ്ടില്ല. ആരാണ്‌ ആ ശബ്ദമുണ്ടാക്കുന്നത്? കുറേയേറെ നേരം ശ്രദ്ധിച്ചപ്പോൾ എനിക്കു മനസ്സിലായി, പ്രായം ചെന്ന ഒരു പോപ്ളാറിന്റെ ചില്ലകൾ അന്യോന്യം ഉരുമ്മുകയായിരുന്നു, ദുഃഖത്തോടെ, ഏകതാനമായി. 

ഞാൻ നാടിനെ സ്നേഹിക്കുന്നു. എന്റെ വികാരങ്ങളെല്ലാം എന്നെ അതിനോടു തളച്ചിടുന്നു. എന്റെ ഏറ്റവും വിദൂരമായ ബാല്യകാലസ്മൃതികൾക്ക് മണ്ണിന്റെ ചുവയാണ്‌. ഭൂമി, നാട്ടുമ്പുറം  എന്റെ ജീവിതത്തിൽ മഹത്തായ കാര്യങ്ങൾ മെനഞ്ഞെടുത്തിട്ടുണ്ട്. കീടങ്ങളും മൃഗങ്ങളും ഗ്രാമീണരും അർത്ഥസൂചകമായി തോന്നുന്നത് ചുരുക്കം ചിലർക്കു മാത്രമാണ്‌. അവർ അർത്ഥമാക്കുന്നതെന്തെന്നു മനസ്സിലാക്കാൻ  കുട്ടിയായിരുന്നപ്പോഴെന്നപോലെ ഇപ്പോഴും എന്റെ ആത്മാവിനു കഴിയും. അല്ലെങ്കിൽ “രക്തവിവാഹം” എഴുതാൻ എനിക്കു കഴിയുമായിരുന്നില്ല. കലയിലെ എന്റെ ആദ്യത്തെ അനുഭവത്തിനു കാരണം മണ്ണിനോടുള്ള സ്നേഹമായിരുന്നു. അത് തീരെച്ചെറിയൊരു കഥയാണ്‌, അത് ഇവിടെപ്പറയാൻ യോഗ്യവുമാണ്‌.

1906 ആണെന്നു തോന്നുന്നു. എന്റെ ജന്മദേശത്ത് കൃഷിക്കാർ നിലം ഉഴുതിരുന്നത് അതിന്റെ പ്രതലത്തിൽ ഒരു പോറൽ പോലുമുണ്ടാക്കാത്ത പഴയ മരക്കലപ്പകൾ കൊണ്ടാണ്‌. അക്കൊല്ലം ചില കൃഷിക്കാർക്ക് പുതുപുത്തൻ ബ്രബാന്റെ (പേരിപ്പോഴും ഞാൻ മറന്നിട്ടില്ല) കലപ്പകൾ കിട്ടി. ആയിരത്തിത്തൊള്ളായിരത്തിൽ പാരീസിൽ നടന്ന പ്രദർശനത്തിൽ സമ്മാനം കിട്ടിയ കലപ്പകളാണവ. ഞാനന്ന് കൗതുകം നിറഞ്ഞ കൊച്ചുകുട്ടിയായിരുന്നു; ഊർജ്ജസ്വലമായ ആ കലപ്പയെ പാടം മുഴുവൻ ഞാൻ പിന്തുടർന്നു. അതിന്റെ കൂറ്റൻ ഉരുക്കുമുന മണ്ണിൽ മുറിവുകൾ തുറക്കുന്നതും അവയിൽ നിന്ന് ചോരയ്ക്കു പകരം വേരുകൾ വരുത്തുന്നതും കണ്ടുനില്ക്കാൻ എനിക്കിഷ്ടമായിരുന്നു. ഒരിക്കൽ കലപ്പ കനത്തതെന്തിലോ ചെന്നിടിച്ചു നിന്നു. തിളങ്ങുന്ന വായ്ത്തല മണ്ണിൽ നിന്നു കിളച്ചെടുത്തത് ഒരു റോമൻ മൊസെയ്ക്ക് ആയിരുന്നു; അതിൽ കൊത്തിവച്ചിരുന്ന ലിഖിതം എനിക്കിപ്പോൾ ഓർമ്മ വരുന്നില്ല; എന്തായാലും ദാഫ്നിസ്, ക്ളൊവി എന്നീ ആട്ടിടയന്മാരെക്കുറിച്ചാണെന്ന് എന്തു കാരണം കൊണ്ടോ എനിക്കു തോന്നി. അങ്ങനെ കലാസംബന്ധമായ ഒരു വിസ്മയം ഞാൻ ആദ്യമായി അനുഭവിക്കുന്നത് മണ്ണിനോടു ബന്ധപ്പെട്ടിട്ടാണ്‌. ദാഫ്നിസ്, ക്ളൊവി എന്നീ പേരുകൾക്കും മണ്ണിന്റെയും സ്നേഹത്തിന്റെയും ചുവയാണ്‌. എന്റെ ആദ്യവികാരങ്ങൾ മണ്ണിനോടു ബന്ധപ്പെട്ടതാണ്‌, പാടത്തു പണിയോടു ബന്ധപ്പെട്ടതാണ്‌. അതുകൊണ്ടാണ്‌ സൈക്കോ-അനലിസ്റ്റുകൾ പറഞ്ഞേക്കാവുന്ന ഒരു “കാർഷികകോംപ്ലക്സ്” എനിക്കുള്ളതും.

നാടിനോടുള്ള ഈ സ്നേഹമില്ലായിരുന്നുവെങ്കിൽ എന്റെ അടുത്ത കൃതിയായ “യെർമ്മ” തുടങ്ങാൻ എനിക്കു കഴിയുമായിരുന്നില്ല. മണ്ണെനിക്ക് ദാരിദ്ര്യത്തിന്റെ ഗഹനസൂചകമാണ്‌; വിശപ്പ് എന്ന ഹീനമായ ദാരിദ്ര്യത്തിന്റെയല്ല, ധന്യവും വിനീതവുമായ ദാരിദ്ര്യത്തിന്റെ- പരുക്കൻ റൊട്ടി പോലെ.

പ്രായമായവരെ എനിക്കു സഹിക്കാൻ പറ്റില്ല; ഞാനവരെ വെറുക്കുന്നുവെന്നോ ഭയക്കുന്നുവെന്നോ അല്ല, അവരുടെ മുന്നിൽ ഞാൻ അസ്വസ്ഥനാകുന്നു എന്നു മാത്രം. എനിക്കവരോടു സംസാരിക്കാൻ പറ്റില്ല. എന്തു പറയണമെന്ന് എനിക്കറിയാതാവുകയാണ്‌. വൃദ്ധരായതുകൊണ്ടു മാത്രം തങ്ങൾക്ക് ജീവിതത്തിന്റെ എല്ലാ രഹസ്യങ്ങളും തുറന്നുകിട്ടി എന്നു വിചാരിക്കുന്ന ആ വൃദ്ധന്മാരെ പ്രത്യേകിച്ചും. “അനുഭവം” എന്ന് അവർ പറയുന്ന, അത്രയധികം അവരുടെ സംസാരവിഷയമായ ആ സംഗതിയെക്കുറിച്ച് എന്തോ, എനിക്കൊരു ധാരണ കിട്ടാതെപോകുന്നു. വൃദ്ധന്മാരുടെ ഒരു കൂട്ടത്തിൽ പെട്ടുപോയാൽ എനിക്കൊരു വാക്കും പറയാനുണ്ടാവില്ല. ആ ചുരുക്കിപ്പിടിച്ച, കണ്ണീരു നിറഞ്ഞ നരച്ച കണ്ണുകൾ, ആ വിറകൊള്ളുന്ന ചുണ്ടുകൾ, വാത്സല്യം വഴിയുന്ന ആ പുഞ്ചിരികൾ എന്നെ ഭയചകിതനാക്കുന്നു; അവരുടെ സ്നേഹം എനിക്കനഭിമതമാണ്‌, പടുകുഴിയിലേക്കു നമ്മെ വലിച്ചുതാഴ്ത്തുന്ന കയറുപോലെ. പ്രായമായവർ അതാണ്‌- യൗവ്വനത്തിനും മരണമെന്ന കൊടുംഗർത്തത്തിനുമിടയിൽ കെട്ടിയ കയറ്‌.

മരണം! സർവ്വതിലും അവൾ നുഴഞ്ഞുകയറുന്നു. വിശ്രമം, മൗനം, ശാന്തത എല്ലാം മരണത്തിനുള്ള പരിശീലനങ്ങളാണ്‌. മരണം എവിടെയുമുണ്ട്. വിജേതാവാണവൾ. മരണം തുടങ്ങുന്നത് നാം വിശ്രമിക്കുമ്പോഴാണ്‌. അടുത്ത തവണ ഒരു വിരുന്നിനു പോകുമ്പോൾ എല്ലാവരുടേയും ഷൂസുകളിലേക്കൊന്നു നോക്കുക. അവ വിശ്രമിക്കുകയാണെന്ന്, ഭയാനകമായി വിശ്രമിക്കുകയാണെന്ന് നിങ്ങൾക്കു കാണാം. മൂകവും ഗൗരവം പൂണ്ടതും ഭാവശൂന്യവുമായ വസ്തുക്കളായി നിങ്ങൾ അവയെ കാണും- മരിക്കാൻ തുടങ്ങിക്കഴിഞ്ഞ, ഒരുപയോഗവുമില്ലാത്ത വസ്തുക്കൾ. ഷൂസുകളും പാദങ്ങളും, അവ വിശ്രമിക്കുന്ന നേരത്ത്, അവയുടെ മൃതഭാവം കൊണ്ട് എന്റെ മനസ്സിനെ വേട്ടയാടുന്നു. വിശ്രമിക്കുന്ന ഒരു ജോഡി പാദങ്ങളെ- അത്രയും ദുഃഖഭരിതമായി വിശ്രമിക്കാൻ പാദങ്ങളേ പഠിച്ചിട്ടുള്ളു- നോക്കിയിട്ട് ഞാൻ മനസ്സിൽ പറയുകയാണ്‌: “പത്ത്, ഇരുപത്, നാല്പതു കൊല്ലം കഴിയട്ടെ, അവയുടെ വിശ്രമം പരിപൂർണ്ണമാകും. അല്ലെങ്കിൽ കുറച്ചു മിനുട്ടുകൾക്കുള്ളിൽ. അല്ലെങ്കിൽ ഒരു മണിക്കൂറിനുള്ളിൽ. മരണം അവയിലെത്തിക്കഴിഞ്ഞു.”

ചില മണ്ടന്മാർ ചെയ്യുന്നപോലെ ഷൂസുമിട്ടുകൊണ്ട് കിടക്കാൻ എനിക്കു കഴിയാറില്ല. പാദങ്ങളിലേക്കു നോക്കുമ്പോൾ മരണചിന്ത എന്നെ ശ്വാസം മുട്ടിക്കാൻ തുടങ്ങും. ഉറങ്ങാൻ കിടക്കുന്നവരുടെ കാല്പാദങ്ങൾ കാണുമ്പോൾ എനിക്കോർമ്മ വരുന്നത് കുട്ടിയായിരുന്നപ്പോൾ കണ്ട ജഡങ്ങളെയാണ്‌. അവയുടെ പാദങ്ങൾ അങ്ങനെയായിരുന്നു...അടുത്തടുത്ത്, പുതിയ ഷൂസുമിട്ട്, വിശ്രമിക്കുന്നവ. മരണത്തെക്കുറിച്ച് ഇത്രയുമേ പറയാനുള്ളു.

ഈ നിമിഷം എനിക്കെന്റെ സ്നേഹിതന്മാരെ നഷ്ടപ്പെട്ടുവെന്നിരിക്കട്ടെ, എനിക്കു ചുറ്റും വെറുപ്പും അസൂയയും നിറഞ്ഞുവെന്നിരിക്കട്ടെ, എനിക്കു വിജയിക്കാൻ കഴിയില്ല. ഞാൻ പൊരുതുക പോലും ചെയ്യില്ല. അതെന്റെ വിഷയമല്ലാതായിക്കഴിഞ്ഞു. ഞാൻ മുന്നിട്ടിറങ്ങുന്നത് എന്റെ സ്നേഹിതന്മാരെ ഓർത്തിട്ടാണ്‌, മാഡ്രിഡിൽ ഞാൻ വിട്ടുപോയവരേയും ഇവിടെ, ബ്യൂണസ് ഐറിസിൽ ഞാൻ സമ്പാദിച്ചവരേയും. എന്റെ ഒരു കൃതി പരിഹാസപാത്രമായാൽ അവരുടെ മനസ്സു വിഷമിക്കുമെന്ന് എനിക്കറിയാം. എന്റെ കൃതിയുടെ പേരിലല്ല, എന്റെ സ്നേഹിതന്മാരുടെ പേരിലാണ്‌ ഞാൻ വേദനിക്കുക. അവരാണ്‌ വിജയിക്കുക എന്ന ബാദ്ധ്യത എനിക്കു നല്കിയത്. അവർ എന്നിൽ അർപ്പിച്ച സ്നേഹവും വിശ്വാസവും നഷ്ടപ്പെടരുതെന്നതിനായി ഞാൻ വിജയിക്കാൻ ശ്രമിക്കുന്നു. കലയുടെ കാര്യത്തിൽ എന്നെ സ്നേഹിക്കാത്തവരോ എനിക്കറിയാത്തവരോ ആയവരുടെ പേരിൽ ഞാൻ വേവലാതിപ്പെടുന്നതേയില്ല.

എന്റെ മനസ്സിനെ ഏറ്റവും സ്പർശിച്ച അനുഭവം? ഇന്നലെത്തന്നെയാണതു സംഭവിച്ചത്, ഇവിടെ, ബ്യൂണസ് ഐറിസിൽ. എന്നെ അന്വേഷിച്ച് ഒരു സ്ത്രീ തിയേറ്ററിൽ വന്നിരുന്നു. വളരെ പാവപ്പെട്ട ഒരു സ്ത്രീ; ഏതോ ചേരിയിലാണ്‌ താമസം. ഞാൻ ഇവിടെ വന്നതിനെക്കുറിച്ച് പത്രത്തിൽ അവർ വായിച്ചിരുന്നു. എന്താണവർക്കു വേണ്ടതെന്ന് എനിക്കൊരു പിടിയും കിട്ടിയില്ല; അവർ സംസാരിക്കാൻ വേണ്ടി ഞാൻ കത്തുനിന്നു. അവർ പോക്കറ്റിൽ നിന്ന് ഒരു കടലാസ്സുകെട്ടെടുത്തിട്ട് ശ്രദ്ധയോടെ എന്തോ ഒന്ന് പുറത്തെടുത്തു. അവർ എന്റെ കണ്ണുകളിലേക്കു നോക്കിയിട്ട് എന്തോ ഓർക്കുന്നപോലെ പുഞ്ചിരിച്ചു. “ഫെദറിക്കോ...ആരെങ്കിലും വിചാരിക്കുമോ...ഫെദറിക്കോ...”എന്നിട്ടവർ ആ കടലാസ്സുപൊതിയിൽ നിന്ന് ഒരു പഴയ, മഞ്ഞിച്ച ഫോട്ടോ പുറത്തെടുത്തു; ഒരു കുഞ്ഞിന്റെ ഫോട്ടോ. ആ ചിത്രമായിരുന്നു എന്റെ മനസ്സിനെ ഏറ്റവുമധികം സ്പർശിച്ച അനുഭവം.

“ഇവനെ അറിയുമോ, ഫെദറിക്കോ?”

“ഇല്ല.”

“ഇത് നീയാണ്‌, നിനക്ക് ഒരു വയസ്സുള്ളപ്പോൾ. നീ പിറന്നുവീഴുന്നത് ഞാൻ കണ്ടു. നിന്റെ അച്ഛനമ്മാരുടെ വീട്ടിനടുത്താണ്‌ ഞാൻ താമസിച്ചിരുന്നത്. ആ ദിവസം, നീ ജനിച്ച ദിവസം, ഞാനും ഭർത്താവും കൂടി ഒരു പാർട്ടിക്കു പോകാനിരിക്കുകയായിരുന്നു. നിന്റെ അമ്മയ്ക്ക് സുഖമില്ലാത്തതു കാരണം ഞങ്ങൾ പോയില്ല. ഞാനാണ്‌ സഹായിക്കാൻ നിന്നത്. അങ്ങനെ നീ ജനിച്ചു. നിനക്ക് ഒരു വയസ്സുള്ളപ്പോഴാണ്‌ ഈ ഫോട്ടോയെടുത്തത്. കാർഡ്ബോർഡ് കീറിയിരിക്കുന്നതു കണ്ടില്ലേ? ഫോട്ടോ പുതിയതായിരുന്നപ്പോൾ നിന്റെ കൊച്ചുകയ്യാണതു ചെയ്തത്. നീ പൊട്ടിച്ചതാണത്...ഫോട്ടോയിലെ ഈ കീറൽ എനിക്കെന്നും ഓർമ്മിക്കാനുള്ളതാണ്‌.”

അതാണ്‌ ആ സ്ത്രീ പറഞ്ഞത്. എന്റെ നാവിറങ്ങിപ്പോയി. കരയാൻ, അവരെ കെട്ടിപ്പിടിക്കാൻ, ഫോട്ടോയിൽ ചുംബിക്കാനൊക്കെ എനിക്കു തോന്നി; കാർഡ്ബോർഡിലെ കീറൽ നോക്കി നില്ക്കാനേ എനിക്കു കഴിഞ്ഞുള്ളു. അതാ, അതാണെന്റെ ആദ്യത്തെ കൃതി. അത് നല്ലതോ ചീത്തയോ എന്നെനിക്കറിയില്ല, എന്നാൽ അതെന്റേതാണ്‌...

അതു കണ്ടോ? (ലോർക്ക ഒരു പോസ്റ്റർ ചൂണ്ടിക്കാട്ടുന്നു.) ഇത്രയും മുഴുത്ത അക്ഷരങ്ങളിൽ എന്റെ പേരച്ചടിച്ചുവരുന്നതും പൊതുജനത്തിനു മുന്നിൽ തുറന്നുകിടക്കുന്നതും എന്നെ എന്തുമാത്രം ലജ്ജിപ്പിക്കുന്നുണ്ടെന്ന് നിങ്ങൾക്കു സങ്കല്പിക്കാൻ പറ്റില്ല. കൗതുകപൂർവ്വം നോക്കിനില്ക്കുന്ന ഒരാൾക്കൂട്ടത്തിനു മുന്നിൽ നഗ്നനായി നില്ക്കുന്ന തോന്നലാണെനിക്ക്. എന്റെ പേരിങ്ങനെ പ്രദർശിപ്പിച്ചിരിക്കുന്നത് എനിക്കു സഹിക്കാൻ പറ്റില്ല. ഞാനതു കണ്ടില്ലെന്നു നടിക്കുകയാണു വേണ്ടത്; കാരണം, തിയേറ്റർ ആവശ്യപ്പെടുന്നത് അതാണ്‌. എന്റെ പേര്‌ ഈ വിധം കൈകാര്യം ചെയ്യപ്പെടുന്നത് ഞാൻ ആദ്യം കാണുന്നത് മാഡ്രിഡിൽ വച്ചാണ്‌. ഞാൻ പ്രശസ്തിയിലേക്കുള്ള പാതയിലാണെന്ന് എന്റെ കൂട്ടുകാർ സന്തോഷത്തോടെ എന്നെ വിളിച്ചു പറഞ്ഞു. എന്നാൽ എനിക്കതത്ര ഭംഗിയായി തോന്നിയില്ല. ഏതു തെരുവുമൂലയിലും എന്റെ പേരുണ്ടായിരുന്നു, ചിലരുടെ ഉദാസീനതയും ചിലരുടെ ജിജ്ഞാസയും നേരിട്ടുകൊണ്ട്. അതെന്റെ പേരായിരുന്നു; അതിപ്പോൾ കണ്ണെത്തുന്നിടത്തൊക്കെ ഒട്ടിച്ചുവച്ചിരിക്കുകയാണ്‌, ലോകത്താർക്കും ഉപയോഗപ്പെടുത്താനായി. അത് വേറേ പലരേയും സന്തോഷിപ്പിക്കാമെങ്കിലും എനിക്കത് കഠിനവേദനയ്ക്കാണ്‌ കാരണമായത്. ഞാൻ ഞാനല്ലാതായതുപോലെയായിരുന്നു. രണ്ടാമതൊരാൾ നിവർന്നുവരുന്നപോലെ. ആ പോസ്റ്ററുകളിൽ നിന്ന് എന്നെ തുറിച്ചുനോക്കുകയും എന്റെ ഭീരുത്വത്തെ നോക്കിച്ചിരിക്കുകയും ചെയ്യുന്ന ഒരു ശത്രു. എന്നാൽ അത്, എന്റെ സ്നേഹിതാ, എനിക്കു സഹിക്കാൻ പറ്റില്ല.


(ബ്യൂണസ് ഐറിസിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന “ക്രിട്ടിക്ക”യിൽ 1934 മാർച്ച് 10നു വന്നത്.)


അഭിപ്രായങ്ങളൊന്നുമില്ല: