മാഡ്രിഡ് യൂണിവേഴ്സിറ്റിയിൽ വച്ചു നടന്ന ഒരു കവിതവായനയിൽ നെരൂദയെ സദസ്സിനു പരിചയപ്പെടുത്തിക്കൊണ്ട് ലോർക്ക ചെയ്ത പ്രസംഗത്തിൽ നിന്ന്:
“നിങ്ങൾ ഇനി കേൾക്കാൻ പോകുന്നത് ഒരസ്സൽക്കവിയെയാണ്. നമ്മുടേതല്ലാത്തതും ചുരുക്കം ചിലർക്കു മാത്രം കണ്ണില്പെടുന്നതുമായ ഒരു ലോകത്തിന്റെ ഉലയിൽ സ്വയം കാച്ചിയെടുത്ത ഒരാൾ. തത്വചിന്തയെക്കാൾ മരണത്തോടും ബുദ്ധിയെക്കാൾ വേദനയോടും മഷിയെക്കാൾ ചോരയോടും അടുപ്പം വയ്ക്കുന്ന ഒരു കവി. ഭാഗ്യവശാൽ തനിക്കുതന്നെ പൊരുൾ തിരിയാത്ത നിഗൂഢവചനങ്ങൾ കൊണ്ട് ഉള്ളു നിറഞ്ഞ ഒരു കവി. പ്രതിമയുടെ കല്ലിച്ച കവിളിനെക്കാൾ സ്ഥായിയാണ് ഈറത്തണ്ടും കുരുവിയുമെന്നു വിശ്വസിക്കുന്ന പച്ചമനുഷ്യൻ.
നിർവ്യാജമായ ഭീതിയോടെ ഈയാൾ ലോകത്തിനെതിരു നില്ക്കുന്നു. എത്രയോ കള്ളക്കവികൾക്കു ജീവിതോപായമായ രണ്ടു സംഗതികൾ ഈയാളിൽ കാണാനില്ല- വെറുപ്പും ഐറണിയും. മറ്റൊരാൾക്കെതിരെ കുറ്റം ചുമത്തി വാളോങ്ങുമ്പോൾത്തന്നെ മുറിപ്പെട്ടൊരു മാടപ്രാവിനെ തന്റെ വിരലുകൾക്കിടയിൽ അയാൾ കണ്ടെത്തുകയും ചെയ്യുന്നു.
പാരമ്പര്യത്തിൽ നിന്നു പിണങ്ങിയിറങ്ങുന്നതിൽ ഈ കവിതയ്ക്കു മാനക്കേടു തോന്നുന്നില്ല; അവമതിയെ അതിനു ഭയമില്ല, തെരുവിനു നടുവിൽ നിന്ന് പെട്ടെന്നു തേങ്ങിക്കരയാനും അതിനു മടിയില്ല.
ഈ വലിയ കവിയെ സശ്രദ്ധം ശ്രവിക്കണമെന്ന് ഞാൻ നിങ്ങളെ ഉപദേശിക്കുന്നു; നിങ്ങളുടേതായ രിതിയിൽ അയാൾ നിങ്ങളുടെ ഹൃദയത്തെ സ്പർശിക്കുകയും ചെയ്യട്ടെ. കവിതയ്ക്കും, മറ്റേതു കളിയിലുമെന്നപോലെ, ദീർഘശിക്ഷണം ആവശ്യമുണ്ട്; അതേസമയം യഥാർത്ഥകവിതയിൽ ഒരു പരിമളമുണ്ട്, ഒരു സ്വരഭേദമുണ്ട്, ഏതു ജീവിക്കും ഗ്രഹിതമായ ഒരു ദീപ്തച്ഛായയുണ്ട്. നമ്മുടെയെല്ലാം ഉള്ളിലുള്ള ഒരു തരി ഉന്മാദത്തെ വളർത്താൻ അതു നിങ്ങളെ സഹായിക്കുമെന്ന് പ്രത്യാശിക്കാം...“
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ