2022, ജൂലൈ 10, ഞായറാഴ്‌ച

ലോർക്ക- വേനൽപ്രഭാതം

അങ്ങകലെയുള്ള കുന്നുകൾ മിനുസമാർന്ന സർപ്പച്ചുറ്റുകളുമായി കാഴ്ചയിലേക്കു വരുന്നു. അനന്തമാം വിധം സ്ഫടികസമാനമായ സുതാര്യതകൾ മങ്ങിയ പൊലിമയോടെ സ്വയം വെളിപ്പെടുത്തുന്നു. നിഴലുകൾ രാത്രിയെ കുടുക്കുകളിൽ നിന്നിനിയും വിട്ടയച്ചിട്ടില്ല. നഗരമതിന്റെ അലസമുഖപടങ്ങൾ മാറ്റുന്നു, സൗമ്യമായൊരു സുവർണ്ണവെളിച്ചം പ്രകാശമാനമാക്കിയ താഴികക്കുടങ്ങളും പ്രാചീനഗോപുരങ്ങളും കാഴ്ചയിലേക്കു കൊണ്ടുവരുന്നു. തഴച്ച പച്ചപ്പിനിടയിൽ വീടുകൾ ഒഴിഞ്ഞ കണ്ണുകളുമായി മുഖങ്ങൾ പുറത്തു കാണിക്കുന്നു; പുല്ക്കൊടികളും പോപ്പിപ്പൂവുകളും വള്ളികളും തെന്നലിന്റെ താളത്തിൽ രസനീയമായി നൃത്തം വയ്ക്കുന്നു. നിഴലുകൾ സാവകാശം അലിഞ്ഞുപോകുന്നു; വായുവിലാകട്ടെ, കിളികളുടെ ഒക്കാരിനകളും പുല്ലാങ്കുഴലുകളും. അകലെ പോപ്ലാർ തോട്ടങ്ങളിൽ മൂടല്മഞ്ഞും സൂര്യകാന്തികളും കൂടിക്കലരുന്നു; ഇടയ്ക്കിടെ, പുലരിയുടെ പുതുമയിൽ താരസ്വരത്തിൽ ഒരാടിന്റെ കരച്ചിൽ. ദാരോ താഴ്വരയിലൂടെ നാട്ടുമ്പുറത്തു നിന്നുവരുന്ന പ്രാവുകൾ പറന്നുപോകുന്നു, നീലയും കടുംപച്ചയും കൊണ്ടഭിഷിക്തരായി, പോപ്ലാറുകൾക്കു ചുവട്ടിലാണോ കുല കുത്തിയ മഞ്ഞപ്പൂക്കൾക്കടിയിലാണോ ചെന്നിരിക്കാൻ പോകുന്നതെന്നതിനനുസൃതമായി വെളുത്തോ ഇരുണ്ടോ ആയിക്കൊണ്ട്. ഗൗരവപ്രകൃതികളായ മണിമേടകൾ ഇനിയും ഉറക്കം വെടിഞ്ഞിട്ടില്ല, അൽബാസിനിൽ ഒരു സൈപ്രസ് മരത്തിൽ ഇടയ്ക്കിടെ വിറ കൊള്ളുന്ന ഒരു കുഞ്ഞുമണിയല്ലാതെ. ഓടപ്പുല്ലുകളും ഈറലുകളും വാസനിക്കുന്ന പുല്ക്കൊടികളും പുഴയിലേക്കു ചാഞ്ഞുകിടക്കുന്നു, വെയിലതിൽ പ്രതിഫലിക്കുമ്പോഴതിനെ ചുംബിക്കാനെന്നപോലെ... സൂര്യൻ മുഖം കാണിക്കുകയായി, ഒട്ടും പ്രസാദമില്ലാതെ...നിഴലുകൾ നീങ്ങുകയും മായുകയും ചെയ്യുന്ന ആ മുഹൂർത്തത്തിൽ നഗരമെങ്ങും ഒരു നീലലോഹിതവർണ്ണം പുരളുന്നു, മലനിരകൾ കട്ടിപ്പൊന്നാകുന്നു, മരങ്ങൾ ഒരിറ്റാലിയൻ സ്വർഗ്ഗാരോഹണചിത്രത്തിന്റെ ഉജ്ജ്വലത കൈവരിക്കുകയും ചെയ്യുന്നു. സന്ദിഗ്ധമായ നീലിമയുടെ മാർദ്ദവവും വിളർച്ചയുമെല്ലാം ഉജ്ജ്വലദീപ്തിയായി മാറുന്നു; അൽഹംബ്രയിലെ പൗരാണികഗോപുരങ്ങൾ സിന്ദൂരവെളിച്ചത്തിൽ ദീപ്തമാവുന്നു...ആൻഡലൂഷ്യയിലെ സൂര്യൻ തന്റെ അഗ്നിഗാനം പാടാൻ തുടങ്ങുന്നു; സർവ്വവസ്തുക്കളും ഭീതിയോടെ ശ്രവിക്കുന്നതാണത്. വെളിച്ചം അത്രയും അത്ഭുതാവഹവും അതുല്യവുമാവുമ്പോൾ കടന്നുപോകുന്ന പറവകൾ അപൂർവ്വലോഹങ്ങളാവുന്നു, ഉറച്ച മഴവില്ലുകളും ശോണരത്നങ്ങളുമാവുന്നു... നഗരത്തിനു മേൽ നിന്ന് സുഗന്ധധൂമം പോലെ മൂടല്മഞ്ഞു നീങ്ങാൻ തുടങ്ങുന്നു...സൂര്യൻ തിളങ്ങിത്തുടങ്ങുന്നു, നിർമ്മലവും ഉന്മിഷത്തുമായിരുന്ന ആകാശം ഒളി കെട്ട വെണ്മയിലേക്കു മാറുന്നു. വെള്ളം തേവുന്ന ചക്രം ഉറക്കം തൂങ്ങിക്കൊണ്ട് അതിന്റെ പ്രണയഗാനം ആലപിച്ചുതുടങ്ങുന്നു...പ്രഭാതദീപ്തി ഓർമ്മ വന്ന ഒരു കാക്ക കരയുന്നു, വേഗയിലെ ഉന്മാദികളായ ചീവീടുകൾ സംഗീതം കൊണ്ടു സ്വയമുന്മത്തരാകാൻ വേണ്ടി തങ്ങളുടെ വയലിനുകൾ ഈണപ്പെടുത്തുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: