നൈരാശ്യവും മനോവേദനയും തുടക്കങ്ങൾ മാത്രമാണെന്നും വെറുമൊരു യന്ത്രപ്പാവയായി മാറിപ്പോകരുതെന്നുണ്ടെങ്കിൽ അവയെ അതിജീവിക്കുകയാണു കാമ്യമെന്നുമാണോ നിങ്ങൾ ഭാവിക്കുന്നത്? മുക്തിയുടെ ഒരേയൊരു മാർഗ്ഗം ആനന്ദമാണെന്നാണോ നിങ്ങൾ കരുതുന്നത്, മറ്റെല്ലാറ്റിനെയും നിങ്ങൾ പുച്ഛിച്ചുതള്ളുകയാണോ? വേദനയിൽ പിടിച്ചുതൂങ്ങുന്നതിനെ സ്വാർത്ഥത എന്നാണോ നിങ്ങൾ വിളിക്കുന്നത്, ഹൃദയോദാരമായ ചോദനകൾ ആനന്ദത്തിൽ മാത്രമേ നിങ്ങൾ കണ്ടെത്തുന്നുള്ളോ? നിങ്ങൾ ഞങ്ങൾക്ക് ഈ ആനന്ദം വച്ചുനീട്ടുന്നു: എന്നാൽ ഞങ്ങൾ എങ്ങനെയതിനെ പുറത്തു നിന്നു കൈക്കൊള്ളും? ഞങ്ങളുടെ ഉള്ളുറവകളിൽ നിന്നൂറുന്നതല്ലെങ്കിൽ പുറമേ നിന്നുള്ള തുണ കൊണ്ട് ഒരു കാര്യവുമില്ല. ആനന്ദിക്കാൻ കഴിയാത്തവർക്ക് ആനന്ദം ശുപാർശ ചെയ്യാൻ എന്തെളുപ്പമാണ്! ഉന്മാദം വേട്ടയാടുന്ന ഒരാൾ എങ്ങനെ ആനന്ദിക്കുമെന്നാണ്? ആനന്ദം പ്രചരിപ്പിക്കാൻ വ്യഗ്രത കാട്ടുന്ന ഇക്കൂട്ടർക്ക് എന്തെങ്കിലും ബോധമുണ്ടോ, ഉന്മാദം വളഞ്ഞുപിടിക്കാനെത്തുമ്പോഴത്തെ കൊടുംഭീതിയെപ്പറ്റി, എപ്പോഴാണു മനസ്സിന്റെ താളം തെറ്റുക എന്ന പീഡിപ്പിക്കുന്ന വിപൽശങ്കയുമായി ഒരായുസ്സു മുഴുവൻ കഴിക്കുന്നതിനെപ്പറ്റി, അതിലും സ്ഥായിയും സുനിശ്ചിതവുമായ മരണബോധത്തെപ്പറ്റി? ആനന്ദം നിർവൃതിയുടെ ഒരവസ്ഥയാണെന്നുവരാം, എന്നാൽ സ്വാഭാവികമായ ഒരു മാർഗ്ഗത്തിലൂടെയേ അതിലേക്കെത്താൻ കഴിയൂ. നമ്മുടെ യാതനകൾക്കെല്ലാം ഒരവസാനമുണ്ടായെന്നുവരാം, പ്രസന്നവും പ്രശാന്തവുമായ ആനന്ദാവസ്ഥ വിധി നമുക്കനുവദിച്ചുവെന്നും വരാം. ഏദന്റെ കവാടങ്ങൾ എനിക്കു മുന്നിൽ എന്നെന്നേക്കുമായി അടഞ്ഞുകിടക്കണമെന്നുണ്ടോ? ഇനിയും എനിക്കവയുടെ താക്കോൽ കിട്ടിയിട്ടില്ല.
ആനന്ദം നമുക്കപ്രാപ്യമായിരിക്കെ ശേഷിക്കുന്നത് തീവ്രവേദനയുടെ, ഉന്മത്തമൂർച്ഛയുടെ വഴി മാത്രമാണ്. യാതനയെ അതിന്റെ പൂർണ്ണതയിൽ നാം ജീവിക്കുക; നമ്മുടെ ആന്തരദുരന്തം സമ്പൂർണ്ണമായും വന്യമായും അതിന്റെ അന്ത്യം വരെയ്ക്കും നാം ജീവിക്കുക! ഒരു വികാരമൂർച്ഛ നമ്മെ പിടികൂടും; അതടങ്ങുമ്പോൾ ഒരു പുകച്ചുരുൾ മാത്രമുണ്ടാവും...നമ്മുടെ ആന്തരാഗ്നി സർവ്വതിനേയും ദഹിപ്പിച്ചിരിക്കും. നിർമ്മലവും ഉദാരവുമായ, സ്തുതിയോ ന്യായീകരണമോ വേണമെന്നില്ലാത്ത ആനന്ദം നൈരാശ്യത്തിന്റെ മുന്നിൽ അനാവശ്യമാണ്. ജൈവപരമായിത്തന്നെ നിരാശാഭരിതരായവരുടെ കാര്യത്തിൽ അതിനൊന്നും ചെയ്യാനില്ല; മറ്റുള്ളവരുടെ കാര്യത്തിലാവട്ടെ, അത്രയ്ക്കു വിലോഭനീയമാകയാൽ ഒഴികഴിവുകളും അതിനാവശ്യമില്ല. കേവലനൈരാശ്യത്തിന്റെ സങ്കീർണ്ണത കേവലാനന്ദത്തിന്റേതിനെക്കാൾ അനന്തമായ മടങ്ങു കൂടുതലാണ്. ഇക്കാരണം കൊണ്ടാണോ ഏദന്റെ കവാടങ്ങൾ ആശ നഷ്ടപ്പെട്ടവർക്കു മുന്നിൽ അടഞ്ഞുകിടക്കുന്നത്?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ