2022, ജൂലൈ 10, ഞായറാഴ്‌ച

ലോർക്ക- ഒരു മുറി അപ്പവും ഒരു പുസ്തകവും

 (തന്റെ ഗ്രാമത്തിലെ വായനശാല ഉദ്ഘാടനം ചെയ്തുകൊണ്ട് 1931ൽ ലോർക്ക ചെയ്ത പ്രസംഗം) 

 ഒരാൾ ഒരു നാടകത്തിനു പോകുമ്പോൾ, ഒരു കച്ചേരിക്കു പോകുമ്പോൾ, അല്ലെങ്കിൽ അങ്ങനെ എന്തിനെങ്കിലും പോകുമ്പോൾ; അതയാൾക്കു വളരെ ഇഷ്ടപ്പെട്ടുവെങ്കിൽ അയാൾക്കു തന്റെ പ്രിയപ്പെട്ടവരെ ഓർമ്മ വരികയും അവരുടെ അഭാവത്തെക്കുറിച്ചോർത്തു വിഷമം വരികയുമാണ്‌: “എന്റെ അച്ഛന്‌, എന്റെ പെങ്ങൾക്ക് ഇവിടെ വരാനും ഇതെല്ലാം ആസ്വദിക്കാനും എന്തിഷ്ടമായിരുന്നേനെ,” അയാൾ മനസ്സിൽ പറയും. അയാളെ സംബന്ധിച്ചിടത്തോളം ആ കാഴ്ചകൾക്കു മേൽ തീരെച്ചെറിയൊരു വിഷാദത്തിന്റെ നിഴൽ വീശുകയാണ്‌. അങ്ങനെയൊരു വിഷാദമാണ്‌ എനിക്കിപ്പോൾ തോന്നുന്നത്; അതു പക്ഷേ, എന്റെ വീട്ടുകാരുടെ കാര്യം ഓർത്തിട്ടല്ല; അങ്ങനെയായാൽ ഞാൻ ചെറുതാവുകയാണല്ലോ; അതെന്റെ സ്വാർത്ഥതയുമാണ്‌. ഞാനോർക്കുന്നത് അവസരങ്ങൾ കിട്ടാത്തതു കാരണം ജീവിതത്തിന്റെ ആത്യന്തികനന്മകളായ സൗന്ദര്യം, പ്രശാന്തത, വൈകാരികത എന്നിവ ആസ്വദിക്കാൻ കഴിയാതെപോകുന്ന എല്ലാ മനുഷ്യജീവികളേയും കുറിച്ചാണ്‌. 

 അതുകാരണമാണ്‌ എനിക്കു സ്വന്തമായി ഒരു പുസ്തകവുമില്ലാത്തത്. കാരണം, വാങ്ങുന്നതെന്തും (അത് കുറേയധികവുമാണ്‌) ഞാൻ കൊടുത്തുതീർക്കുകയാണ്‌; ഞാൻ ഇവിടെ വന്നിരിക്കുന്നത് അതുകൊണ്ടാണ്‌. ഗ്രനാഡ പ്രവിശ്യയിലെ ഈ ആദ്യത്തെ പൊതുവായനശാല ഉദ്ഘാടനം ചെയ്യുന്നത് ഒരു ബഹുമതിയായി, സന്തോഷമായി ഞാൻ കാണുന്നു. 

 മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല ജീവിക്കുന്നത്. വിശന്നും സഹായമറ്റും തെരുവിൽ നില്ക്കുമ്പോൾ അപ്പമല്ല ഞാ ചോദിക്കുക, ഒരു മുറി അപ്പവും ഒരു പുസ്തകവുമാണ്‌. സാമ്പത്തികാവകാശങ്ങളെക്കുറിച്ചു മാത്രം സംസാരിക്കുകയും സാംസ്കാരികാവകാശങ്ങളെക്കുറിച്ച് (ആളുകൾക്കാവശ്യവും ഏറ്റവും ഉച്ചത്തിൽ അവർ ആവശ്യപ്പെടുന്നതും അതാണ്‌) ഒന്നും മിണ്ടാതിരിക്കുകയും ചെയ്യുന്നവരെ ഇവിടെ നിന്നുകൊണ്ട് ഞാൻ കടന്നാക്രമിക്കുകയാണ്‌. 

 ആളുകൾക്ക് ആഹാരം വേണം. അത് ഒരാവശ്യം തന്നെ. അതേ സമയം ആത്മാവിന്റെ മധുരഫലങ്ങൾ ആസ്വദിക്കാനും എല്ലാവരും അറിഞ്ഞിരിക്കണം; കാരണം, മറിച്ചായാൽ അതവരെ ഭരണകൂടത്തിന്റെ സേവകരായ വെറും യന്ത്രങ്ങളാക്കിമാറ്റും; എന്നു പറഞ്ഞാൽ ഭീകരമായ ഒരു സാമൂഹ്യസംഘടനയുടെ അടിമകൾ. 

 വിശക്കുന്ന ഒരാളെക്കാൾ എന്നെ കണക്കറ്റു ദുഃഖിപ്പിക്കുന്നത് പഠിക്കാൻ ആഗ്രഹമുണ്ടായിട്ടും അതിനു കഴിയാത്ത ഒരാളാണ്‌; ഒരപ്പക്കഷണമോ കുറച്ചു പഴങ്ങളോ കൊണ്ട് അയാളുടെ വിശപ്പു മാറ്റാവുന്നതേയുള്ളു; എന്നാൽ, അറിവിനു ദാഹിക്കുന്ന, എന്നാൽ അതിനൊരു മാർഗ്ഗവും കാണാത്ത ഒരാൾ അനുഭവിക്കുന്നത് കഠിനവേദനയാണ്‌. കാരണം, അയാൾക്കു വേണ്ടത് പുസ്തകങ്ങളാണ്‌, പുസ്തകങ്ങളാണ്‌, കൂടുതൽ കൂടുതൽ പുസ്തകങ്ങളാണ്‌; എന്നാൽ ആ പുസ്തകങ്ങൾ എവിടെ? 

 പുസ്തകം! പുസ്തകം! എത്ര മനോഹരമായ പദം! “സ്നേഹം, സ്നേഹം” എന്നു പറയുമ്പോലെയാണത്. പാടം നനയ്ക്കാൻ മഴ അവകാശപ്പെടുമ്പോലെ ഗ്രാമങ്ങൾ പുസ്തകങ്ങളും അവകാശപ്പെടണം. 

 പ്രശസ്തനായ റഷ്യൻ സാഹിത്യകാരൻ, റഷ്യൻ വിപ്ലവത്തിന്റെ പിതാവാകാൻ ലെനിനേക്കാൾ എത്രയോ യോഗ്യൻ, ഫ്യോദോർ ദസ്തയേവ്സ്കി സൈബീരിയയിൽ തടവുകാരനായിരുന്നപ്പോൾ; തോരാതെ മഞ്ഞു പെയ്യുന്ന, പരിത്യക്തമായ പുൽമൈതാനങ്ങൾക്കു നടുവിൽ, ജനവാസത്തിൽ നിന്നെല്ലാമകലെ നാലു ചുവരുകൾക്കുള്ളിൽ ബന്ധിതനായിരുന്നപ്പോൾ; അതിദൂരത്തുള്ള തന്റെ കുടുംബത്തോടു സഹായം ചോദിച്ചുകൊണ്ടെഴുതുമ്പോൾ അദ്ദേഹം ആവശ്യപ്പെട്ടത് ഇതു മാത്രമാണ്‌: “എന്റെ ആത്മാവ് മരണപ്പെടാതിരിക്കാൻ എനിക്കു പുസ്തകങ്ങൾ അയച്ചുതരിക, പുസ്തകങ്ങൾ, എത്രയെങ്കിലും പുസ്തകങ്ങൾ!” അദ്ദേഹം കൊടുംതണുപ്പിലായിരുന്നു; എന്നാൽ ചൂടു വേണമെന്നല്ല അദ്ദേഹം ആവശ്യപ്പെട്ടത്; തൊണ്ട വരളുന്ന ദാഹമുണ്ടായിരുന്നു, എന്നാൽ വെള്ളമല്ല അദ്ദേഹം ചോദിച്ചത്. അദ്ദേഹത്തിനു വേണ്ടത് പുസ്തകങ്ങളായിരുന്നു; എന്നു പറഞ്ഞാൽ ചക്രവാളങ്ങൾ; എന്നു പറഞ്ഞാൽ ആത്മാവിന്റെയും ഹൃദയത്തിന്റെയും ഉയരങ്ങളിലേക്കു കയറാനുള്ള കോണികൾ. കാരണം, ശരീരത്തിന്‌ വിശപ്പോ ദാഹമോ തണുപ്പോ കൊണ്ടുണ്ടാകുന്ന ഭൗതികവും ജീവശാസ്ത്രപരവും പ്രാകൃതികവുമായ ആയ വേദന അല്പനേരത്തേക്കേയുള്ളു; മറിച്ച് ആത്മാവിന്റെ വേദന ഒരായുസ്സു മുഴുവൻ നീണ്ടുനില്ക്കും. 

 യൂറോപ്യൻ ചരിത്രകാരന്മാരിൽ ഏറ്റവും വിശ്വസിക്കാവുന്ന, മഹാനായ മെനെൻഡെസ് പിഡാൽ റിപ്പബ്ലിക്കിന്റെ മുദ്രാവാക്യം “സംസ്കാരം”ആയിരിക്കണമെന്നു പറഞ്ഞുകഴിഞ്ഞിരിക്കുന്നു. എന്തെന്നാൽ വിശ്വാസം നിറഞ്ഞവരെങ്കിലും വെളിച്ചം കുറഞ്ഞ ഇന്നത്തെ ജനതയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്കാരത്തിലൂടെയേ കഴിയൂ.

അഭിപ്രായങ്ങളൊന്നുമില്ല: