2022, ജൂലൈ 11, തിങ്കളാഴ്‌ച

വീസ്വാവ ഷിംബോർസ്ക - പെട്ടകത്തിലേക്ക്!

ഇതാ ഒരു പേമഴ പെയ്തൂതുടങ്ങുന്നു.
പെട്ടകത്തിലേക്ക്!
അല്ലാതെവിടെ നിങ്ങൾ പോകും,
ഒറ്റയ്ക്കു പാടാനായെഴുതിയ കവിതകളേ,
സ്വകാര്യവിജയാഹ്ലാദങ്ങളേ,
ആവശ്യം വരാത്ത കഴിവുകളേ,
അധികമായിപ്പോയ ജിജ്ഞാസേ,
നീണ്ടുനില്ക്കാത്ത ശോകങ്ങളേ, ഭീതികളേ,
ആറു വശത്തു നിന്നും
കാര്യങ്ങളെ നോക്കിക്കാണാനുള്ള വ്യഗ്രതേ.

പുഴകൾ പൊങ്ങുകയാണ്‌, കരകളിടിക്കുകയാണ്‌.
പെട്ടകത്തിലേക്ക്!
ഫോട്ടോഗ്രാഫുകളേ,
വിശദാംശങ്ങളേ, ആഭരണങ്ങളേ, കമ്പങ്ങളേ,
ക്ഷുദ്രമായ അപവാദങ്ങളേ,
മറന്നുപോയ അടയാളങ്ങളേ,
ചാരനിറത്തിന്റെ എണ്ണമറ്റ നിറഭേദങ്ങളേ,
കളിക്കാനായി മാത്രം കളിച്ച കളികളേ,
ആനന്ദാശ്രുക്കളേ.

കണ്ണു പറ്റുന്നിടത്തോളം ദൂരം
വെള്ളമേയുള്ളു,
മങ്ങിയ ചക്രവാളമേയുള്ളു.
പെട്ടകത്തിലേക്ക്!
വിദൂരഭാവിയിലേക്കുള്ള പ്ലാനുകളേ,
വ്യത്യസ്തതയിലെ ആനന്ദമേ,
നല്ലവനോടുള്ള ബഹുമാനമേ,
രണ്ടിലൊന്നിലേക്കു ചുരുങ്ങാത്ത തിരഞ്ഞെടുപ്പേ,
പഴകിപ്പോയ മനഃസാക്ഷിക്കുത്തുകളേ,
പുനരാലോചനയ്ക്കു മാറ്റിവച്ച നേരമേ,
ഇതെല്ലാമെന്നെങ്കിലുമൊരുനാൾ
ആവശ്യം വരുമെന്ന വിശ്വാസമേ.

കുട്ടിക്കഥകളെല്ലാം ശുഭമായി പര്യവസാനിക്കുന്നു,
(നമ്മളിപ്പോഴും കുട്ടികളുമാണ്)
അതേ പര്യവസാനം തന്നെ
ഇവിടെയും നമുക്കുപയോഗിക്കാം.
മഴ തോരും,
തിരകളടങ്ങും,
തെളിഞ്ഞ മാനത്തു
മേഘങ്ങൾ വകഞ്ഞുമാറും,
തലക്കു മേൽ മേഘങ്ങളെന്താവണമോ,
അതുതന്നെയാവുമവ, പിന്നെയും:
ഉന്നതവും ചപലവും-
വെയിലിൽ കുളിച്ച തുരുത്തു പോലെ,
കുഞ്ഞാടുകൾ പോലെ,
കോളിഫ്ലവറുകൾ പോലെ,
ഡയപ്പറുകൾ പോലെ.

അഭിപ്രായങ്ങളൊന്നുമില്ല: