2022, ജൂലൈ 16, ശനിയാഴ്‌ച

ഫെദറിക്കോ ഗാർസിയ ലോർക്ക


ഫെദറിക്കോ ഗാർസിയ ലോർക്ക 1898 ജൂൺ 5ന്‌ സ്പെയിനിലെ ഗ്രനാഡ പ്രവിശ്യയിൽ ഫുവെന്തെ വാക്വെറെസിൽ ജനിച്ചു. അച്ഛൻ ഫെദറിക്കോ ഗാർസിയ റോഡ്രിഗ്സ് ധനികനായ ജന്മിയായിരുന്നു; അമ്മ വിസേന്ത ലോർക്ക റൊമേറോ വിവാഹത്തിനു മുമ്പ് സ്കൂൾ ടീച്ചറായിരുന്നു. നാലു മക്കളിൽ മൂത്തയാളായിരുന്നു ലോർക്ക.  ഏതോ ബാലാരിഷ്ട ലോർക്കയുടെ ശാരീരികവളർച്ചയെ ദോഷകരമായി ബാധിച്ചു എന്നു പറയപ്പെടുന്നു. മൂന്നു വയസ്സായപ്പോഴാണ്‌ ലോർക്ക സംസാരിക്കാൻ തുടങ്ങുന്നത്, നടക്കാൻ തുടങ്ങുന്നത് നാലിലും. മുടന്ത് എന്നു പറയാനില്ലെങ്കിലും ചെറിയ ഒരിടർച്ച ലോർക്കയുടെ നടപ്പിലുണ്ടായിരുന്നു; അത് ജീവിതകാലം മുഴുവൻ നീണ്ടുനില്ക്കുകയും ചെയ്തു. ഇങ്ങനെയൊരു അസുഖം കാരണമാകാം, ലോർക്കയുടെ ബാല്യകാലാനുഭവങ്ങളെ രൂപപ്പെടുത്തിയത് തന്നോടടുപ്പമുള്ള സ്ത്രീകളായിരിക്കണം. സ്ത്രീകളുടെ ആന്തരലോകവുമായി താദാത്മ്യം പ്രാപിക്കുന്നതിനുള്ള അസാധാരണമായ ഒരു സിദ്ധി ലോർക്കയുടെ കൃതികളിലുടനീളം അനിഷേദ്ധ്യമായി തെളിഞ്ഞുനില്ക്കുന്നുമുണ്ടല്ലോ. വീട്ടുജോലിക്കു നിന്നിരുന്ന പ്രായം ചെന്ന ഒരു കർഷകസ്ത്രീ വഴി പകർന്നുകിട്ടിയ നാടോടിക്കഥകളും നാടൻ പാട്ടുകളും ശൈലികളും ബാലനായ ലോർക്കയുടെ ഭാവനയെ കാര്യമായിത്തന്നെ ഉത്തേജിപ്പിച്ചു. സംസാരിക്കാൻ തുടങ്ങും മുമ്പേ പാട്ടുകൾക്കൊത്തു താളം പിടിക്കാൻ അവനു കഴിഞ്ഞിരുന്നു എന്നാണു പറയപ്പെടുന്നത്. 

വളരെ ചെറുപ്പത്തിൽത്തന്നെ ലോർക്കയിലെ നാടകക്കാരൻ മുഖം കാണിച്ചുതുടങ്ങി. ഗ്രാമത്തിലെ കുട്ടികൾക്കായി അവതരിപ്പിച്ച കുഞ്ഞുനാടകങ്ങളിലും കളികളിലും വീട്ടുകാരുടെ മുന്നിൽ അരങ്ങേറിയ പള്ളിപ്രസംഗങ്ങളിലുമൊക്കെയാണ്‌ ആ നാടകപ്രതിഭ പ്രകാശനം കണ്ടത്. അതിനി തന്റെ ശാരീരികവൈകല്യത്തിന്‌ വൈകാരികപരിഹാരം കണ്ടതുമായിരിക്കാം.

 ആൻഡലൂഷ്യൻ ഗ്രാമത്തിൽ തന്റെ കാവ്യജീവിതത്തെ ആജീവനാന്തം സ്വാധീനിച്ച സാമൂഹ്യാവസ്ഥയ്ക്കും ബിംബങ്ങൾക്കുമിടയിൽ ജീവിച്ച ലോർക്ക പത്താമത്തെ വയസ്സിൽ കുടുംബത്തോടൊപ്പം ഗ്രനാഡയിലേക്കു താമസം മാറ്റി. ഗ്രനാഡ ഒറ്റപ്പെട്ടതും വല്ലാതെ ശുഷ്കിച്ചുപോയതുമായ ഒരു നഗരമായിരുന്നു. പ്രാദേശികമായിരുന്നു സമൂഹമെങ്കിലും അതിന്റെ രീതികൾ ഉപരിപ്ലവമായിരുന്നുവെങ്കിലും റോമൻ ആൻഡലൂഷ്യയിൽ നിന്നു തുടങ്ങി മൂറുകളുടെ സങ്കീർണ്ണനാഗരികതയിലൂടെ ഹ്രസ്വായുസായിരുന്ന നവോത്ഥാനവും കടന്ന് പില്ക്കാലത്തെ ജീർണ്ണതയിലേക്കെത്തുന്ന പാരമ്പര്യത്തിന്റെ ഭാരം പേറുന്നതായിരുന്നു ആ നഗരം. നിഗൂഢമായ ഒരു സൗന്ദര്യം അവിടെ നിറഞ്ഞുനിന്നിരുന്നു; കുന്നുകളുടെ പശ്ചാത്തലത്തിൽ, തകർന്ന ചുമരുകൾക്കു പിന്നിൽ മറഞ്ഞുകിടക്കുന്ന പുരാതനമായ ഉദ്യാനങ്ങളുടേയും കൊട്ടാരങ്ങളുടേയും സൗന്ദര്യം.  അവിടെ ഒരു കത്തോലിക്കാസ്കൂളിലും ഒപ്പംതന്നെ ഒരു സ്വകാര്യസ്കൂളിലും പഠിച്ചതിനു ശേഷം അദ്ദേഹം ഗ്രനാഡാ യൂണിവേഴ്സിറ്റിയിൽ ചേർന്നു. ഒരു പിയാനിസ്റ്റായി പേരെടുത്തുവെങ്കിലും പഠനത്തിൽ ഉഴപ്പനായിരുന്നു ലോർക്ക. ഒമ്പതുകൊല്ലം പഠിച്ചിട്ടാണ്‌ അദ്ദേഹം ഡിഗ്രിയെടുക്കുന്നത്. പിയാനിസ്റ്റും സംഗീതരചയിതാവുമാവണം എന്നായിരുന്നു ആഗ്രഹമെങ്കിലും കൗമാരം കഴിഞ്ഞതോടെ ഒരെഴുത്തുകാരനാവുക എന്നതാണ്‌ തന്റെ ജീവിതലക്ഷ്യമായി അദ്ദേഹം കണ്ടത്. ഗദ്യത്തിലും കവിതയിലും നാടകത്തിലുമുള്ള ആദ്യകാലപരീക്ഷണങ്ങൾ വെളിപ്പെടുത്തുന്നത് തീക്ഷ്ണമായ ആത്മീയ-ലൈംഗികാകുലതകൾക്കു പുറമേ ഷേക്സ്പിയർ, ഗ്വെഥേ, അന്തോണിയോ മച്ചാദോ, റൂബെൻ ദാരിയോ തുടങ്ങിയ കവികളോടുള്ള കൗമാരസഹജമായ ആരാധനയുമാണ്‌. 

1919ൽ ലോർക്ക മാഡ്രിഡിലെ റെസിഡെൻഷ്യ ദെ എസ്തുഡിയാന്റെസിൽ ചേർന്നു. പുരുഷന്മാരായ വിദ്യാർത്ഥികൾക്കു താമസിക്കാനുള്ള ഈ ഹോസ്റ്റൽ അക്കാലത്തെ ഒരു പുരോഗമനസാംസ്കാരികകേന്ദ്രവുമായിരുന്നു. സ്പെയിനിലെ ഏറ്റവും ഉജ്ജ്വലരായ എഴുത്തുകാരും കലാകാരന്മാരും ചിന്തകരും അവിടെ താമസക്കാരോ സന്ദർശകരോ ആയിരുന്നു. അടുത്ത പത്തുകൊല്ലത്തേക്ക് ലോർക്കയുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു റെസിഡെൻഷ്യ. സംവിധായകനായ ലൂയിസ് ബുനുവേലും ചിത്രകാരനായ സാൽവദോർ ദാലിയും അതേ ഹോസ്റ്റലിൽ താമസക്കാരായിരുന്നു. ഹുവാൻ റമോൺ ഹിമെനെഥ് എന്ന വയോധികനായ കവി, സമപ്രായക്കാരായ കവികൾ റഫായെൽ ആല്ബെർട്ടി, ഹൊർഹെ ഗിയെൻ, പെഡ്രോ സാലിനാസ് തുടങ്ങിയവരുടെ പരിചയം സമ്പാദിക്കുന്നതും ഇക്കാലത്തു തന്നെ.

ലോർക്കയുടെ ആദ്യത്തെ പുസ്തകം Impresiones y paisajes (ഭൂപ്രദേശങ്ങളും അവയുടെ മാനസികചിത്രങ്ങളും) 1918ലാണ്‌ പ്രസിദ്ധീകരിക്കുന്നത്. കോളേജ് വിദ്യാർത്ഥിയായിരിക്കുമ്പോൾ സ്പെയിനിലൂടെ നടത്തിയ യാത്രകളുടെ വൈകാരികപ്രതികരണങ്ങളാണ്‌ സ്പാനിഷ് ആധുനികതയുടെ ചുവടു പിടിച്ചെഴുതിയ ഈ ഗദ്യകൃതി. 1921ൽ ഇറങ്ങിയ Libro de poemas (കവിതകളുടെ പുസ്തകം) 1918-1920 കാലത്തെഴുതിയ കവിതകളിൽ നിന്നു തിരഞ്ഞെടുത്ത കവിതകളുടെ സമാഹാരവും. ഈ രണ്ടു സംരംഭങ്ങളും ലോർക്കയെ നിരാശനാക്കുകയും അദ്ദേഹത്തിനു സഹജമായി ഉണ്ടായിരുന്ന പ്രസിദ്ധീകരണവിരോധത്തെ ഉറപ്പിക്കുകയുമാണ്‌ ചെയ്തത്. അദ്ദേഹത്തിനിഷ്ടം തന്റെ കവിതകളും നാടകങ്ങളും അവതരിപ്പിക്കാനായിരുന്നു; അതിൽ അദ്ദേഹത്തിന്റെ കഴിവുകൾ എണ്ണമറ്റ ആരാധകരെ നേടിക്കൊടുക്കുകയും ചെയ്തു.

ലോർക്കയുടെ ആദ്യത്തെ മുഴുനീളനാടകമായ El maleficio de la mariposa (ചിത്രശലഭത്തിന്റെ ശാപകാലം) 1920ൽ മാഡ്രിഡിൽ അരങ്ങേറി. പ്രണയാതുരയായ ഒരു പാറ്റയെക്കുറിച്ചുള്ള ഈ പ്രതീകാത്മകരചന നിരൂപകരും കാണികളും ഒരേപോലെ തള്ളിക്കളഞ്ഞു; നാലരങ്ങുകൾ കഴിഞ്ഞതോടെ അവതരണം നിർത്തുകയും ചെയ്തു. ലോർക്കയുടെ അടുത്ത നാടകം Mariana Pineda (മരിയാന പിനേഡ)1927ൽ ആദ്യമായി അവതരിപ്പിച്ചു. ദാലി രംഗസംവിധാനം ചെയ്ത  ചരിത്രസംബന്ധിയായ ഈ കാവ്യനാടകം ആദ്യത്തേതുപോലെ അത്ര പരാജയമായിരുന്നില്ല. 

1920കളിൽ ലോർക്ക തന്റേതായ ഒരു ഹ്രസ്വകവിതാരൂപം പരീക്ഷിക്കാൻ തുടങ്ങി. സ്പാനിഷ് വാമൊഴിക്കവിതകളും ജാപ്പനീസ് ഹൈക്കുവും സമകാലിക അവാങ്ങ്-ഗാർദ് കാവ്യചിന്തകളും പ്രചോദിപ്പിച്ച ഈ കുറുങ്കവിതകൾ ഒരേ വിഷയത്തിലുള്ള പല കവിതകളായിട്ടാണ്‌ സംവിധാനം ചെയ്തിരുന്നത്. ഈ കവിതകൾ ആദ്യമായി സമാഹരിക്കുന്നത് 1983ലാണ്‌, Suites എന്ന പേരിൽ.

1922ൽ ഗ്രനാഡയിൽ നടന്ന cante jondo മേള ലോർക്കയുടെ കാവ്യജീവിതത്തിലെ പ്രധാനപ്പെട്ട ഒരു വഴിത്തിരിവായിരുന്നു. പ്രശസ്തനായ ആൻഡലൂഷ്യൻ സംഗീതജ്ഞൻ മാനുവൽ ഡി ഫല്ലയുമായുള്ള സഹകരണം ആൻഡലൂഷ്യൻ വാമൊഴിപ്പാട്ടുകളിലേക്ക് കൂടുതൽ ആഴത്തിലിറങ്ങാൻ ലോർക്കയെ പ്രചോദിപ്പിച്ചു. അതിന്റെ പരിണാമമാണ്‌ ജിപ്സി ഗാനങ്ങളെ ആധാരമാക്കിയുള്ള കവിതകളുടെ സമാഹാരമായ Poema del cante jonto (ഗഹനഗാനത്തിന്റെ കവിതകൾ). 1921-25ലെഴുതിയ ഈ കവിതകൾ 1931ലാണ്‌ പ്രസിദ്ധപ്പെടുത്തുന്നത്. പാരമ്പര്യത്തിന്റെയും ആധുനികതയുടേയും വിപ്ലവാത്മകമായ ഈ സങ്കലനത്തിലൂടെയാണ്‌ ലോർക്കയിലെ കവി പക്വതയെത്തുന്നത്. 

1925 മുതൽ 1928 വരെയുള്ള കാലം സാൽവദോർ ദാലിയുമായിട്ടുള്ള തീക്ഷ്ണസൗഹൃദത്തിന്റേതായിരുന്നു. തന്നിലെ സ്വർഗ്ഗാനുരാഗപ്രവണത ലോർക്ക തിരിച്ചറിയുന്നത് (പൂർണ്ണമായി അംഗീകരിച്ചിരുന്നില്ലെങ്കിലും) ഈ ബന്ധത്തിലൂടെയാണ്‌. ദാലിയുടെ പ്രേരണയാലാണ്‌ കലാലോകത്തെ സറിയലിസം ഉൾപ്പെടെയുള്ള അവാങ്ങ്-ഗാർദ് ധാരകൾ അദ്ദേഹം തന്റെ കവിതയിൽ പരീക്ഷിച്ചുനോക്കുന്നത്. ‘സാൽവദോർ ദാലിക്ക് ഒരു വാഴ്ത്തുപാട്ട്’ (1925-26), ‘ഗാനങ്ങൾ’ (1924) എന്നീ കവിതകളിലൂടെയും സങ്കീർണ്ണമായ ചില ഗദ്യകവിതകളിലൂടെയും വൈയക്തികവികാരങ്ങളും ‘യാഥാർത്ഥ്യത്തിന്റെ പ്രതലങ്ങൾ’ ഇല്ലാത്തതുമായ ഒരു വസ്തു-കവിതയ്ക്കുള്ള ശ്രമങ്ങളാണ്‌ അദ്ദേഹം നടത്തിയത്. പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു സ്പാനിഷ് കവിയാണ്‌ ലൂയിസ് ദെ ഗോങ്ഗൊറ. വികാരമുക്തവും രൂപകസാന്ദ്രവുമായ അദ്ദേഹത്തിന്റെ കവിതയെ സ്പാനിഷ് സാഹിത്യത്തിൽ പുനഃപ്രതിഷ്ഠിക്കാനുള്ള സമകാലികയത്നത്തിൽ ലോർക്കയും പങ്കാളിയായി. ഗോങ്ഗൊറായുടെ മരണത്തിന്റെ മുന്നൂറാം വാർഷികം 1927ൽ ആചരിച്ചപ്പോൾ അതിൽ പങ്കെടുത്ത ലോർക്ക അടക്കമുള്ള കവികൾ പിന്നീട് “1927ലെ തലമുറ” എന്നറിയപ്പെട്ടു. 

1928ൽ ദാലിയുടെ പ്രോത്സാഹനത്തിൽ ലോർക്ക ആദ്യമായി തന്റെ വരകൾ പ്രദർശനത്തിനു വച്ചു. 1928ൽത്തന്നെയാണ്‌ Romancero gitano (ജിപ്സി കഥാഗാനങ്ങൾ) പ്രസിദ്ധീകരിക്കുന്നതും. 1921 മുതൽ 1927 വരെ എഴുതിയ ഈ കവിതാപരമ്പര ലോർക്കയെ ദേശീയശ്രദ്ധയിൽ എത്തിച്ചു. ആൻഡലൂഷ്യൻ ജിപ്സികളുടെ വൈകാരികലോകത്തെ കാവ്യാത്മകമായി ആനയിക്കുന്ന ഈ സമാഹാരം സ്പാനിഷ് വായനക്കാരെ ഹരം പിടിപ്പിച്ചു. ലോർക്ക ജിപ്സിയാണെന്നുപോലും പ്രചാരണമുണ്ടായി. ഈ പതിനെട്ടു കവിതകളിൽ കാവ്യാത്മകവും ആഖ്യാനപരവുമായ രീതികളുടെ നൂതനസങ്കലനത്തിലൂടെ “ആൻഡലൂഷ്യയുടെ കവിത” എന്ന പുതിയൊരു കാവ്യരൂപം സൃഷ്ടിക്കുന്നു അദ്ദേഹം. രൂപപരമായി മദ്ധ്യകാല സ്പാനിഷ് കഥാഗാനപാരമ്പര്യത്തെയാണ്‌ പിന്തുടരുന്നതെങ്കിലും രൂപകങ്ങളുടെ നൂതനതയിലും വസ്തുനിഷ്ഠമായ വിവരണങ്ങളിലും ഞെട്ടിപ്പിക്കും വിധം സമകാലികമായിരുന്നു ആ കവിതകൾ. സി. എം. ബൗറ പറയുന്നപോലെ “ഈ പുസ്തകത്തിന്‌ നമ്മുടെ കാലത്ത് ഒരു സവിശേഷസ്ഥാനമുണ്ട്. സാംസ്കാരസമ്പന്നനായ ഒരു കവിയുടെ കാഴ്ച്ചപ്പാട് ഏറ്റവും ലളിതമായി ജീവിക്കുന്ന സ്ത്രീപുരുഷന്മാരുടെ കാഴ്ച്ചപ്പാടിൽ നിന്ന് ഒരു വ്യത്യാസവുമില്ലാത്തതാണെന്ന് അതു നമുക്കു വെളിപ്പെടുത്തിത്തരുന്നു എന്നതു മാത്രമല്ല അതിനു കാരണം; ഒരു നവീനഭാവുകത്വത്തെ പ്രകാശിപ്പിക്കാൻ ആവിഷ്കരിച്ച നൂതനോപായങ്ങൾ നാഗരികവും പരിഷ്കൃതവുമായ വിഷയങ്ങൾക്കു മാത്രം യോജിച്ചവയാവണമെന്നില്ല എന്നുകൂടി അതു നമുക്കു കാണിച്ചുതരുന്നുണ്ട്.” ജിപ്സി ഗാനങ്ങൾ ലോർക്കയെ പ്രശസ്തനാക്കിയെങ്കിലും അതിന്‌ ഒരു മറിവശമുണ്ടായിരുന്നു. വായനക്കാരും വിമർശകരും അദ്ദേഹത്തെ ഒരു ‘ജിപ്സിക്കവി’യാക്കി ചുരുക്കിക്കാണാൻ തുടങ്ങി. ലോർക്ക തന്റെ ജീവിതകാലം മുഴുവൻ അങ്ങനെയൊരു ചാപ്പകുത്തലിനോടു പൊരുതിക്കൊണ്ടിരുന്നു. “ജിപ്സികൾ ഒരു പ്രമേയം മാത്രമാണ്‌. അതിലധികം അതിൽ ഒന്നുമില്ല. തുന്നൽ സൂചികളെക്കുറിച്ചോ ഹൈഡ്രോളിക് ലാൻഡ്സ്കേപ്പിനെക്കുറിച്ചോ എഴുതിയാലും ഞാൻ ഇതേ കവി തന്നെ ആയിരിക്കും. ഞാൻ ഏതോ സംസ്കാരശൂന്യനും അക്ഷരാഭ്യാസമില്ലാത്തവനും പ്രാകൃതനുമായ കവിയാണെന്ന ധാരണയാണ്‌ ഈ ജിപ്സി മിത്ത് ആളുകൾക്കുണ്ടാക്കുക: ഞാൻ അങ്ങനെയൊരാളല്ല.” ലോർക്ക ഒരിക്കൽ വിശദീകരിക്കുന്നുണ്ട്.  ജിപ്സിഗാനങ്ങളിലൂടെ കൈവന്ന പ്രശസ്തി ലോർക്ക ഏറ്റവുമധികം മാനിച്ചിരുന്ന സ്വകാര്യത നഷ്ടപ്പെടുത്തി. ഇതിനൊപ്പം ദാലിയുമായി തെറ്റിപ്പിരിഞ്ഞതും ഒരു പ്രണയപരാജയവും ആത്മീയമായ പ്രതിസന്ധികളും കൂടി ലോർക്കയെ കടുത്ത വിഷാദത്തിനടിമയാക്കി. ഇതിൽ നിന്നൊരു മോചനത്തിനും പുതിയൊരു കാവ്യജീവിതത്തിനായുള്ള പ്രചോദനത്തിനുമായിട്ടാണ്‌ അദ്ദേഹം 1929-30ൽ അമേരിക്കയിലും ക്യൂബയിലും സന്ദർശനത്തിനു പോയത്. 

1929 വേനല്ക്കാലത്തിന്റെ തുടക്കത്തിലാണ്‌ ലോർക്ക ന്യൂയോർക്കിലെത്തുന്നത്. അവിടെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ വിദേശികൾക്കായുള്ള ഇംഗ്ലീഷ് കോഴ്സിനു ചേർന്നു. എന്നാൽ ഇംഗ്ലീഷ് തനിക്കെന്നും ഒരു നിഗൂഢതയായിരിക്കുമെന്ന് വൈകാതെ അദ്ദേഹത്തിനു ബോദ്ധ്യമായി. ആ മടുപ്പിൽ നിന്നു രക്ഷപ്പെടാനായി ഒരു സ്നേഹിതന്റെ വെർമോണ്ടിലുള്ള വീട്ടിലേക്ക് കുറച്ചുകാലം താമസം മാറ്റി. ആ ഗ്രാമാന്തരീക്ഷത്തിന്റെ പ്രശാന്തതയിൽ വച്ചാണ്‌ അദ്ദേഹം Poeta en Nueva York (കവി ന്യൂയോർക്കിൽ) എഴുതിത്തുടങ്ങുന്നത്.  ലോർക്കയുടെ പൂർവ്വകവിതകളിൽ നിന്നുള്ള സാഹസികമായ ഒരു വഴിമാറ്റമായിരുന്നു ഈ കവിതാപരമ്പര. നിബിഡവും ഭ്രമാത്മകവുമായ ബിംബങ്ങൾ, വൃത്തമോ താളമോ ഇല്ലാത്തതും അനിയതവുമായ വരികൾ, നഗരജീർണ്ണതയിലും സാമൂഹ്യാനീതിയിലും ഊന്നുന്ന പ്രമേയങ്ങൾ ഇവയായിരുന്നു ആ കവിതകളുടെ മുഖമുദ്ര. 

ക്യൂബയിൽ വച്ചെഴുതിയ El publico (സദസ്സ്) എന്ന എക്സ്പ്രഷനിസ്റ്റ് നാടകം സ്വവർഗ്ഗാനുരാഗത്തിന്റെ മറകളില്ല്ലാത്ത ഒരന്വേഷണമായിരുന്നു. 1978ലാണ്‌ ഈ നാടകം ആദ്യമായി അരങ്ങിലെത്തുന്നത്. സ്പെയിനിൽ തിരിച്ചെത്തിയതിനു ശേഷം അദ്ദേഹം La Barraca എന്ന, വിദ്യാർത്ഥികളുടെ സഞ്ചരിക്കുന്ന നാടകട്രൂപ്പിന്റെ ഡയറക്റ്ററായി.  

1932ലാണ്‌ ലോർക്ക തന്റെ ആൻഡലൂഷ്യൻ നാടകത്രയത്തിലെ ആദ്യനാടകമായ Bodas de sangre (രക്തവിവാഹം) എഴുതുന്നത്. 1933ൽ മാഡ്രിഡിൽ അവതരിപ്പിക്കുമ്പോൾ അരങ്ങിൽ അദ്ദേഹത്തിന്റെ ആദ്യത്തെ വിജയം കൂടിയായിരുന്നു അത്. ഗ്രീക്ക്-നവോഥാന-ബറോക്ക് പാരമ്പര്യങ്ങളെ ഓർമ്മിപ്പിക്കുന്ന ഈ എക്സ്പ്രഷനിസ്റ്റ് നാടകം സ്പാനിഷ് നാടകവേദിയുടെ സുവർണ്ണയുഗത്തിന്റെ നാന്ദിയുമായി. 1933-34ൽ തന്റെ നാടകങ്ങളുടെ അവതരണത്തിനായി അർജ്ജന്റീനയിൽ ചെന്നപ്പോഴാണ്‌ അദ്ദേഹം നെരൂദയെ പരിചയപ്പെടുന്നതും അദ്ദേഹത്തിന്റെ സ്നേഹിതനാവുന്നതും.  

"1933 ഒക്ടോബറിലാണ്‌ ലോർക്ക അർജ്ജന്റീനയിൽ എത്തുന്നത്. സ്വപ്നം കാണുന്ന കണ്ണുകളുള്ള ആ മുപ്പത്തഞ്ചുകാരൻ സ്പാനിഷ് കവി ബ്യൂണോസ് ഐറിസിൽ വരുന്നത് തന്റെ “രക്തവിവാഹം” എന്ന നാടകത്തിന്റെ ലാറ്റിനമേരിക്കൻ പ്രിമിയറിനാണ്‌. ഒരു സ്വീകരണത്തിനിടെ ലോർക്കയെ പരിചയപ്പെട്ട നെരൂദ വളരെ വേഗം അദ്ദേഹത്തിന്റെ സ്നേഹിതനായി. നെരൂദ ലോർക്കയെ കാണുന്നത് താൻ പരിചയപ്പെട്ടതിൽ വച്ചേറ്റവും സന്തോഷവാനായ മനുഷ്യനായിട്ടാണ്‌, ആഹ്ലാദത്തിന്റെ നിരന്തരപ്രസരം! ലോർക്ക തന്റെ “ജിപ്സി ഗാനങ്ങളു”ടെ ഒരു കോപ്പി നെരൂദയ്ക്കു സമ്മാനിച്ചു, “സ്നേഹിക്കാനും അടുത്തറിയാനും എനിക്കു ഭാഗ്യം സിദ്ധിച്ച വളരെച്ചുരുക്കം വലിയ കവികളിൽ ഒരാളായ എന്റെ പ്രിയപ്പെട്ട പാബ്ളോവിന്‌” എന്ന സമർപ്പണത്തോടെ. നെരൂദ തന്റെ കവിതകൾ ചൊല്ലുമ്പോഴൊക്കെ ലോർക്ക കണ്ണു പൊത്തിക്കൊണ്ട് വിളിച്ചുപറയും: “നിർത്തൂ, നിർത്തൂ! അത്രയും മതി, ഇനി വായിക്കേണ്ട- നിങ്ങൾ എന്നെ സ്വാധീനിയ്ക്കും!” 

നെരൂദ ഒരിക്കൽ ലോർക്കയുടെ നാടകങ്ങളെക്കുറിച്ചു പറഞ്ഞത് ലോർക്കയുടെ അന്തസ്സത്തയുടെ തന്നെ നിർവ്വചനമായി കാണാം: “അനശ്വരമായ സ്പാനിഷ് നാടകത്തിന്‌ ലോർക്കയുടെ ദുരന്തനാടകങ്ങൾ പുതുജീവൻ നല്കിയിരിക്കുന്നു, അതിനൊരു ഗന്ധകദീപ്തി നല്കുന്നു; പരസ്പരം തളഞ്ഞുകിടക്കുന്ന പ്രണയത്തിന്റെയും മരണത്തിന്റെയും പ്രചണ്ഡനൃത്തം...”

ലോർക്കയുടെ കവിത അദ്ദേഹത്തിന്റെ വ്യക്തിത്വം പോലെതന്നെ നടുക്കുന്നതായിരുന്നു: അത്രയും നൈസർഗ്ഗികം, അത്രയും നിഗൂഢം, അത്രയും സജീവം. കവി റോബർട്ട് ബ്ലൈ ലോർക്കയുടെ മാന്ത്രികശൈലിയെ വിശേഷിപ്പിക്കുന്നത് “കുതിക്കുന്ന കവിത” എന്നാണ്‌- വികാരാവിഷ്ടമായ ബിംബങ്ങൾ പൊടുന്നനേ കുതിച്ചെത്തുകയാണതിൽ.

ലോർക്ക സ്പെയിനിലേക്കു മടങ്ങുന്നതു വരെയുള്ള ആറുമാസക്കാലം ഈ ബ്യൂണോസ് ഐറിസ് ബന്ധം തുടർന്നു. നെരൂദ ലോർക്കയെ ഓർക്കുന്നത് ചലനത്തിന്റെയും ആനന്ദത്തിന്റെയും ഒരു കുത്തൊഴുക്കായിട്ടാണ്‌, “നുരഞ്ഞുപൊന്തുന്ന ഒരു ശിശു, ബലിഷ്ഠമായ ഒരു നദിയുടെ ഇളംപ്രായത്തിലുള്ള കൈവഴി...അയാളുടെ കൈകളിൽ ഒരു വികൃതി കലാസൃഷ്ടിയായി മാറുന്നു. ഇത്രയും വശീകരണശക്തിയും സൃഷ്ടിപരതയും മറ്റൊരു മനുഷ്യജീവിയിലും ഞാൻ കണ്ടിട്ടില്ല.” (നെരൂദ- ഒരു കവിയുടെ ജീവചരിത്രം എന്ന മാർക്ക് എയ്സ്നറുടെ പുസ്തകത്തിൽ നിന്ന്)

നാടകത്തിൽ ശ്രദ്ധയൂന്നിയിരുന്ന ഇക്കാലത്തും കവിതയെഴുത്ത് മുടങ്ങിയിരുന്നില്ല. “1927ലെ തലമുറ”യിലെ മറ്റു കവികളോടൊപ്പം കവിതയുടെ “പുനർമാനവീകരണം” ലക്ഷ്യമാക്കിയുള്ള എഴുത്തായിരുന്നു ഇക്കാലത്തേത്. ഹൊസെ ഓർട്ടിഗ വൈ ഗാസെ തന്റെ 1925ലെ ലേഖനമായ “കലയുടെ അപമാനവീകരണ”ത്തിൽ മുന്നോട്ടുവച്ച കവിതയുടെ നിർവ്യക്തികതയോടുള്ള പ്രതിഷേധമായിരുന്നു ഈ കവിതയുടെ മുഖമുദ്ര. കവിതയിലെ വ്യക്തിപരതയിലേക്കുള്ള ലോർക്കയുടെ മടക്കമാണ്‌ 1931-1934ൽ എഴുതിയ Divan del Tamarit (ടമാരിറ്റ് ദിവാൻ), 1932-1934ൽ എഴുതിയ Seis poemas galegos (ആറ്‌ ഗലീഷ്യൻ കവിതകൾ), 1935ലെ Sonetos del amor oscuro (ഇരുണ്ട പ്രണയത്തിന്റെ ഗീതകങ്ങൾ) എന്നീ സമാഹാരങ്ങൾ. ഈ മൂന്നു സമാഹാരങ്ങളും ഊന്നുന്നത് പ്രണയത്തിന്റെയും മരണത്തിന്റെയും പരസ്പരാശ്രിതത്വത്തിലാണ്‌. ടമാരിറ്റ് ദിവാൻ അറബി-ആൻഡലൂഷ്യൻ സംസ്കാരത്തിൽ ലോർക്കയ്ക്കുണ്ടായിരുന്ന താല്പര്യത്തിന്റെ ആവിഷ്കാരം കൂടിയാണ്‌. ആൻഡലൂഷ്യൻ കവി എന്ന നിലയ്ക്കുള്ള തന്റെ സ്വത്വത്തിന്റെ കേന്ദ്രബിന്ദു ആയിട്ടാണ്‌ മൂറിഷ് സംസ്കാരത്തെ അദ്ദേഹം കണ്ടിരുന്നത്. 

സെവിയേയിലെ പ്രശസ്തനായ കാളപ്പോരുകാരൻ ഇഗ്നാത്തിയോ സാഞ്ചെസ് മെഹിയാസ് മാൻസെനാറെസിലെ റിങ്ങിൽ വച്ച് കാളയുടെ കുത്തേറ്റു മരിച്ചതിനു പിന്നാലെ എഴുതിയ വിലാപകവിതയാണ്‌ “ഒരു കാളപ്പോരുകാരന്റെ മരണത്തിന്റെ പേരിലുള്ള വിലാപം.” 1934 ആഗസ്റ്റ് 15നാണ്‌ സാഞ്ചെസിന്‌ കാളയുടെ കുത്തേല്ക്കുന്നത്. മാഡ്രിഡിലേക്കു മാറ്റിയെങ്കിലും രണ്ടു ദിവസം കഴിഞ്ഞ് അദ്ദേഹം മരിച്ചു. ലോർക്ക നവംബർ തുടക്കത്തോടെ കവിത എഴുതിത്തീർക്കുകയും 1935ൽ തന്റെ ‘യെർമ്മ’ എന്ന നാടകത്തിന്റെ അവതരിപ്പിക്കുമ്പോൾ ഈ കവിത വായിക്കുകയും ചെയ്തു. അതേ വർഷം തന്നെ കവിത പ്രസിദ്ധീകരിച്ചു.

ആൻഡലൂഷ്യൻ നാടകത്രയത്തിലെ “യെർമ്മ,” “ബെർണാഡ ആല്ബയുടെ ഭവനം” എന്നീ നാടകങ്ങൾ 1934-1935ൽ അരങ്ങിലെത്തി. ബാല്യകാലാനുഭവങ്ങളും പരിചിതരായ വ്യക്തികളുമായിരുന്നു ഈ രണ്ടു നാടകങ്ങളുടേയും ഉറവിടം. Dona Rosita la soltera (അവിവാഹിതയായ ഡോണ റൊസീറ്റ) ഇക്കാലത്തെഴുതി അവതരിപ്പിച്ച മറ്റൊരു നാടകമാണ്‌.

1936 ജൂലൈയിൽ സ്പാനിഷ് ആഭ്യന്തരയുദ്ധം തുടങ്ങിയതിനു പിന്നാലെ താരതമ്യേന സുരക്ഷിതമായ മാഡ്രിഡ് വിട്ട് ഗ്രനാഡയിലേക്കു പോകാൻ ലോർക്ക തീരുമാനിച്ചു; ജന്മനഗരമായ ഗ്രനാഡയിൽ തന്റെ കുടുംബവീട്ടിൽ താൻ സുരക്ഷിതനായിരിക്കുമെന്നാണ്‌ അദ്ദേഹം കരുതിയത്. ലോർക്ക എത്തിയതിനു തൊട്ടുപിന്നാലെ ഫാസിസ്റ്റ് കക്ഷിയായ ഫലാഞ്ചിസ്റ്റുകൾ ഗ്രനാഡ പിടിച്ചെടുത്തു. പ്രത്യക്ഷമായ രാഷ്ട്രീയനിലപാടുകൾ ഇല്ലാത്തയാളായിരുന്നു ലോർക്ക എങ്കിലും റിപ്പബ്ളിക്കിനോടുള്ള അനുഭാവവും അടിച്ചമർത്തൽ പ്രമേയമായി വരുന്ന നാടകങ്ങളും ചില അഭിമുഖങ്ങളിൽ പ്രകടിപ്പിച്ച കത്തോലിക്കാവിരുദ്ധമായ അഭിപ്രായങ്ങളും അദ്ദേഹത്തെ ഫാസിസ്റ്റുകളുടെ നോട്ടപ്പുള്ളിയാക്കിയിരുന്നു. ഇതിനും പുറമേ ലോർക്കയുടെ സ്വവർഗ്ഗലൈംഗികതയും അവരുടെ വെറുപ്പിനു വളമിട്ടു.

ലോർക്ക ഒളിവിൽ പോയെങ്കിലും ആഗസ്റ്റ് 16ന്‌ അദ്ദേഹം ഫലാഞ്ചിസ്റ്റുകളുടെ പിടിയിലായി. അദ്ദേഹത്തെ റസ്റ്റ് ചെയ്യുകയും വിശദീകരണമോ വിചാരണയോ കൂടാതെ തടവിലിടുകയും ചെയ്തു. ആഗസ്റ്റ് 19ന്‌ പുലർച്ചെ മൂന്നു മണിയോടെ അദ്ദേഹത്തെ അദ്ധ്യാപകനായ മറ്റൊരു തടവുകാരന്റെ കൂടെ കൈവിലങ്ങു വച്ച് വിസ്നാറിലെ ലാ കോളിന എന്ന കെട്ടിടത്തിലേക്കു കൊണ്ടുപോയി. പ്രഭാതത്തിനു തൊട്ടു മുമ്പ്  മറ്റു രണ്ടു തടവുകാരോടൊപ്പം അവരെ പുറത്തിറക്കി വെടിവച്ചു കൊന്നു. പിന്നെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാന്മാരായ എഴുത്തുകാരിൽ ഒരാളായ ഫെദറിക്കോ ഗാർസിയ ലോർക്കയുടെ മൃതദേഹം പേരിനൊരു കുഴിയെടുത്ത് മറവു ചെയ്യുകയും ചെയ്തു. ലോർക്കയുടെ അന്ത്യവിശ്രമസ്ഥാനം എവിടെയാണെന്ന് ഇന്നോളം ആർക്കുമറിയില്ല. 

അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ഗ്രനാഡയിലെ പ്ലാസ ഡെൽ കാർമ്മെനിൽ കൂട്ടിയിട്ടു കത്തിച്ചു. ഫ്രാങ്കോയുടെ സ്പെയിനിൽ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ നിരോധിക്കപ്പെടുകയും ചെയ്തു. ആ നിരോധനം പൂർണ്ണമായി നീക്കുന്നത് 1975ൽ ഫ്രാങ്കോയുടെ മരണത്തിനു ശേഷമാണ്‌. 


അഭിപ്രായങ്ങളൊന്നുമില്ല: