2022, ജൂലൈ 11, തിങ്കളാഴ്‌ച

പെസൊവ- അശാന്തിയുടെ പുസ്തകം

 നമ്മൾ എത്ര ജീവിക്കുന്നുവോ, അത്രയും നമുക്ക് അന്യോന്യവിരുദ്ധമായ രണ്ടു സത്യങ്ങളുടെ യാഥാർത്ഥ്യം ബോദ്ധ്യമാവുകയാണ്‌. ജീവിതം എന്ന യാഥാർത്ഥ്യത്തിനരികിൽ സാഹിത്യത്തിന്റെയും കലയുടേയും എല്ലാ കല്പിതകഥകളും നിറം കെട്ടുപോകുന്നു എന്നതാണ്‌ ഒന്നാമത്തേത്. ജീവിതത്തിൽ നിന്നു നമുക്കു കിട്ടുന്നതിനെക്കാൾ അഭിജാതമായ ഒരാനന്ദം അവ നമുക്കു തരുന്നു എന്നതു വാസ്തവം തന്നെ; എന്നാൽ അവ സ്വപ്നങ്ങൾ പോലെയാണ്‌; ജീവിതത്തിൽ അനുഭവമാകാത്ത വികാരങ്ങൾ നല്കുന്നുണ്ടെങ്കിലും ജീവിതത്തിൽ ഒരിക്കലും കണ്ടുമുട്ടാത്ത രൂപങ്ങളെ പരസ്പരം ചേർത്തുവയ്ക്കുന്നുണ്ടെങ്കിലും നാം ഉണരുമ്പോൾ അലിഞ്ഞില്ലാതാകുന്ന സ്വപ്നങ്ങൾ; പിന്നീടൊരു രണ്ടാം ജന്മം ജീവിക്കാൻ വേണ്ട ഓർമ്മകളോ നഷ്ടബോധമോ അവ നമുക്കു ബാക്കിവയ്ക്കുന്നില്ല.

രണ്ടാമത്തെ സത്യം ഇതാണ്‌: ഏതു കുലീനാത്മാവും ജീവിതം അതിന്റെ സാകല്യത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നതിനാലും- എല്ലാ സംഗതികളും എല്ലാ സ്ഥലങ്ങളും എല്ലാ വികാരങ്ങളും അനുഭവിച്ചുകൊണ്ട്- വസ്തുനിഷ്ഠമായി അസാദ്ധ്യമാണതെന്നതിനാലും ഒരു കുലീനാത്മാവിന്‌ ജീവിക്കാൻ കഴിയുന്നതിനുള്ള ഒരേയൊരു വഴി ആത്മനിഷ്ഠമായി ജിവിക്കുക എന്നതാണ്‌; ജീവിതം അതിന്റെ സാകല്യത്തിൽ ജീവിക്കണമെങ്കിൽ അതിനെ നിഷേധിക്കുകയും വേണം.

ഈ രണ്ടു സത്യങ്ങളും അന്യോന്യനിഷേധകങ്ങളുമാണ്‌. ബുദ്ധിമാനായ മനുഷ്യൻ അവയെത്തമ്മിൽ അനുരഞ്ജിപ്പിക്കാൻ നോക്കുകയില്ല, ഏതെങ്കിലും ഒന്നിനെ തള്ളിക്കളയുകയുമില്ല. അതേ സമയം ഏതെങ്കിലുമൊന്നിനെ പിന്തുടരുകയും വേണമയാൾ; താൻ തിരഞ്ഞെടുക്കാതെ പോയതിന്റെ പേരിലുള്ള ഖേദം ഇടയ്ക്കൊക്കെ അയാളനുഭവിക്കുകയും വേണം; അതുമല്ലെങ്കിൽ രണ്ടും അയാൾക്കു തള്ളിക്കളയാം, അങ്ങനെ വ്യക്തിപരമായ ഒരു നിർവ്വാണത്തിൽ തന്നെത്തന്നെ അയാൾക്കതിശയിക്കുകയും ചെയ്യാം.

ജീവിതം സ്വമേധയാ തനിക്കു നല്കുന്നതിൽക്കൂടുതലായി യാതൊന്നും ആവശ്യപ്പെടാത്ത മനുഷ്യൻ സന്തുഷ്ടൻ; സൂര്യനുള്ളപ്പോൾ വെയിലു തേടിപ്പോവുകയും അതില്ലാത്തപ്പോൾ എവിടെ ചൂടു കിട്ടുമോ, അതു തേടിപ്പോവുകയും ചെയ്യുന്ന പൂച്ചകളുടെ അന്തശ്ചോദനയാണ്‌ അയാളെ നയിക്കുന്നത്. ഭാവനയ്ക്കു വേണ്ടി സ്വന്തം വ്യക്തിസത്ത പരിത്യജിക്കുകയും അന്യരുടെ ജീവിതങ്ങളെക്കുറിച്ചു പര്യാലോചന ചെയ്യുകയും ചെയ്യുന്നതിൽ, അനുഭവങ്ങളെ പൂർണ്ണമായനുഭവിക്കാതെ അവയുടെ ബാഹ്യതലത്തിൽ മാത്രം അനുഭവിക്കുന്നതിൽ ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന മനുഷ്യൻ സന്തുഷ്ടൻ. ഒടുവിൽ, സർവ്വതും പരിത്യജിക്കുന്ന മനുഷ്യൻ സന്തുഷ്ടൻ; അയാളിൽ നിന്നൊന്നുമെടുക്കാനില്ല, അയാളെ ചുരുക്കുന്നതൊന്നും.

സാമാന്യൻ, നോവൽ വായനക്കാരൻ, ശുദ്ധവൈരാഗി- ഈ മൂന്നു പേരുമാണ്‌ ജിവിതത്തിൽ സന്തുഷ്ടർ; എന്തെന്നാൽ, ഈ മൂന്നുതരം മനുഷ്യരും തങ്ങളുടെ വ്യക്തിസത്തകൾ പരിത്യജിക്കുന്നവരാണ്‌: നിർവ്യക്തികമായ അന്തശ്ചോദനയാൽ ജീവിക്കുന്നതിനാൽ ഒരാൾ; വിസ്മൃതി തന്നെയായ ഭാവനയാൽ ജീവിക്കുന്നതിനാൽ മറ്റേയാൾ; ജീവിക്കുകയല്ല, ഉറങ്ങുക മാത്രം ചെയ്യുന്നു (ഇനിയും താൻ മരിച്ചിട്ടില്ലാത്ത കാരണം) എന്നതിനാൽ മൂന്നാമൻ.

യാതൊന്നുമെന്നെ തൃപ്തിപ്പെടുത്തുന്നില്ല, യാതൊന്നുമെന്നെ ആശ്വസിപ്പിക്കുന്നില്ല; ഉണ്ടായിരുന്നതും ഉണ്ടാകാതിരുന്നതും ഒരേപോലെന്നെ മടുപ്പിക്കുന്നു. എനിക്കെന്റെ ആത്മാവിനെ വേണമെന്നില്ല, അതിനെ പരിത്യജിക്കണമെന്നും എനിക്കില്ല. എനിക്കു വേണമെന്നു തോന്നാത്തതെനിക്കു വേണം, എനിക്കില്ലാത്തതു ഞാൻ പരിത്യജിക്കുകയും ചെയ്യുന്നു. എനിക്കൊന്നുമല്ലാതാവാൻ കഴിയില്ല, എനിക്കെല്ലാമാകാനും കഴിയില്ല: എനിക്കില്ലാത്തതിനും എനിക്കു വേണ്ടാത്തതിനുമിടയിലെ പാലമാണു ഞാൻ.

(

അഭിപ്രായങ്ങളൊന്നുമില്ല: